Oddly News

റോമിംഗ് ചതിച്ചാശാനേ…; അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് 1.20 കോടിയുടെ ഫോണ്‍ ബില്ല് !

അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് സംഭവിച്ച അബന്ധമാണ് ഇപ്പോള്‍ ആര്‍ക്കും ഒരു പാഠമാകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു യുഎസിലെ ഫ്‌ലോറിഡയില്‍ നിന്നുള്ള റെനെ റെമണ്ട് എന്നയാളും ഭാര്യ ലിന്‍ഡയും. ഇവരുടെ ജന്മനാടാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. എന്നാല്‍ തിരികെ എത്തിയ ഇവര്‍ക്ക് ലഭിച്ചത് ഏകദേശം 1.20 കോടി രൂപ (143,000 ഡോളര്‍)യുടെ ഫോണ്‍ ബില്ലായിരുന്നു.

നേരത്തെയും ഇവര്‍ സ്വിറ്റസര്‍ലന്‍ഡിലേക്ക് പോയിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇത്തരത്തില്‍ ഇവര്‍ക്ക് സംഭവിച്ചിട്ടില്ല. ഫോണ്‍ ബില്ല് ലഭിച്ചതിനെ തുടര്‍ന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ ഇരുവരും ഉപയോഗിച്ച മൊബൈല്‍ ഡാറ്റയുടെ റോമിങ് നിരക്കായാണ് ഈ വന്‍ തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് വ്യക്തമായത്. ദമ്പതികള്‍, അവരുടെ സ്വിറ്റ്‌സര്‍ലാന്‍ഡ് സന്ദര്‍ശനത്തിനിടെ ഫോണില്‍ നിരവധി ചിത്രങ്ങള്‍ എടുത്ത് രാജ്യത്തിന് പുറത്തുള്ള അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുവെച്ചിരുന്നു.

ദമ്പതികള്‍, അവരുടെ സ്വിറ്റ്‌സര്‍ലാന്‍ഡ് സന്ദര്‍ശനത്തിനിടെ ഫോണില്‍ നിരവധി ചിത്രങ്ങള്‍ എടുത്ത് രാജ്യത്തിന് പുറത്തുള്ള അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കിട്ടിരുന്നു. ഇതാണ് പണിയായി മാറിയത്. ഫ്‌ലോറിഡയില്‍ വന്നതിന് ശേഷം ടി-മൊബൈല്‍ സര്‍വീസ് ഓപ്പറേറ്ററില്‍ നിന്ന് ഭര്‍ത്താവായ റെമണ്ടിന് , അവര്‍ അടക്കേണ്ട തുക സംബന്ധിച്ചുള്ള ബില്ലുകളും ലഭിച്ചു. 143 ഡോളറാണ് (ഏകദേശം 12,000 രൂപ) അടക്കേണ്ടത് എന്നായിരുന്നു ആദ്യം കരുതിയതെന്നും റെമണ്ട് പറഞ്ഞു.

എന്നാല്‍ യൂറോപ്പില്‍ ആയിരുന്നപ്പോള്‍ റെമണ്ട് 9.5 ജിബി ഡാറ്റ ഉപയോഗിച്ചതായി ഫോണ്‍ ബില്ലില്‍ അവകാശപ്പെടുന്നു. സാധാരണയായി 5 മുതല്‍ 10 ജി ബി ഡാറ്റയ്ക്ക് വലിയ നിരക്ക് വരുന്നില്ലെങ്കിലും റോമിംഗ് സമയത്ത് ഉപയോഗിച്ചതിനാലാണ് ഓരോ ദിവസവും ആയിരക്കണക്കിന് ഡോളര്‍ വീതം അദ്ദേഹത്തിന് ചെലവായത്. സംഭവത്തില്‍ ഇപ്പോള്‍ ദമ്പതികള്‍ നിയമസഹായം തേടിയിരിക്കുകയാണ്.