Crime

തോക്ക് പരിശീലിക്കാന്‍ ക്രിസ്‌തുവിനെ ‘ഉന്ന’മിട്ടു; വനിതാ കൗണ്‍സിലര്‍ തെറിച്ചു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇറ്റലിയിലെ വിഖ്യാത ചിത്രകാരന്‍ ടൊമാസോ ദെല്‍ മസ വരച്ച യേശു ക്രിസ്‌തുവിന്റെയും കന്യാമറിയത്തിന്റെയും ചിത്രത്തിലേക്കു വെടിയുതിര്‍ത്ത്‌ വിവാദത്തിലായ വനിതാ കൗണ്‍സിലര്‍ രാജിവച്ചു. കാന്റണ്‍ കൗണ്‍സിലംഗവും ഗ്രീന്‍ ലേബര്‍ പാര്‍ട്ടി നേതാവുമായ സനിജ അമേറ്റി(32) യാണ്‌ കനത്ത പ്രതിഷേധത്തിനൊടുവില്‍ രാജിവച്ചത്‌.

ടൊമാസോ ദെല്‍ മസ വരച്ച കന്യാമറിയത്തിന്റെയും യേശുക്രിസ്‌തുവിന്റെയും ചിത്രങ്ങളിലാണ്‌ അമേറ്റി വെടിവയ്‌പ്പ് പരിശീലിച്ചത്‌. പുനസൃഷ്‌ടിക്കപ്പെട്ട ഈ ചിത്രങ്ങളിലേക്ക്‌ ഉന്നം പിടിക്കുന്നതിന്റെയും വെടിയുണ്ടകള്‍ തുളച്ചുകയറിയതിന്റെയും ചിത്രങ്ങള്‍ കഴിഞ്ഞയാഴ്‌ച അവര്‍ തന്റെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തു. അബദ്ധം തിരിച്ചറിഞ്ഞ്‌ വൈകാതെ സനിജ പോസ്‌റ്റുകള്‍ ഡിലീറ്റ്‌ ചെയ്‌ത് മാപ്പുപറഞ്ഞെങ്കിലും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം കടുത്തു. പിന്നാലെ മാപ്പു പറഞ്ഞ അവര്‍ സമ്മര്‍ദം ശക്‌തമായതോടെ കൗണ്‍സിലര്‍ സ്‌ഥാനം രാജിവയ്‌ക്കുകയായിരുന്നു.

തന്റെ പക്കൽ ഒരു ആർട്ട് കാറ്റലോഗ് ഉണ്ടായിരുന്നുവെന്നും ചിത്രത്തിലെ മതപരമായ ഉള്ളടക്കത്തിൽ ശ്രദ്ധിച്ചിട്ടില്ലെന്നും അമേതി പറഞ്ഞു.

ക്രിസ്‌തുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ അമേറ്റിക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. അമേറ്റിയെ പുറത്താക്കാന്‍ നടപടികള്‍ക്കു തുടക്കമിട്ടതായി ഗ്രീന്‍ ലിബറല്‍ പാര്‍ട്ടി അറിയിച്ചു. അഭിഭാഷക കൂടിയായ അമേറ്റി ജോലി ചെയ്‌തിരുന്ന കണ്‍സള്‍ട്ടിങ്‌ സ്‌ഥാപനമായ ഫാര്‍ണര്‍ ഗ്രൂപ്പ്‌ അവരെ പുറത്താക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. തനിക്കു വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും അഭ്യര്‍ഥിച്ച്‌ അമേറ്റി പോലീസിനെ സമീപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.