Crime

പൂനത്തിന്റെ ആദ്യ കൊലപാതകശ്രമം 2021ല്‍; 2 വര്‍ഷത്തിനുള്ളില്‍ മരിച്ചത്‌ 4 കുട്ടികള്‍

ന്യൂഡല്‍ഹി: മകനടക്കം നാലു കുട്ടികളെ കൊലപ്പെടുത്തിയ ഹരിയാന വനിത പൂനം ആദ്യ കൊലപാതകശ്രമം നടത്തിയത്‌ 2021 ല്‍. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആറു വയസുകാരി വിധിക്കു നേരേയായിരുന്നു വധശ്രമം. അന്നു രണ്ടു വയസുമാത്രം പ്രായമുണ്ടായിരുന്നു അനന്തരവള്‍ വിധിയുടെ മുഖത്ത്‌ പുനം തിളച്ച ചായ ഒഴിക്കുകയായിരുന്നു. ഇത്‌ അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു വിധിയുടെ അഞ്ചന്‍ അന്നു കരുതിയിരുന്നത്‌.

കഴിഞ്ഞ തിങ്കളാഴ്‌ച ഒരു കുടുംബച്ചടങ്ങിനിടെ പൂനം വിധിയെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. വീടിന്റെ സ്‌റ്റോര്‍ റൂമില്‍ വെള്ളം നിറച്ച ബക്കറ്റില്‍ തലമാത്രം മുങ്ങിയ നിലയില്‍ മുത്തശ്ശിയാണ്‌ കുട്ടിയെ കണ്ടെത്തിയത്‌. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു.

കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ പൂനം നാല്‌ വയസ്സുള്ള മകന്‍ ഉള്‍പ്പെടെ നാലു കുട്ടികളെയാണു കൊലപ്പെടുത്തിയത്‌. ഇതില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളാണ്‌. തന്നേക്കാള്‍ സൗന്ദര്യമുള്ളവരായതിനാലാണു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതെന്നാണു പൂനം പോലീസിനു മൊഴി നല്‍കിയത്‌. അതേ സമയം, മകനെ കൊന്നതിന്റെ കാരണം വ്യക്‌തമായിട്ടില്ല.

2023 ല്‍ സഹോദരന്റെ മകള്‍ ഇഷികയെയാണു പൂനം ആദ്യം കൊലപ്പെടുത്തിയത്‌. അന്ന്‌ ഒമ്പതു വസയായിരുന്നു കുട്ടിക്ക്‌. അതേ വര്‍ഷം തന്നെ മകന്‍ ശുഭത്തെ കൊലപ്പെടുത്തി. ഇഷികയുടെ മരണത്തില്‍ തനിക്കുനേരേ ഉയര്‍ന്ന സംശയം ഒഴിവാക്കാനായുള്ള തന്ത്ര ത്തിന്റെ ഭാഗമായിരുന്നു ഇതെന്നു പോലീസ്‌ കരുതുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ ഗ്രാമത്തിലുള്ള ജിയ എന്ന പെണ്‍കുട്ടിയെയും കൊന്നു. ഇതും തന്നെക്കാള്‍ സുന്ദരിയാണെന്ന കാരണത്താലായിരുന്നെന്നു പോലീസ്‌ പറയുന്നു. നാലാമത്തെ ഇരയാണ്‌ വിധി. കൊലപാതകങ്ങള്‍ നടത്തിയതു താന്‍ തന്നെയാണെന്ന്‌ അറസ്‌റ്റിലായ പൂനം പോലീസിനോടു സമ്മതിച്ചു. ആദ്യത്തെ മൂന്നു കൊലപാതകങ്ങളുടെയും വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കുറ്റവാളിക്കു വധശിക്ഷ നല്‍കണമെന്നു വിധിയുടെ പിതാവ്‌ സന്ദീപ്‌ പറഞ്ഞു.
‘അവരെക്കുറിച്ച്‌ എനിക്കു നേരത്തെ സംശയുമുണ്ടായിരുന്നു. എന്നാല്‍, കുടുംബാംഗങ്ങള്‍ ഞാന്‍ പറഞ്ഞത്‌ അംഗീകരിച്ചില്ല. അസൂയ കാരണം അവള്‍ എന്റെ മകളെ കൊന്നു. പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ എത്ര കുട്ടികള്‍ മരിക്കുമായിരുന്നു? അവസരം ലഭിച്ചാല്‍ എന്റെ മകനെയും ആക്രമിച്ചേക്കാം.’- സന്ദീപ്‌ പറഞ്ഞു.