മരണപെട്ടുപോയ തന്റെ അമ്മക്ക് അഞ്ച് വർഷങ്ങൾക്ക് ശേഷം നീതി നേടിക്കൊടുത്ത് ഗ്വാളിയാറിൽ നിന്നുള്ള ഏഴ് വയസുകാരൻ. തന്റെ അമ്മയെ കൊലപെടുത്തിയത് അച്ഛനും മുത്തശ്ശിയും ചേർന്നാണെന്ന മകന്റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്.
അമ്മ അനുരാധയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ പിതാവ്, വിരമിച്ച സൈനികനായ രാകേഷ് സിക്കാർവാർ (42), മുത്തശ്ശി മാൽതി സികർവാർ (70) എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2020 ജൂലൈ 11 ന് ഭാര്യ അനുരാധയെ വീടിന്റെ മേൽക്കൂരയിൽ നിന്ന് തള്ളിയിട്ടതിന് സിക്കാർവാറും അമ്മ മാൾതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗ്വാളിയോർ ജില്ലാ കോടതി ഇരുവർക്കും 1,000 രൂപ വീതം പിഴയും ചുമത്തി.
അനുരാധയുടെ 7 വയസ്സുള്ള മകൻ സൂര്യൻഷാണ് കേസിലെ പ്രധാന സാക്ഷി. “പപ്പയും മുത്തശ്ശിയും മമ്മിയെ മേൽക്കൂരയിലേക്ക് കൊണ്ടുപോയി താഴേക്ക് തള്ളിയിട്ടു. താഴെ വീണപ്പോൾ മമ്മി നിലവിളിക്കുകയായിരുന്നു” കുട്ടി കോടതിയിൽ വ്യക്തമാക്കി.
എന്നാൽ ഭാര്യ തനിയെ മേൽക്കൂരയിൽ നിന്ന് ചാടിയതാണെന്ന് പറഞ്ഞ് രാകേഷ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. പരിക്കേറ്റ ഭാര്യയെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും, അവിടെ വെച്ചാണ് അവൾ മരണപ്പെട്ടതെന്നും അയാൾ മൊഴി നൽകി. എന്നാൽ വീഴുന്നതിന് മുമ്പ് ആക്രമിക്കപ്പെട്ടതായി കാണിക്കുന്ന മുറിവുകൾ യുവതിയുടെ ശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തിയിരുന്നു.
മെഡിക്കൽ റിപ്പോർട്ടും സൂര്യൻഷിന്റെ സത്യസന്ധവും വ്യക്തവുമായ മൊഴി കുറ്റം തെളിയിക്കുന്നതാണെന്ന് ജഡ്ജി വിശാൽ അഖണ്ഡ് വിധിന്യായത്തിൽ പറഞ്ഞു. കുറ്റം ഗൗരവമുള്ളതാണെന്നും കുറ്റവാളികൾ ഒരു ദയയും അർഹിക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞു. അച്ഛൻ അമ്മയെ ബെൽറ്റുകൊണ്ട് മർദിക്കാറുണ്ടെന്നും മർദിക്കുമ്പോൾ തന്നെ മുറിയിൽ നിന്ന് പുറത്താക്കുമെന്നും സൂര്യൻഷും കോടതിയിൽ പറഞ്ഞതായി പബ്ലിക് പ്രോസിക്യൂട്ടർ ജഗദീഷ് ഷാക്യാവർ പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരിൽ അനുരാധയെ രാകേഷ് നേരത്തെ പീഡിപ്പിച്ചിരുന്നു. സമുദായാംഗങ്ങൾ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചിട്ടും അയാൾ അക്രമങ്ങള്‍ തുടർന്നു. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷമാണ് ഇയാള്‍ നാട്ടിലെത്തിയത്. 2020 ജൂലൈ 17 നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സൂര്യൻഷിന്റെ മൊഴി സ്വീകരിക്കുന്നതിന് മുമ്പ്, സത്യം പറയുന്നതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുമോയെന്ന് കോടതി പരിശോധിച്ചിരുന്നു. ആളുകൾ സത്യം പറയണോ കള്ളം പറയണോ എന്ന് ജഡ്ജി ചോദിച്ചപ്പോൾ, “നമ്മൾ സത്യം പറയണം” എന്നായിരുന്നു സൂര്യൻഷിന്റെ മറുപടി. ചിലപ്പോൾ കള്ളം പറയുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ സൂര്യൻഷ് പറഞ്ഞത് “നുണ പറയുന്നത് തെറ്റാണ്’ എന്നാണ്.
ഏതായാലും സൂര്യൻഷിന്റെ ധൈര്യവും ആത്മാർത്ഥതയും അഞ്ച് വർഷത്തിന് ശേഷം അമ്മയ്ക്ക് നീതി ലഭ്യമാക്കാൻ സഹായിച്ചു.