Crime

‘അമ്മയെയും സഹോദരിമാരെയും വില്‍ക്കാന്‍വയ്യ, ഞാന്‍ അവരെ കൊന്നു’ ; കൊലപാതകിയുടെ വെളിപ്പെടുത്തല്‍

ലഖ്നൗ: ഭൂമാഫിയ വീടും പറമ്പും തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ സഹോദരിമാരെ വില്‍ക്കുന്നത് തടയാന്‍ വേണ്ടിയാണ് താന്‍ എല്ലാവരേയും കൊലപ്പെടുത്തിയതെന്ന് കൂട്ടക്കുരുതി നടത്തിയ യുവാവിന്റെ വെളിപ്പെടുത്തല്‍ വീഡിയോ. ലഖ്നൗവിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞദിവസം അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 24 കാരനായ യുവാവിന്റേതെന്ന് കരുതുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സഹോദരിമാരെ വില്‍ക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ അവരുടെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി പിതാവിന്റെ അനുവാദത്തോടെയാണ് താന്‍ ഈ ക്രൂരകൃത്യം നടത്തിയതെന്ന് യുവാവ് വീഡിയോയില്‍ വെളിപ്പെടുത്തുന്നു.

അര്‍ഷാദ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം ഒരു ഹോട്ടല്‍ മുറിയില്‍ മാതാവ് അസ്മ, സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്മീന്‍ (18) എന്നിവരെ കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തുവന്ന വീഡിയോയില്‍, അയല്‍ക്കാരും ജന്മനാടായ ബുദൗണിലെ ഭൂമാഫിയയും തങ്ങളുടെ വീട് പിടിച്ചെടുക്കുകയും സഹോദരിമാരെ കടത്താന്‍ പദ്ധതിയിട്ടിരുന്നതായും അര്‍ഷാദ് ആരോപിക്കുന്നു. തന്റെ അമ്മയെയും മൂന്ന് സഹോദരിമാരെയും താന്‍ ശ്വാസം മുട്ടിച്ചും കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചും കൊലപ്പെടുത്തി എന്നും നാലാമന്‍ മരിക്കാന്‍ പോകുന്നെന്നും വീഡിയോയില്‍ പറയുന്നു. മൃതദേഹങ്ങള്‍ കാണിച്ചിക്കുകയും പിതാവ് തന്നെ സഹായിച്ചെന്നും പറഞ്ഞു. കുടുംബം മതം മാറാന്‍ ആഗ്രഹിക്കുന്നുവെന്നും നീതിക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അപേക്ഷിച്ചതായും യുവാവ് വീഡിയോയില്‍ പറയുന്നു.

”ഞാന്‍ എന്റെ അമ്മയെയും സഹോദരിമാരെയും കൊന്നു. ഈ വീഡിയോ പോലീസിന് ലഭിക്കുമ്പോള്‍, നാട്ടുകാരാണ് ഉത്തരവാദികളെന്ന് അവര്‍ അറിയണം. അയല്‍പക്കത്തുള്ളവരുടെ ശല്യം മൂലമാണ് ഞങ്ങളുടെ കുടുംബം ഈ കൃത്യം ചെയ്തത്. കഷ്ടപ്പെട്ടുണ്ടാക്കിയ ഞങ്ങളുടെ വീട് പിടിച്ചെടുക്കാന്‍ അവര്‍ ഞങ്ങളെ ഉപദ്രവിച്ചു. 15 ദിവസമായി ഞങ്ങള്‍ തണുപ്പില്‍ അലഞ്ഞുതിരിയുന്നു വീടിന്റെ രേഖകള്‍ ഞങ്ങളുടെ പക്കലുണ്ട്.” കുറ്റകൃത്യം നടന്ന സ്ഥലത്ത് അറസ്റ്റിലായ അര്‍ഷാദ് പറയുന്നു. മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്നയാളുകളുടെ പേരെടുത്തു പറയുകയും ചെയ്തിട്ടുണ്ട്്. റാനു, അഫ്താബ്, അലീം ഖാന്‍, സലിം, ആരിഫ്, അഹമ്മദ്, അസ്ഹര്‍.

”അവര്‍ ഭൂമാഫിയയാണ്, പെണ്‍കുട്ടികളെ വില്‍ക്കുന്നു. ഞങ്ങളെ രണ്ടുപേരെയും (അവനെയും അവന്റെ അച്ഛനെയും) കള്ളക്കേസില്‍ കുടുക്കി ഞങ്ങളുടെ സഹോദരിമാരെ വില്‍ക്കാന്‍ അവര്‍ പദ്ധതിയിട്ടു. ഞങ്ങള്‍ക്ക് അത് വേണ്ടായിരുന്നു. അതിനാല്‍ ഞാന്‍ എന്റെ സഹോദരിമാരെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നിര്‍ബന്ധിതനായി. അവരുടെ കൈത്തണ്ട മുറിച്ചു.” തുടര്‍ന്ന് അമ്മയുടെയും സഹോദരിമാരുടെയും മൃതദേഹങ്ങള്‍ അര്‍ഷാദ് കാണിച്ചു. ”രാവിലെ വരെ ഞാന്‍ ജീവിച്ചിരിക്കില്ല,” അദ്ദേഹം പറഞ്ഞു. താന്‍ ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. ”ഞങ്ങള്‍ ബുദൗനില്‍ നിന്നുള്ളവരാണ്, 1947 മുതല്‍ ഇവിടെ താമസിക്കുന്നതിന്റെ തെളിവ് എന്റെ അമ്മായിയുടെ പക്കലുണ്ട്. ഞങ്ങള്‍ ബംഗ്ലാദേശികളാണെന്ന് അവര്‍ ഞങ്ങളെക്കുറിച്ച് നുണ പ്രചരിപ്പിക്കുകയാണ്.”

കുടുംബം മതം മാറി സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അര്‍ഷാദ് വീഡിയോയില്‍ പറഞ്ഞു. ”ഞങ്ങള്‍ സഹായത്തിനായി പലരെയും സമീപിച്ചെങ്കിലും അവര്‍ ഞങ്ങളെ സഹായിച്ചില്ല. ഇപ്പോള്‍ എന്റെ സഹോദരിമാര്‍ മരിക്കുന്നു, അല്‍പ്പസമയത്തിനകം ഞാന്‍ മരിക്കും. എന്നാല്‍ ഇന്ത്യയിലെ ഒരു കുടുംബവും ഇത് ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. നീതിക്കുവേണ്ടി യോഗി ആദിത്യനാഥിനോടും കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങള്‍ക്ക് ജീവിതത്തില്‍ നീതി ലഭിച്ചില്ല, കുറഞ്ഞത് മരണത്തിലെങ്കിലും ഞങ്ങള്‍ക്ക് നീതി തരൂ. അവര്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കണം. അവര്‍ക്ക് നേതാക്കളുമായും പോലീസുമായും ബന്ധമുണ്ട്. അവര്‍ ഞങ്ങളുടെ പ്ലോട്ടിന്റെ പകുതി പിടിച്ചെടുത്തു. മറ്റോ പകുതി കൂടി പിടിച്ചെടുക്കാന്‍ നോക്കുകയാണ്.”

തങ്ങളുടെ ഭൂമിയില്‍ ഒരു ക്ഷേത്രം വരണമെന്നും അവരുടെ സാധനങ്ങള്‍ അനാഥാലയത്തിന് നല്‍കണമെന്നും വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം വീഡിയോയുടെ ആധികാരികത പരിശോധിച്ചിട്ടില്ല. നേരത്തെ, ശരണ്‍ജിത്ത് ഹോട്ടലില്‍ വച്ചാണ് കൊലപാതകം നടന്നതെന്ന് സെന്‍ട്രല്‍ ലഖ്നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രവീണ ത്യാഗി പറഞ്ഞു. ‘അര്‍ഷാദ് (24) എന്ന പ്രതി സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി. ക്രൂരമായ പ്രവൃത്തിയെ തുടര്‍ന്ന് ലോക്കല്‍ പോലീസ് ഉടന്‍ തന്നെ പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പിടികൂടിയതായി അവര്‍ പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ഫോറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.