Health

നന്നായി വേവിക്കാത്ത മാംസവും മത്സ്യവും കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, വിരകള്‍ കാഴ്ച നഷ്ടപ്പെടുത്തിയേക്കാം

കാഴ്ച മങ്ങിയതിനെ തുടർന്ന് ഗ്രാമീണനായ 35 വയസ്സുള്ള ഒരു ഇന്ത്യക്കാരൻ നേത്രരോഗവിദഗ്ദ്ധനെ സമീപിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ കണ്ണിൽ ഒരു വിരയെ കണ്ടെത്തിയത് രോഗിയെയും ഡോക്ടറെയും ഒരുപോലെ ഞെട്ടിച്ചു.

ഈ കേസ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കുകയും, ഡോക്ടർമാർ രോഗനിർണ്ണയവും ചികിത്സാരീതികളും വിശദമായി രേഖപ്പെടുത്തുകയും ചെയ്തു.സാധാരണയായി പൂച്ചകളിലും നായകളിലും കാണപ്പെടുന്ന ഒരുതരം വിരയാണ് (nematode) രോഗിയുടെ കണ്ണിൽ കണ്ടെത്തിയത്.

ഗ്നാത്തോസ്റ്റോമ സ്പിനിഗെറം (Gnathostoma spinigerum) എന്നറിയപ്പെടുന്ന ഈ പരാദവിര, നേത്രരോഗങ്ങൾക്കും കാഴ്ച നഷ്ടപ്പെടുന്നതിനും കാരണമാകാറുണ്ട്. പാകം ചെയ്യാത്തതോ, പകുതി വേവിച്ചതോ ആയ മാംസം കഴിച്ചതിലൂടെയാവാം വിര ഇയാളുടെ ശരീരത്തിലെത്തുകയും പിന്നീട് കണ്ണിലേക്ക് സഞ്ചരിക്കുകയും ചെയ്തതെന്ന് കരുതുന്നു.ശാരീരിക പരിശോധനയിൽ രോഗിയുടെ കണ്ണിൽ കൺജങ്റ്റിവൽ ഇഞ്ചക്ഷന്റെ (conjunctival injection) ലക്ഷണങ്ങൾ കണ്ടതായി വിദഗ്ദ്ധർ പറഞ്ഞു.

ഫണ്ടോസ്കോപ്പിയിൽ (fundoscopy) കണ്ണിലെ പിൻഭാഗത്ത് ഒരു വിര സാവധാനം നീങ്ങുന്നതായി കണ്ടെന്നും അവർ രേഖപ്പെടുത്തി. രോഗം കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിൽ പാകം ചെയ്യാത്ത ശുദ്ധജല മത്സ്യം, കോഴി, പാമ്പ്, തവള എന്നിവ കഴിക്കുന്നതിലൂടെയാണ് ഗ്നാത്തോസ്റ്റോമിയാസിസ് (Gnathostomiasis) ഉണ്ടാകുന്നത് എന്ന് ഡോക്ടർമാർ മെഡ്പേജ് ടുഡേയോട് വിശദീകരിച്ചു.

ഗ്രാമീണനായ ഈ രോഗി കോഴിയും ശുദ്ധജല മത്സ്യവും കഴിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.ഗ്നാത്തോസ്റ്റോമിയാസിസ് കണ്ണുകളെയും റെറ്റിനയെയും ബാധിക്കുന്ന നിരവധി പരാദങ്ങളിൽ ഒന്നാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജിയിലെ ക്ലിനിക്കൽ വക്താവും മിനസോട്ടയിലെ റെറ്റിന കൺസൾട്ടന്റ്‌സിലെ റെറ്റിന സ്പെഷ്യലിസ്റ്റുമായ ഡോ. അബ്ധിഷ് ഭാവ്സർ പറഞ്ഞു.

“ചില വിരകൾ വലുതും മറ്റു ചിലത് ചെറുതുമാണ്. ചില വളരെ ചെറിയ വിരകൾക്ക് റെറ്റിനയിലോ സബ്റെറ്റിനൽ സ്പേസിലോ സഞ്ചരിക്കാനും, കണ്ണുകൾക്കും കാഴ്ചയ്ക്കും കാര്യമായ കേടുപാടുകൾ വരുത്താനും, ചിലപ്പോൾ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്”, അദ്ദേഹം വ്യക്തമാക്കി.പാർസ് പ്ലാന വിട്രെക്ടമി (PPV) എന്ന ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ വിരയെ പുറത്തെടുത്തത്.

“മൈക്രോസ്കോപ്പിക് പരിശോധനയിൽ തലഭാഗത്ത് ബൾബും, കട്ടിയുള്ള ക്യൂട്ടിക്കിളും, വികസിച്ച കുടലുമുള്ള ലാർവ ഘട്ടത്തിലുള്ള ഒരു വിരയെ തിരിച്ചറിഞ്ഞു. ഈ സവിശേഷതകൾ ഗ്നാത്തോസ്റ്റോമ സ്പിനിഗെറത്തിന്റേതിന് സമാനമായിരുന്നു,” ഡോക്ടർമാർ രേഖപ്പെടുത്തി.

വിട്രിയസ് ജെൽ (vitreous gel) നീക്കം ചെയ്യുന്ന ഒരു ശസ്ത്രക്രിയാരീതിയാണ് പാർസ് പ്ലാന വിട്രെക്ടമി. കണ്ണിന്റെ മധ്യഭാഗം നിറച്ചിരിക്കുന്ന ജെല്ലി പോലെയുള്ള ഈ പദാർത്ഥം നീക്കം ചെയ്യുന്നതിലൂടെ ഡോക്ടർമാർക്ക് റെറ്റിനയിലേക്കും കണ്ണിന്റെ പിൻഭാഗത്തുള്ള മറ്റ് ഭാഗങ്ങളിലേക്കും പ്രവേശനം സാധ്യമാകുന്നു. ഈ ശസ്ത്രക്രിയ വിവിധതരം റെറ്റിന, വിട്രിയസ് രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.