Sports

തോറ്റു തോറ്റുകൊണ്ടേയിരിക്കുന്നു.. 47 കോടി ബഞ്ചിലിരുപ്പുണ്ട് ! ആര്‍സിബിക്കെതിരേ വിമര്‍ശനം

ഈ സീസണിലും ആരാധകര്‍ ആര്‍സിബിയെ കൊണ്ടു തോറ്റു. വന്‍തുകയ്ക്ക് താരങ്ങളെ വാങ്ങിക്കൂട്ടുകയും വമ്പന്മാര്‍ നിരന്നിട്ടും നിരന്തരം തോല്‍ക്കുകയും ചെയ്യുന്ന ആര്‍സിബി ഈ സീസണിലും നിരാശപ്പെടുത്തുകയാണ്.

ആറു മത്സരങ്ങള്‍ കളിച്ച അവര്‍ ഒരു മത്സരത്തില്‍ മാത്രം ജയിക്കുകയും അഞ്ചു മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തതോടെ പ്‌ളേഓഫ് കളിക്കണമെങ്കില്‍ ഇനി കളിക്കുന്ന എല്ലാ കളിയിലും ജയിക്കണമെന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. തകര്‍പ്പനടിക്കാരായ ബാറ്റ്‌സ്മാന്‍മാരുടെ മികവില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയാലും ബൗള്‍ ചെയ്ത് പിടിക്കാന്‍ കഴിയാത്തതാണ് അവരുടെ ഇത്തവണത്തെയും പിടിപ്പുകേട്.

വമ്പന്‍ തുക മുടക്കി എടുത്ത താരങ്ങളെ ബഞ്ചിലിരുത്തിയിരിക്കുന്നതാണ് ടീമിന്റെ പരാജയമെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. റെക്കോഡ്‌സ്‌കോര്‍ പിറന്ന മത്സരത്തില്‍ റെസണ്‍റൈസ് ഹൈദരാബാദിനെതിരേ 47 കോടിയുടെ താരങ്ങളെയാണ് അവര്‍ ബഞ്ചില്‍ ഇരുത്തിയത്. കാമറൂണ്‍ ഗ്രീന്‍, അല്‍സാരി ജോസഫ്, ഗ്‌ളെന്‍ മാക്‌സ്‌വെല്‍, മൊഹമ്മദ് സിറാജ് എന്നിവരെ ടീം ഈ മത്സരത്തില്‍ ഇറക്കിയില്ല. ഗ്രീനെ ഈ സീസണില്‍ 17.5 കോടി മുടക്കിയാണ് അവര്‍ ടീമില്‍ എത്തിച്ചത്. ജോസഫിനെ 11.5 കോടിക്കും വാങ്ങി. മാക്‌സ്‌വെല്ലിനെ 11 കോടിക്ക് നിലനിര്‍ത്തിയപ്പോള്‍ 7 കോടിക്കാണ് സിറാജിനെ നിലനിര്‍ത്തിയത്.

നാലുപേരെയും കളത്തില്‍ ഇറക്കാതിരുന്നത് പലരെയും വിസ്മയിപ്പിച്ചു. അത്തരം ഉയര്‍ന്ന മൂല്യമുള്ള കളിക്കാരെ ബെഞ്ച് ചെയ്യാനുള്ള തീരുമാനം ക്രിക്കറ്റ് പ്രേമികള്‍ക്കും വിശകലന വിദഗ്ധര്‍ക്കും ഇടയില്‍ ഒരു വലിയ ചര്‍ച്ചയ്ക്ക് കാരണമായി മാറുകയും ചെയ്തിട്ടുണ്ട്. പലരും ടീം മാനേജ്മെന്റിന്റെ തന്ത്രം ചോദ്യം ചെയ്യുന്നു. ഈ താരങ്ങളുടെ സാന്നിധ്യം മത്സരഫലത്തില്‍ മാറ്റം വരുത്താമായിരുന്നുവെന്ന് ചിലര്‍ വാദിക്കുന്നു.

എന്നിരുന്നാലും മത്സരം ഉയന്ന സ്‌കോറിംഗിലാണ് അവസാനിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ട മത്സരത്തില്‍ സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടിയത് 287 റണ്‍സായിരുന്നു. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും ക്ലാസന്റെ അര്‍ദ്ധശതകവുമായിരുന്നു നിര്‍ണ്ണായകമായത്. എന്നാല്‍ വിരാട് കോഹ്ലിയും ഫാഫ് ഡുപ്‌ളസിയും പിന്നാലെ ദിനേശ് കാര്‍ത്തിക്കിന്റെയും വെടിക്കെട്ടില്‍ പിന്തുടര്‍ന്ന ടീം 25 റണ്‍സ് പിറകില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു. മത്സരത്തില്‍ മുഴുവനായും പിറന്നത് 549 റണ്‍സായിരുന്നു.