Lifestyle

മുടിയിലെ ദുര്‍ഗന്ധം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നോ ? ഇക്കാര്യങ്ങള്‍ ചെയ്യാം

തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ പലരുടേയും ഒരു പ്രശ്‌നമാണ് മുടിയുടെ ദുര്‍ഗന്ധം. വളരെയധികം വിയര്‍ക്കുകയോ വ്യായാമം ചെയ്യുന്നവരോ ആണ് നിങ്ങളെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകാം. എണ്ണമയമുള്ള ചര്‍മ്മമുള്ള വ്യക്തികള്‍ക്ക് സാധാരണയായി എണ്ണമയമുള്ള ശിരോചര്‍മ്മവും ഉണ്ടാകും. വളരെയധികം എണ്ണ ഉല്‍പാദിപ്പിക്കുന്ന ശിരോചര്‍മ്മത്തില്‍ എല്ലായ്‌പ്പോഴും ദുര്‍ഗന്ധം വമിക്കണം എന്നില്ല. എന്നാല്‍, അവയ്ക്ക് ഒരു വ്യത്യസ്തമായ മണം ഉണ്ടാകുന്നതാണ്.

എണ്ണമയമുള്ള തലയില്‍ നിന്നുള്ള ദുര്‍ഗന്ധം സാധാരണയായി അതിലെ ബാക്ടീരിയകളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. നിങ്ങളുടെ തലയില്‍ എണ്ണമയമുണ്ടെങ്കിലും ഇല്ലെങ്കിലും ബാക്ടീരിയകള്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ ശിരോചര്‍മ്മത്തില്‍ ഉണ്ടാകും. അധിക എണ്ണ ഈ ബാക്ടീരിയകള്‍ക്ക് വളരാനും പെറ്റുപെരുകാനും ആവശ്യമായ പോഷകാഹാരം നല്‍കുന്നു. ഇത് വ്യക്തമായ ദുര്‍ഗന്ധം വമിക്കുന്നതിന് കാരണമാകും. കുറച്ച് ദിവസത്തേക്ക് മുടി കഴുകാതിരിക്കുന്നതും മോശം ശുചിത്വ ശീലങ്ങളും മുടിയില്‍ ദുര്‍ഗന്ധം ഉണ്ടാകാന്‍ കാരണമാകും. സെബോറെഹിക് ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ്, താരന്‍, ചര്‍മ്മ വീക്കം അല്ലെങ്കില്‍ അലര്‍ജി പോലുള്ള ചര്‍മ്മ സംബന്ധമായ രോഗാവസ്ഥകള്‍, അമിതമായ വിയര്‍പ്പ്, മലിനീകരണം ഇവ മൂലവും മുടിയില്‍ ദുര്‍ഗന്ധം ഉണ്ടാകും.

മുടിയിലെയും ശിരോചര്‍മ്മത്തിലെയും ദുര്‍ഗന്ധം അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

* തക്കാളി ജ്യൂസ് – ഇടത്തരം വലിപ്പമുള്ള തക്കാളിയില്‍ നിന്ന് പള്‍പ്പ് പിഴിഞ്ഞെടുക്കുക. തലയില്‍ ഈ പള്‍പ്പ് നേരിട്ട് പുരട്ടുക. ഇത് 20-30 മിനിറ്റ് നേരം വച്ചതിനു ശേഷം വെറും വെള്ളത്തില്‍ തല കഴുകുക. നിങ്ങളുടെ ശിരോചര്‍മ്മത്തിലെ ദുര്‍ഗന്ധം വമിക്കുന്ന ബാക്ടീരിയകളെ അകറ്റാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തക്കാളി നീരില്‍ അടങ്ങിയിട്ടുണ്ട്.

* നാരങ്ങ നീര് – ഒന്ന് മുതല്‍ രണ്ട് കപ്പ് വരെ ചെറുചൂടുള്ള വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് കലര്‍ത്തുക. ഒരു മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക. ശേഷം, മുടിയും ശിരോചര്‍മ്മവും തയ്യാറാക്കിയ നാരങ്ങാവെള്ളം ചേര്‍ത്ത് കഴുകുക. ഇത് കുറച്ച് മിനിറ്റ് നേരം വിടുക. വീണ്ടും, വെറും വെള്ളത്തില്‍ മുടി നന്നായി കഴുകുക. നിങ്ങളുടെ മുടിക്ക് ദുര്‍ഗന്ധം വമിക്കുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ നാരങ്ങയുടെ ബാക്ടീരിയ നശിപ്പിക്കുന്ന ഫലങ്ങള്‍ സഹായിക്കും. കൂടാതെ, മുടിയില്‍ ദുര്‍ഗന്ധം വമിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായ താരന്റെ പ്രശ്‌നം പരിഹരിക്കുവാനും നാരങ്ങയ്ക്ക് കഴിയും.

* ആപ്പിള്‍ സിഡര്‍ വിനാഗിരി – അര കപ്പ് ആപ്പിള്‍ സിഡര്‍ വിനാഗിരി രണ്ട് കപ്പ് വെള്ളത്തില്‍ കലര്‍ത്തുക. മൃദുവായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക, ശേഷം ആപ്പിള്‍ സിഡര്‍ വിനാഗിരി മിശ്രിതം ഉപയോഗിച്ച് വീണ്ടും കഴുകുക. ഇതിനുശേഷം മുടി വെറും വെള്ളത്തില്‍ കഴുകുക. ആപ്പിള്‍ സിഡര്‍ വിനാഗിരിയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ ശിരോചര്‍മ്മത്തില്‍ വളരുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ സഹായിക്കും.

* വെളുത്തുള്ളി എണ്ണ – വെളുത്തുള്ളി അല്ലി നന്നായി ചതച്ചെടുക്കുക. ചതച്ച വെളുത്തുള്ളി രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഉപയോഗിച്ച് കുറച്ച് മിനിറ്റ് ചൂടാക്കുക. ഇത് നന്നായി അരിച്ചെടുത്ത്, എണ്ണ മാത്രം വേര്‍തിരിച്ചെടുക്കുക ഈ എണ്ണ ശിരോചര്‍മ്മത്തിലും മുടിയിലും പുരട്ടുക. ഇത് കുറഞ്ഞത് 30 മിനിറ്റെങ്കിലും വച്ചതിനു ശേഷം, മിതമായ ക്ലെന്‍സറും വെള്ളവും ഉപയോഗിച്ച് മുടി കഴുകുക.

വെളുത്തുള്ളിയിലെ സള്‍ഫര്‍ സംയുക്തങ്ങളുടെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ശിരോചര്‍മ്മത്തിലെ ദുര്‍ഗന്ധം വമിക്കുന്ന ബാക്ടീരിയകളോട് പോരാടും. വെളുത്തുള്ളി പുരട്ടുന്നത് ചില സന്ദര്‍ഭങ്ങളില്‍ ചര്‍മ്മത്തെ പ്രകോപിപ്പിക്കാം. അതിനാല്‍, നിങ്ങള്‍ ഇത് പ്രയോഗിക്കുന്നതിന് മുമ്പ് ചര്‍മ്മത്തില്‍ ഒരു ചെറിയ ഭാഗത്ത് ആദ്യം പുരട്ടി നോക്കിയ ശേഷം മാത്രം കൂടുതല്‍ പുരട്ടുക.