Lifestyle

‘പാലു കുടിച്ചും സംഗീതം കേട്ടും വളരുന്ന കോഴി’; ഹാഫ് ചിക്കന് വില 5,500 രൂപ !

ഒരു ഹാഫ് ചിക്കന് എത്ര വിലവരും? എന്നാല്‍ ഈ റെസ്റ്റോറന്റില്‍ ഹാഫ് ചിക്കന് ചാര്‍ജ് ചെയ്യുന്നത് 5500 രൂപയാണ്. ഇപ്പോള്‍ ഈ റസ്‌റ്റോറന്റ് വൈറലാണ്. അതിന് കാരണവും ആളെക്കൊല്ലുന്ന ഈ വിലതന്നെയാണ്. പ്രത്യേകമായി വളര്‍ത്തുന്ന കോഴികളുടെ മാംസത്തിന് ഗുണവും രുചിയും കൂടുമെന്നാണ് ഉടമകളുടെ അവകാശവാദം. സംഗീതം കേള്‍പ്പിച്ചും പാൽ കൊടുത്തുമാണ് ഈ കോഴികളെ വളര്‍ത്തുന്നതെന്ന് അവകാശപ്പെട്ടാണ് ഈ ഉയർന്ന വിലയുടെ ന്യായീകരണമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാല്‍ ഈ കോഴികള്‍ പാട്ട് കേട്ട് പാലുകുടിച്ചാണ് വളരുന്നതെന്നതില്‍ എന്ത് ഉറപ്പാണുള്ളതെന്ന് ഭക്ഷണപ്രിയര്‍ ചോദിക്കുന്നു. ഈ റെസ്‌റ്റോറന്റ് സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. ഗ്വാങ് ഡോങ്ങിലെ ഒരു ഫാമില്‍ നിന്ന് കൊണ്ടുവന്ന് സണ്‍ഫ്‌ളവര്‍ ചിക്കന്‍ എന്നറിയപ്പെടുന്ന അപൂര്‍വ ഇനമാണ് ഇത്ര ഉയര്‍ന്ന വിലയില്‍ റെസ്റ്റോറന്റുകാര്‍ വിറ്റഴിക്കുന്നത്.

കോഴികള്‍ക്ക് അവിടെ പാല് കൊടുക്കുന്നുണ്ടോയെന്ന് ജീവനക്കാര്‍ക്ക് ഉറപ്പില്ല. എന്നാല്‍ കോഴിഫാമില്‍ സംഗീതം ഉണ്ട്. സൂര്യകാന്തി പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന നീര് ഉൾപ്പെടുന്ന ഒരു ഭക്ഷണക്രമമാണ് സൂര്യകാന്തി കോഴിക്ക് നൽകുന്നത്. ഇത് ത്രീ-യെല്ലോ ചിക്കൻ ഇനത്തിൽ പെടുന്നു, എംപറർ ചിക്കൻ എന്നും അറിയപ്പെടുന്നു.

പല സ്ഥലങ്ങളിലും ഈ കോഴിക്ക് 2000 രൂപ മുതല്‍ 11000 രൂപ വരെ വിലയുണ്ടാകാറുണ്ടെന്നും അവര്‍ പറഞ്ഞു.

ഇത്ര വില നല്‍കി ചിക്കന്‍ കഴിക്കാനായി ആളെത്തുമോയെന്നാണ് ഒരാളുടെ കമന്റ് . ഈ കഥ അംഗീകരിക്കാനായി സാധിക്കില്ലെന്നും ചിലര്‍ പറയുന്നു.എന്തായാലും സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലാണ്.