ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്, ശീതകാല ഒളിമ്പിക്‌സ്, ഫുട്‌ബോള്‍ ലോകകപ്പ്… പുതു വര്‍ഷം കാത്തിരിക്കുന്നത് ഒട്ടേറെ കായിക ഉത്സവങ്ങളെ.
ഫെബ്രുവരി ആറ് മുതല്‍ 22 വരെ വടക്കുകിഴക്കന്‍ ഇറ്റലിയില്‍ നടക്കുന്ന നടക്കുന്ന ശീതകാല ഒളിമ്പിക്‌സാണ് ആദ്യത്തേത്. 93 രാജ്യങ്ങളില്‍നിന്നുള്ള 3,500 കായിക താരങ്ങള്‍ 16 ശീതകാല കായികയിനങ്ങളില്‍ മത്സരിക്കും. മാര്‍ച്ച് ആറ് മുതല്‍ 15 വരെയാണു പാരാലിമ്പിക്‌സ് മത്സരങ്ങള്‍.
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്‌് ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ്‌്. നിലവിലെ ചാമ്പ്യന്‍ എന്ന ലേബലിലാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്നാണ് ലോകകപ്പിനു വേദിയാകുന്നത്.
ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണു ഫുട്‌ബോള്‍ ലോകകപ്പ്. യു.എസ്.എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ 48 രാജ്യങ്ങള്‍ മത്സരിക്കും. ”ഭൂമിയിലെ ഏറ്റവും വലിയ ഷോ” എന്നാണ് ലോകകപ്പിനു നല്‍കുന്ന വിശേഷണം. ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീനയാണു നിലവിലെ ചാമ്പ്യന്‍.
സ്‌കോട്ട്‌ലന്‍ഡില്‍ ജൂലൈ 23 മുതല്‍ ഓഗസ്‌റ്റ് രണ്ട് വരെയാണു കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍. ക്രിക്കറ്റ്, ഹോക്കി, ബാഡ്‌മിന്റണ്‍, ഗുസ്‌തി, ഷൂട്ടിങ് ഇനങ്ങള്‍ ഒഴിവാക്കിയതിന്റെ വിവാദ പശ്‌ചാത്തലത്തിലാണു മത്സരങ്ങള്‍ നടക്കുക. ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര അടക്കമുള്ളവരിലാണ് ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷ.
വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പും ഈ വര്‍ഷമാണ്. ജൂണ്‍ 12 മുതല്‍ ജൂലൈ അഞ്ച് വരെ ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണു ലോകകപ്പ്. ന്യൂസിലന്‍ഡാണ് നിലവിലെ ചാമ്പ്യന്‍. കരുത്തരായ ഓസ്‌ട്രേലിയയും കിരീട സാധ്യതയുള്ള ടീമാണ്. ഏകദിന ലോകകപ്പ് ജേതാക്കളായാണ് ഇന്ത്യന്‍ വനിതകള്‍ ട്വന്റി20 യില്‍ കളിക്കാനിറങ്ങുക.
സെപ്‌റ്റംബര്‍ 19 മുതല്‍ ഒക്‌ടോബര്‍ നാല് വരെ ജപ്പാനിലാണ് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍. 1994 നു ശേഷം ആദ്യമായാണ് ജപ്പാന്‍ ഏഷ്യന്‍ ഗെയിംസിനു വേദിയാകുന്നത്. 45 രാജ്യങ്ങളിലെ 10,000 താരങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ഗെയിംസില്‍ ഇന്ത്യ 106 മെഡലുകള്‍ നേടി. 28 സ്വര്‍ണ മെഡലുകളാണ് ഇന്ത്യക്കായി അന്നു താരങ്ങള്‍ നേടിയത്.
അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഈ മാസം 15 മുതല്‍ ഫെബ്രുവരി ആറ് വരെയാണ്. സിംബാബ്‌വേയും നമീബിയയുമാണു വേദികള്‍. വൈഭവ് സൂര്യവംശി, ആയുഷ് എംഹാത്രെ, ആരോണ്‍ ജോര്‍ജ്, മുഹമ്മദ് ഇനാന്‍ എന്നിവരിലാണ് ഇന്ത്യയുടെ കിരീട പ്രതീക്ഷ.
മാര്‍ച്ചിലാണ് ഓള്‍ ഇംഗ്ലണ്ട് ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്. ഒളിമ്പ്യന്‍ പി.വി. സിന്ധു ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇവിടെ സ്വര്‍ണത്തിനായി മത്സരിക്കും. മാര്‍ച്ച് ഒന്ന് മുതലാണ് വനിതാ എ.എഫ്.സി. ഏഷ്യന്‍ കപ്പ്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടൂര്‍ണമെന്റിനു യോഗ്യത നേടി. ഏപ്രിലിലാണ് കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റ്. ലോക ചാമ്പ്യനെ നേരിടാനുള്ള താരത്തെ തെരഞ്ഞെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആര്‍. പ്രാഗ്‌ജ്ഞാനന്ദ, കൊനേരു ഹംപി എന്നിവരാണു പ്രധാന താരങ്ങള്‍.
അതേ സമയം തന്നെ മംഗോളിയയില്‍ ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പും അരങ്ങേറും. മേയിലാണ് അത്‌ലറ്റിക്‌സ് ഡയമണ്ട് ലീഗ് സീസണ്‍ ആരംഭിക്കുക.




