Oddly News

നല്ല അടിവസ്ത്രം ധരിക്കണം, പക്ഷേ പുറത്തുകാണരുത്; എയര്‍ ഹോസ്റ്റസുമാര്‍ക്ക് പുതിയ മാര്‍ഗരേഖ, വിവാദം

എയര്‍ ഹോസ്റ്റസുമാരെ തിരഞ്ഞെടുക്കാന്‍ യു.എസ്.എ.യിലെ ഡെല്‍റ്റ എയര്‍ലൈന്‍ തയാറാക്കിയ പുതിയ മാര്‍ഗരേഖ വന്‍വിവാദത്തില്‍.
വിമാനത്തിലെ വസ്ത്രധാരണം സംബന്ധിച്ചാണ് പുതിയ നിര്‍ദേശം. കാഴ്ചയില്‍ എങ്ങനെയാകണം എയര്‍ ഹോസ്റ്റസുമാര്‍ എന്നതുസംബന്ധിച്ചാണ് പുതിയ നിബന്ധനകള്‍. ‘നല്ല അടിവസ്ത്രം നിര്‍ബന്ധമായും ധരിക്കണം, എന്നാല്‍ അഭിമുഖത്തിന്റെ സമയത്ത് അത് പുറത്തുകാണരുത്’ എന്നതാണ് നിര്‍ദേശങ്ങകളില്‍ ഒന്ന്.പുതിയ ഡ്രസ് കോഡിന് കമ്പനി നല്‍കുന്ന വിശേഷണം ‘ഡ്രസ് ഓഫ് സക്സസ്’ എന്നാണ് . ഫ്ളൈറ്റ് അറ്റന്‍ഡന്‍റുമാരെ വിമാന കമ്പനിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടുക എന്നുള്ളതാണ് രണ്ടുപേജുള്ള ഡ്രസ് കോഡ് തയാറാക്കിയതിന്റെ ഉദ്ദേശമെന്ന് ഡെല്‍റ്റ വക്താവ് പറഞ്ഞു.

ശരീരത്തില്‍ ചേര്‍ന്നുകിടക്കുന്ന അയഞ്ഞുകിടക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. മുട്ടുവരെയെങ്കിലും മറയണം. അത്‍ലറ്റിക് ഷൂസ് ഉപയോഗിക്കരുത്. ഒരു ചെവിയില്‍ പരമാവധി രണ്ട് കമ്മലുകള്‍ മാത്രം. വിമാനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ലോഹങ്ങളില്‍ നിര്‍മിച്ച ചെറിയ സ്റ്റഡുകളാവണം. അടിവസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പെരുമാറ്റരീതിയിലുമുണ്ട് കര്‍ശന നിര്‍ദേശങ്ങള്‍. ഇന്റര്‍വ്യൂ സമയത്ത് സഭ്യമല്ലാത്ത വാക്കുകള്‍ പറയരുത്, ച്യൂയിങ് ഗം ചവയ്ക്കരുത്, സെല്‍ഫോണുകളോ ഇയര്‍ ബഡുകളോ ഉപയോഗിക്കരുത് എന്നിങ്ങനെ പോകുന്നു മാര്‍ഗരേഖാ നിര്‍ദേശങ്ങള്‍.

മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ടാല്‍ നിബന്ധനകള്‍ വീണ്ടും കര്‍ശനമാക്കും. ഫ്ലൈറ്റ് അറ്റന്‍ഡന്‍റുമാര്‍ക്ക് വ്യക്തിശുചിത്വവും വൃത്തിയും അങ്ങേയറ്റം നിര്‍ബന്ധമാണ്. പ്രത്യേകിച്ചും മുടി, നഖങ്ങള്‍ എന്നിവയ്ക്ക്. മുടിക്ക് സ്വാഭാവിക നിറം മാത്രമേ പാടുള്ളു. തുറിച്ചുനില്‍ക്കുന്ന ഹൈലൈറ്റുകള്‍ ഉപയോഗിക്കരുത്. തോളിന് താഴേക്ക് മുടി വളര്‍ന്നാല്‍ പോണിടെയില്‍, ബണ്‍ തുടങ്ങിയ സ്റ്റൈലുകള്‍ സ്വീകരിക്കണം. നഖം എപ്പോഴും വെട്ടി വൃത്തിയാക്കി വയ്ക്കണം. ബ്രൈറ്റ് ആയതോ പല നിറങ്ങളിലുള്ളതോ ആയ നെയില്‍പോളിഷ് ഉപയോഗിക്കരുത്. നെയില്‍ ആര്‍ട്ടും പാടില്ല. ശരീരത്തില്‍ ടാറ്റൂകളുണ്ടെങ്കില്‍ പുറത്തുകാട്ടരുത്. മുഖത്ത് തുളകള്‍ പാടില്ല. നിര്‍ബന്ധമാണെങ്കില്‍ ഒരു ചെറിയ മൂക്കുത്തിയാകാം.

അടിവസ്ത്രം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലുള്ള നിര്‍ദേശം വന്‍വിമര്‍ശനത്തിനാണ് വഴിവച്ചത്. മുന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റുമാരുള്‍പ്പെടെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നു.