1890ലായിരുന്നു വില്യം കെംലര്‍ എന്ന കുറ്റവാളിയെ അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ജര്‍മന്‍ വംശജനായ കെംലര്‍ മദ്യപിച്ച് തന്റെ ജീവിതപങ്കാളിയെ കൊലപ്പെടുത്തുകയായിരുന്നു. തൂക്കിലേറ്റുന്നതിന് പകരമായുള്ള വധശിക്ഷരീതികള്‍ അമേരിക്കന്‍ അധികൃതര്‍ ആലോചിച്ചു. ശാസത്രജ്ഞനായ തോമസ് ആല്‍വ എഡിസന്‍ ഇതില്‍ ഇടപ്പെട്ടു.
വധശിക്ഷയെ എതിര്‍ത്തിരുന്ന അദ്ദേഹം പക്ഷെ ആ ഘട്ടത്തില്‍ മാത്രം താത്കാലികമായി എതിര്‍പ്പ് മാറ്റി. ഓള്‍ട്ടര്‍നേറ്റിങ് കറന്റ് ഉപയോഗിച്ച് കൊല്ലുന്ന ഒരു കസേര അദ്ദേഹം രൂപകല്‍പ്പന ചെയ്തു കൊടുത്തു. ഇതിലിരുത്തിയ കെംലറിന്റെ ശരീരത്തിൽ വൈദ്യുതി കയറി. ആ മരണം കണ്ട് ചില അധികൃതര്‍ ഉള്‍പ്പടെ ഞെട്ടി.
ശാസ്ത്രചരിത്രത്തിലെ വലിയൊരു ഭാഗമായുള്ളതായിരുന്നു എഡിസന്റെ ആ ഇടപെടല്‍. കറന്റുകളുടെ യുദ്ധം എന്ന് ഇതറിയപ്പെട്ടു. എഡിസന്‍ ഡയറക്ട് കറന്റിന്റെ ശക്തനായ പ്രചാരകനായിരുന്നു. ഇന്ന് നമ്മുടെ മൊബൈയിലും കമ്പ്യൂട്ടറും എല്ലാം തന്നെ പ്രവർ ത്തിക്കുന്നത് ഡി സി കറന്റാണ്.
1870 കളുടെ അവസാനത്തില്‍ അമേരിക്കയിലെ വിദ്യൂച്ഛക്തി മേഖലയില്‍ നിയന്ത്രിച്ചത് എഡിസനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഡിസിക്ക് ചില്ലറ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദൂരത്തേക്ക് വൈദ്യുതി വിതരണം ചെയ്യുമ്പോള്‍ വന്‍ തോതില്‍ ഊര്‍ജനഷ്ടമുണ്ടാകുന്നുവെന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നം.
എന്നാല്‍ എസി കറന്റ് ഇതിനെല്ലാം പരിഹാരമായിരുന്നു. നിക്കോളസ് ടെസ്ല എന്ന ശാസ്ത്രജ്ഞനാണ് ഈ പോരായ്മകള്‍ക്ക് പരിഹാരം കണ്ടത്. വിപ്ലവം സൃഷ്ടിച്ച എസി മോട്ടര്‍ ഉള്‍പ്പടെ അദ്ദേഹം വികസിപ്പിച്ചു. അദ്ദേഹത്തിന്റെ ആശയത്തിനെ ഏറ്റെടുത്തുകൊണ്ട് ജോര്‍ജ് വെസ്റ്റിങ്ഹൗസ് എന്ന വ്യവസായിയും മുന്നോട്ടെത്തി. ഇതൊന്നും എഡിസന് സഹിച്ചില്ല.
ഹരോള്‍ഡ് പി ബ്രൗണ്‍ എന്ന എഞ്ചിനീയറുടെ സഹായത്തോടെ എസി കറന്റിന്റെ ദൂഷ്യവശങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കാനായി ഒരു ബോധവത്കരണ പരിപാടി തന്നെ അദ്ദേഹം സംഘടിപ്പിച്ചു. മൃഗങ്ങളിലേക്ക് എസി കറന്റ് കയറ്റി വിട്ട് അവയെ ജനങ്ങളുടെ മുന്നില്‍ വച്ച് ഷോക്കടിപ്പിച്ച് കൊല്ലുന്നതായിരുന്നു പരിപാടി. ഇതില്‍ പല മൃഗങ്ങളും എരിഞ്ഞു ചത്തു. കെംലറെ കൊലപ്പെടുത്തിയ കസേര ഇതിന്റെ ബാക്കി പത്രമായിരുന്നു.