ജലന്ധര്‍: ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കൂട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം. പഞ്ചാബിലെ ജലന്ധറില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ വീടിന് തീപിടിച്ചതായും പോലീസ് വ്യക്തമാക്കി. 65 കാരന്‍ യശ്പാല്‍് ഗായി, 40 വയസ്സുള്ള രുചി ഗായ്, 14 വയസ്സുള്ള മാന്‍ഷാ, 12 കാരി ദിയാ, 10 വയസ്സുള്ള അക്ഷയ് എന്നിവരാണ് തീപിടിച്ച് മരണത്തിന് കീഴടങ്ങിയത്.
കുടുംബത്തിലെ ഒരാള്‍ രക്ഷപ്പെട്ടപ്പോള്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കാനും ഇടയായി. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം അറിയുന്നതിനായി ഫോറന്‍സിക് വിദഗ്ദ്ധരും മറ്റും സ്ഥലത്ത് നിന്നുള്ള സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഞായറാഴ്ച അവതാര്‍നഗറിലെ വീട്ടില്‍ സ്‌ഫോനം നടന്നതിന് പിന്നാലെ ഉടനടി രക്ഷാപ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളായ അഞ്ചു പേരെയും തൊട്ടടുത്തുള്ള സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എല്ലാരും ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. സ്‌ഫോടനത്തില്‍ വീട് ഒരു തീഗോളമായി മാറി.
65 കാരനായ യശ്പാല്‍ ഗായിയുടെ വീട്ടില്‍ നിന്നും തീയുംപുകയും ഉയരുന്നത് കണ്ട് തങ്ങള്‍ സഹായത്തിനായി ഓടിച്ചെന്നെന്ന് അയല്‍ക്കാരന്‍ പറയുന്നു. ഗായിയും ഭാര്യയും ആണ്‍മക്കളുടെ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടിലുള്ളവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. ഗായിയുടെ ഭാര്യ ബല്‍ബീര്‍ കൗറാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തീ പടരുമ്പോള്‍ മുറ്റത്തായിരുന്നു ഇവര്‍.
ഇവരുടെ നിലവിളി കേട്ടാണ് ആള്‍ക്കാര്‍ ഓടിക്കൂടിയത്. ഇവര്‍ ഉടന്‍ അഗ്നിശമന വിഭാഗത്തെ വിളിച്ചു വരുത്തുകയും അയല്‍ക്കാര്‍ വീട്ടിലെ ഗ്യാസ് കുറ്റി എടുത്തുമാറ്റുകയും ചെയ്തു. ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ യശ്പാലിന്റെ മരുമകള്‍ രുചിയും കൊച്ചുമകള്‍ ദിയയും മരിച്ചിരുന്നു. യശ്പാലും മകന്‍ ഇന്ദ്രപാലും അക്ഷയ്, മന്‍ഷാ എന്ന കുട്ടികളേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇന്ദ്രപാലിന്റെ നില ഗുരുതരമാണ്. വാതകചോര്‍ച്ചയാണ് കംപ്രസര്‍ പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.