Featured Movie News

‘ജയിലർ പാൻ- ഇന്ത്യനല്ല’; രജനി ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് തമന്ന


ലോകമെമ്പാടുമുള്ള രജനീകാന്ത് ആരാധകര്‍ കാത്തിരിക്കുന്ന ‘ജയിലർ’ ആഗസ്റ്റ് 10നാണ് തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ചെന്നൈയിൽ നടന്നു. രജനികാന്ത് നായകനാകുന്ന ‘ജയിലർ’ നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. നയൻതാരയുടെ “കോലമാവ് കോകില’ എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ്‌ നെൽസൺ.

ചിത്രത്തിൽ മലയാളത്തിലെ നടനവിസ്മയം മോഹൻലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം വിനായകനും. കന്നടയില്‍നിന്ന് ശിവ രാജ്കുമാറും ഹിന്ദിയില്‍നിന്ന് ജാക്കി ഷ്റോഫും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. ഈ അവസരത്തിൽ സിനിമയെ കുറിച്ച് തമന്ന പറഞ്ഞ കാര്യങ്ങളാണ് വാര്‍ത്തകളിലിടം പിടിക്കുന്നത്.

ജയിലർ ഒരു പാൻ-ഇന്ത്യൻ സിനിമയല്ലെന്ന് ചത്രത്തിലെ നായിക തമന്ന ഭാട്ടിയ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജയിലർ കൃത്യമായും ഒരു പ്രദേശത്തെ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതാണെന്നും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാകുമെന്നും താരം പറഞ്ഞുവെന്നാണ് റിപ്പോർട്ട്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി റിലീസ് ചെയ്യുന്നുണ്ട്. സൂപ്പർസ്റ്റാര്‍ രജനികാന്ത് ആരാധകരെ ജയിലർ തൃപ്തിപ്പെടുത്തുമെന്ന് തമന്ന പറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

‘ജയിലറിലെ’ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പ്രേക്ഷകർ ചർച്ചയാക്കുന്നത് രജനികാന്തും മോഹൻലാലും ശിവ രാജ്കുമാറും ഒന്നിച്ചെത്തുന്ന ഒരു സീൻ ആണ്. മൂവരും ഒന്നിച്ചിരുന്ന് പുകവലിക്കുന്ന ക്ലോസ് അപ്പ് സീനിന്റെ ദൈർഘ്യം കുറയ്ക്കാൻ സെൻസർ ബോർഡിന്റെ നിർദേശമുണ്ട്.

തന്റെ മകനെ അപകടപ്പെടുത്തിയവരെ മുത്തുവേൽ പാണ്ട്യൻ എന്ന രജനികാന്ത് കഥാപാത്രം നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രജനികാന്തിനെ സഹായിക്കാനെത്തുന്ന കഥാപാത്രങ്ങളാണ് മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ ചെയ്യുന്നതെന്നാണ് സൂചന. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിര്‍മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്.