ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു യുവാവിനെ അയാളുടെ സുഹൃത്ത് നെഞ്ചിൽ മൂന്ന് തവണ വെടിവെച്ച് കൊല്ലുകയും, മറ്റൊരു കൂട്ടാളി ഈ ക്രൂരകൃത്യം കാമറയിൽ പകർത്തുകയും ചെയ്തു. അതും 11 സെക്കൻഡിനുള്ളിൽ 3 വെടിയുണ്ടകൾ പായിച്ച്. ബുധനാഴ്ചയാണ് സംഭവം. കേസിന്റെ ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെടിവെപ്പിന്റെ അസ്വസ്ഥജനകമായ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. മരിച്ചത് ആദിൽ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്യാംനഗർ നിവാസിയായ ജുൽകുമാറാണ് വെടിവെച്ചത്. നിർദ്ദേശങ്ങൾ നൽകുന്നയാളുടെ ശബ്ദം തങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അന്വേഷണത്തിൽ അതൊരു സൂചനയായി ഉപയോഗിക്കുമെന്നും പോലീസ് സ്ഥിരീകരിച്ചു.
11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ആദിൽ നിലത്ത് കിടക്കുമ്പോൾ പ്രതി അയാളെ മൂന്ന് തവണ വെടിവെക്കുന്നത് കാണിക്കുന്നു. കുറ്റകൃത്യം ചിത്രീകരിക്കുന്നയാൾ വെടിവെച്ചയാളോട് നിർത്താൻ പറയുമ്പോൾ മാത്രമാണ് വെടിവെപ്പ് അവസാനിക്കുന്നത് എന്നത് ഞെട്ടലുളവാക്കുന്നതാണ്.
ആദിലിന്റെ മൃതദേഹം പിന്നീട് ഒരു കിണറിനടുത്ത് നിന്നാണ് കണ്ടെത്തിയത്. വെടിവെക്കുന്നതിന് മുമ്പ് ഇയാൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം മനഃപൂർവം ചിത്രീകരിച്ച് വൈറലാക്കിയ ആദ്യത്തെ കേസാണ് ഇത്.
ആദിലിന്റെ കുടുംബം ആറ് പ്രതികളെ പേരെടുത്ത് പറഞ്ഞ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ആദിൽ പ്രദേശത്തെ കടയിൽ തുണികൾ വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
കൊലപാതകത്തിന് പിന്നിലെ കാരണം പ്രതികാരം, വഞ്ചന, അല്ലെങ്കിൽ അവിഹിത ബന്ധം എന്നിവയാകാമെന്ന് പോലീസ് സംശയിക്കുന്നു. ആദിൽ കൊലയാളികൾക്കൊപ്പം ഒരു ദിവസം മുഴുവൻ ചെലവഴിച്ചിരുന്നു എന്നും, അവർ അവനെ സ്ഥലത്തേക്ക് കെണിവെച്ച് വിളിച്ചുവരുത്തുകയായിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നത് . വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് ഇയാളെ മയക്കുമരുന്ന് നൽകി മയക്കുകയോ ബോധരഹിതനാക്കുകയോ ചെയ്തിരിക്കാമെന്നും കരുതുന്നു.




