18 വര്‍ഷം നീണ്ട നിയമപോരാട്ടം കഴിഞ്ഞ് 73 കാരിയായ ഭാര്യയുമായുള്ള തന്റെ 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ 70 കാരനായ കര്‍ഷകന്‍ ജീവനാംശം നല്‍കിയത് 3.1 കോടി. തുക നല്‍കാനായി തന്റെ ഭൂമി തന്നെ വിറ്റു. കര്‍ഷകനായ സുബാഷ് ചന്ദ് വിവാഹമോചനത്തിന്റെ ഭാഗമായി കൃഷിഭൂമിയും വിളകളും വില്‍ക്കുകയും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തു.
18 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് നാലര ദശകത്തോളം എത്തിയ ദമ്പത്യജീവിതം അവസാനിപ്പിച്ച് ഇവര്‍ വേര്‍പിരിഞ്ഞത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്റര്‍ മധ്യസ്ഥത വഹിച്ച കരാര്‍ അനുസരിച്ച് അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയ്‌ക്കോ കുട്ടികള്‍ക്കോ ഭാവിയില്‍ സുബാഷിന്റെ സ്വത്തില്‍ യാതൊരു അവകാശവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നു.
1980 ഓഗസ്റ്റ് 27-ന് വിവാഹിതരായ ദമ്പതികള്‍ക്ക് നാല് കുട്ടികളുണ്ടായി, അവരില്‍ ഒരാള്‍ മരിച്ചു. 2006 ആയപ്പോഴേക്കും അവരുടെ ബന്ധം വഷളായി, തുടര്‍ന്ന് വേര്‍പിരിഞ്ഞായിരുന്നു ഇവരുടെ ജീവിതം. മാനസിക പീഡനം ചൂണ്ടിക്കാട്ടി 2006ല്‍ ചന്ദ് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. അദ്ദേഹത്തിന്റെ പ്രാരംഭ ഹര്‍ജി 2013-ല്‍ കര്‍ണാല്‍ കുടുംബ കോടതി തള്ളിക്കളഞ്ഞു.
എന്നാല്‍ പിന്‍മാറാന്‍ തയ്യാറാകാതെ അദ്ദേഹം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. കേസ് 11 വര്‍ഷത്തോളം നീണ്ടു , 2024 നവംബര്‍ 4-ന് മധ്യസ്ഥതയ്ക്കായി റഫര്‍ ചെയ്തു. ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി 2.16 കോടി രൂപയും വിളവില്‍പ്പനയില്‍ നിന്ന് 50 ലക്ഷം രൂപയും സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ എന്നിവയില്‍ 40 ലക്ഷം രൂപയും ഒത്തുതീര്‍പ്പില്‍ ഉള്‍പ്പെടുന്നുവെന്ന് ചന്ദിനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ രജീന്ദര്‍ ഗോയല്‍ വിശദീകരിച്ചു. കരാര്‍ പ്രകാരം ഭാര്യയും മക്കളും ചന്ദിന്റെ മറ്റ് സ്വത്തുക്കളുടെ എല്ലാ അവകാശങ്ങളും ഉപേക്ഷിച്ചു. പരസ്പരമുള്ള തീരുമാനം അംഗീകരിച്ച കോടതി കഴിഞ്ഞയാഴ്ച വിവാഹമോചനത്തിന് അന്തിമരൂപം നല്‍കി.