സൗന്ദര്യമത്സരത്തില്‍ മകള്‍ക്ക് നാലാം സ്ഥാനം നല്‍കിയതില്‍ വിധികര്‍ത്താക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തിയാളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. ജൂലൈ 28 ന് ബ്രസീലിലെ അല്‍താമിറയില്‍ നടന്ന ഒരു പ്രാദേശിക സൗന്ദര്യമത്സരത്തിലായിരുന്നു സംഭവം. അല്‍താമിറയുടെ നഗരസുന്ദരിയെ കണ്ടെത്താന്‍ നടന്ന മത്സരം അവസാനിച്ച് ഏകദേശം രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു വിചിത്രസംഭവങ്ങള്‍.
വിധിനിര്‍ണ്ണയം പൂര്‍ത്തിയായതോടെ പങ്കെടുത്തവരില്‍ ഒരാളുടെ പിതാവായ സെബാസ്റ്റ്യാവോ ഫ്രാന്‍സിസ്‌കോ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രാദേശിക കര്‍ഷകന്‍, തന്റെ മകള്‍ നാലാം സ്ഥാനത്തെത്തിയതില്‍ അതൃപ്തി പ്രകടിപ്പിക്കാന്‍ തുടങ്ങി. വിധികര്‍ത്താക്കളുടെ തീരുമാനത്തെയും മൂല്യനിര്‍ണ്ണയ മാനദണ്ഡത്തെയും ചോദ്യം ചെയ്തു. സൗന്ദര്യമത്സരം നടന്ന വേദിയില്‍ സെക്യൂരിറ്റിയും മിലിട്ടറി പോലീസും ഉണ്ടായിരുന്നു,
ദേഷ്യപ്പെട്ട പിതാവ് ഒരു ഘട്ടത്തില്‍ തോക്ക് എടുത്ത് ഒരു ജഡ്ജിക്ക് നേരെ വെടിവയ്ക്കാന്‍ ശ്രമിച്ചതോടെ പോലീസും തിരിച്ചു വെടിവെയ്ക്കുകയായിരുന്നു. ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച്, തന്റെ മകള്‍ സൗന്ദര്യമത്സരത്തില്‍ നാലാം സ്ഥാനത്തായത് സെബാസ്റ്റ്യാവോ ഫ്രാന്‍സിസ്‌കോ അപമാനമായി കണക്കാക്കി. ജഡ്ജിമാരുടെ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. വെടിയേറ്റ അക്രമിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി മുറിവേറ്റിരുന്നതിനാല്‍ മരണമടഞ്ഞു.
ദാരുണമായ സംഭവം നടന്ന ഹാളില്‍ തിങ്ങിനിറഞ്ഞ് ആളുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അവിടെയുണ്ടായിരുന്നവരെ സംരക്ഷിക്കാന്‍ കോപാകുലനായ പിതാവിന് നേരെ വെടിയുതിര്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. സെബാസ്റ്റ്യാവോയുടെ വെടിയേറ്റ് പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.