ഇന്ത്യയിൽ 68 കുട്ടികളിൽ ഒരാൾക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്ഡി) ബാധിക്കുന്നതായി പുതിയ പഠനം. 2 നും 9 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഏകദേശം 1-1.5% പേർക്കും ASD രോഗനിർണയം നടത്തിയതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
COVID-19 പാൻഡെമിക്കിന് ശേഷം അതിവേഗം വർദ്ധിക്കുന്ന ‘സ്യൂഡോ-ഓട്ടിസം’ എന്ന രോഗാവസ്ഥ മാതാപിതാക്കൾക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഓട്ടിസം ബാധിച്ച കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും വിദഗ്ധരും റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കപട-ഓട്ടിസം അല്ലെങ്കിൽ ഓട്ടിസം പോലുള്ള പെരുമാറ്റങ്ങളാണ്, ഇപ്പോൾ നഗരത്തിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി കൊണ്ടുവരുന്ന കേസുകളിൽ 30 ശതമാനവും.
കപട-ഓട്ടിസം അഥവാ ‘സ്യൂഡോ-ഓട്ടിസം’ ഒരു അംഗീകൃത ക്ലിനിക്കൽ ഡയഗ്നോസിസ് അല്ലെങ്കിലും, ഈ ഓട്ടിസം പോലെയുള്ള പെരുമാറ്റങ്ങൾക്ക് ശ്രദ്ധ ആവശ്യമാണെന്ന് ഡോക്ടർമാർ ഊന്നിപ്പറയുന്നു. കാരണം ഇത്തരം പെരുമാറ്റങ്ങൾ കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ക്ഷേമത്തെ അതി കഠിനമായി ബാധിച്ചേക്കും.
പ്രധാനമായും 2 മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ, എഎസ്ഡിയിൽ കാണുന്നതു പോലെയുള്ള പെരുമാറ്റങ്ങൾ പ്രത്യക്ഷപ്പെടുന്നതിനെയാണ് ‘സ്യൂഡോ-ഓട്ടിസം’ എന്ന് പറയുന്നത്. മാതാപിതാക്കളുമായും പരിചരിക്കുന്നവരുമായുമുള്ള ആശയവിനിമയത്തിൽ വരുന്ന കുറവില്‍നിന്നാണ് ഈ സ്വഭാവങ്ങൾ പ്രധാനമായും ഉണ്ടാകുന്നത്.
ഹെൽത്ത് ആൻഡ് കെയർ ഫൗണ്ടേഷനിലെ സൈക്യാട്രിക് ഒക്യുപേഷണൽ തെറാപ്പിസ്റ്റായ ഡോ എസ് ആർ ആപ്‌തെ മിററിനോട് പറഞ്ഞതിങ്ങനെ, “ഞങ്ങൾ ദിവസവും ചികിത്സിക്കുന്ന എല്ലാ ഓട്ടിസം കേസുകളിലും ഏകദേശം 30% കപട-ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. കുട്ടികൾ മൊബൈൽ ഫോണുകളിലേക്കും മറ്റ് ഗാഡ്‌ജെറ്റുകളിലേക്കും അമിതമായി സമ്പർക്കം പുലർത്തുന്നത് മൂലമാണ് ഇവയുടെ എണ്ണം കൊവിഡിന് ശേഷം കുതിച്ചുയർന്നത്”.
“പ്രോത്സാഹനത്തിന്റേയും ഇടപെടലിന്റേയും അഭാവത്തിൽ നിന്ന് പലപ്പോഴും ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്,” ആപ്തെ വ്യക്തമാക്കി. “സ്‌മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും പോലുള്ള വൺ-വേ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കുന്ന കുട്ടികൾക്ക് ഇത്തരത്തിലുള്ള അസാധാരണമായ പെരുമാറ്റം ഉടലെടുക്കുന്നു.
അമിതമായ മൊബൈൽ ഉപയോഗം കാരണം എല്ലാ കമ്മ്യൂണിറ്റികളിലും സാമ്പത്തിക പശ്ചാത്തലങ്ങളിലും ഈ പ്രശ്നം വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. പ്രതീക്ഷ നൽകുന്ന കാര്യമെന്തെന്നാൽ ശരിയായ ചികിത്സയിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ഇത് ഭേദമാക്കാവുന്നതാണ് എന്നതാണ്.
കൺസൾട്ടന്റ് പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ സിദ്ധാർത്ഥ് ഷാ പറയുന്നത്, “2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോണുകളിലേക്കും ഗാഡ്‌ജെറ്റുകളിലേക്കും ഒരു എക്സ്പോഷർ ഉണ്ടാകരുത്” എന്നാണ്.
“2-10 വയസ്സിന് ശേഷം, സ്ക്രീൻ സമയം 1 മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതുണ്ട്. കുട്ടികളിൽ നിങ്ങൾ ഇത്തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഒരു പെരുമാറ്റ വിദഗ്ദ്ധനെ ഉടനെ സമീപിക്കുക” അദ്ദേഹം വ്യക്തമാക്കി.
ഈ കുട്ടികൾക്ക്, സമപ്രായക്കാരുമായുള്ള സാമൂഹിക ഇടപഴകൽ, ശാരീരിക ഗെയിമുകൾ, പെയിന്റിംഗ് പോലുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ, സ്കൂളില്‍ കൂട്ടുകാരുമായുള്ള ഇടപഴകല്‍ എന്നിവ അത്യന്താപേക്ഷിതമാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ഘട്ടങ്ങൾ കൃത്യമായി പാലിച്ചാൽ മിക്ക കുട്ടികളും ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ സുഖം പ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.