Oddly News

എരുമയ്ക്ക് നല്‍കിയത് 10 കിലോയുടെ സ്വർണമാല! കമന്റ് ബോക്സില്‍ വിമര്‍ശനത്തിന്റെ പെരുമഴ, വീഡിയോ വൈറല്‍

സ്വര്‍ണ്ണത്തിന് വില ഉയരുന്ന സാഹചര്യത്തില്‍ പുറത്തുവരുന്നത് വളരെ കൗതുകകരമായ വാര്‍ത്തയാണ്. രണ്ട് വ്യക്തികള്‍ ചേര്‍ന്ന് ഒരു എരുമയ്ക്ക് സ്വര്‍ണം അണിയ്ക്കുന്നു. അതും 10 കിലോഗ്രാം ഭാരമുള്ള ഒരു സ്വര്‍ണമാലയാണ് എരുമയ്ക്കായി സമ്മാനിച്ചിരിക്കുന്നത് എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത് .ഈ പ്രവൃത്തിയുടെ പിന്നിലെ ഉദ്ദേശത്തിനെ കുറിച്ച് വ്യക്തമല്ല. ഇത് എവിടെ നിന്ന് പകര്‍ത്തിയ വീഡിയോയാണ് എന്ന കാര്യത്തിലും വ്യക്തതയില്ല.

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളുവന്‍സറായ മുഹമ്മദ് ഡാനിഷ യാക്കൂബ് എന്ന വ്യക്തിയും മറ്റോരാളും ചേര്‍ന്നാണ് എരുമയ്ക്കരിക്കിലെത്തി സ്വര്‍ണം അടങ്ങിയ ബോക്സ് തുറക്കുന്നതും മാല പുറത്തെടുക്കുന്നതും. പശുവിന് 10 കിലോഗ്രാം ഭാരമുള്ള മാല നല്‍കുന്നുവെന്നാണ് ഈ പോസ്റ്റിന്റെ അടിക്കുറിപ്പ്. നാലാഴ്ചകൾ കൊണ്ട് 60 ലക്ഷത്തിനു മുകളിൽ ആളുകളാണ് വിഡിയോ കണ്ടത്.

ഈ വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധ വാങ്ങുകയായിരുന്നു. സ്വര്‍ണത്തിന്റെ മൂല്യം അറിയാത്ത ഒരു മൃഗത്തിന് ഇത്രയധികം സ്വര്‍ണം നല്‍കുന്നത് വിഡ്ഢിത്തമാണെന്നാണ് പലവരുടെയും കമന്റ്. ഇത് യഥാര്‍ത്ഥ സ്വര്‍ണം തന്നെയാണോയെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഇരുമ്പ് ചങ്ങലയില്‍സ്വര്‍ണം പൂശിയതാണെന്ന് ആദ്യ കാഴ്ച്ചയില്‍ വ്യക്തമാണെന്ന് ഒരു പക്ഷം അഭിപ്രായപ്പെടുന്നു. ഏതൊരു മൃഗത്തിനും മനുഷ്യന് നല്‍കാന്‍ സാധിക്കുന്ന മൂല്യമുള്ള സമ്മാനം സ്വാതന്ത്ര്യമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അടിക്കുറിപ്പ് നൽകിയതിൽ വന്ന പിഴവാണോ അതോ പശുവാണെന്ന് കരുതി എരുമയ്ക്ക് സ്വർണം നൽകിയതാണോ എന്ന സംശയവും ആളുകള്‍ ഉയര്‍ത്തുന്നുണ്ട്.