Health

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്… ആര്‍ത്തവവിരാമം അടുക്കാറായോ ? ഈ 7ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ആര്‍ത്തവവിരാമത്തിന്റെ മുന്നോടിയായി ശരീരത്തിലും സ്വഭാവത്തിലും ചില ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ഇത്തരത്തില്‍ 7 മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ മാറ്റങ്ങളെ പൊതുവായി 7 കുഞ്ഞന്മാര്‍ എന്നാണ് വിളിക്കുന്നത്. ചൊറിച്ചില്‍, അമിതകോപം, ഉഷ്ണം, വണ്ണംവയ്ക്കുക, ഉറക്കംതൂങ്ങുക, മറവി, മാനസികബുദ്ധിമുട്ട് എന്നിവരാണ് ഏഴ് ആര്‍ത്തവവിരാമ കുഞ്ഞന്മാര്‍. ഏഴ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഏഴ് ലക്ഷണങ്ങളാക്കി ചിത്രീകരിച്ചിരിക്കുന്നത്.

  1. ചൊറിച്ചില്‍

ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് യോനിയില്‍ വരള്‍ച്ച അനുഭവപ്പെടാം. ഇതുമൂലം യോനി ഭാഗത്ത ചൊറിച്ചിലും നീറ്റലും ഉണ്ടാകാനിടയുണ്ട്. ഇത് ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമായി കരുതിപോരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ചൊറിച്ചില്‍ സ്ത്രീകളെ അസ്വസ്ഥരാക്കുന്നു. ചൊറിച്ചാല്‍ മാറുന്നതിനായി പ്രത്യേക ക്രീമുകള്‍ ഇന്ന് ലഭ്യമാണ്. ഹോര്‍മോണ്‍ ഉത്പാദനം നിലക്കുന്നതുകൊണ്ടാണ് യോനിഭാഗത്ത് വരള്‍ച്ച അനുഭവപ്പെടുന്നത്. ലോക്കല്‍ ഈസ്ട്രജന്‍ ക്രീം ഉപയോഗിക്കുന്നതുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ഒരു ഗൈനക്കോളജി ഡോക്ടറെ കാണുന്നത് നന്നായിരിക്കും.

  1. അമിതകോപം

ആര്‍ത്തവവിരാമം സംഭവിക്കുന്ന ചുരുക്കം ചില സ്ത്രീകളില്‍ അമിത കോപം കാണാറുണ്ട്. ഹോര്‍മോണ്‍ ഉല്‍പാദനം നിലയ്ക്കുന്നതിനാല്‍ തലച്ചോറിലെ സിറടോണ്‍ ഉല്‍പാദനത്തില്‍ വരുന്ന വ്യതിയാനമാണ് അമിത കോപത്തിന് കാരണം. എന്നാല്‍ ഇത് ആര്‍ത്തവവിരാമം സംഭവിക്കുന്ന എല്ലാവരിലും കാണാന്‍ കഴിഞ്ഞെന്നും വരില്ല. അമിതമായ വൃത്തി, കൃത്യനിഷ്ഠ തുടങ്ങിയ സ്വഭാവമാറ്റമെല്ലാം ഇതേത്തുടര്‍ന്ന് കണ്ടുവരാം. വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ ചിലപ്പോള്‍ ദേഷ്യം അണപൊട്ടിയെന്നുവരും. ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ മാത്രം മരുന്ന് കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയാവും.

  1. ഉഷ്ണം

ആര്‍ത്തവവിരാമത്തിന്റെ ആദ്യഘട്ടത്തില്‍ 60 ശതമാനം സ്ത്രീകളിലും അനുഭവപ്പെടുന്ന ബുദ്ധിമുട്ടാണ് അമിത ഉഷ്ണം അഥവാ ഉഷ്ണം പറക്കല്‍. പെട്ടെന്ന് കടുത്ത ഉഷ്ണം അനുഭവപ്പെടുന്നു. ചിലപ്പോള്‍ ചൂടും വേദനയും ഒരുമിച്ച് അനുഭവപ്പെടും. ആര്‍ത്തവവിരാമം സംഭവിച്ച് ഏതാനും വര്‍ഷങ്ങള്‍ ഇത് തുടരാന്‍ സാധ്യതയുണ്ട്. കൂടുതല്‍ സമയം ഫാനിന്റെ സഹായം കൂടാതിരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ശരീരം ആസകലം പ്രത്യേകിച്ച് മുഖത്തും കഴുത്തിലും മറ്റും ചൂട് അനുഭവപ്പെടുന്നു. മുഖവും ശരീരവും ചുവന്നു തുടുക്കുകയും ശരീരം പെട്ടെന്ന് വിയര്‍ക്കുകയും ചെയ്യുന്നു.

  1. വണ്ണംവയ്ക്കുക

ചില സ്ത്രീകളില്‍ ശരീരം വണ്ണം വയ്ക്കുന്നു. കൊഴുപ്പ് അടിയുന്നത് കൂടുതലാകുന്നതുകൊണ്ട് വയര്‍ ചാടുകയും സ്തനങ്ങള്‍ തൂങ്ങുകയും ചെയ്‌തെന്നുവരാം. മലര്‍ന്നു കിടക്കുമ്പോള്‍ വയര്‍ ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെങ്കില്‍ വയര്‍ ചാടുന്നതായി മനസിലാക്കാം. ഇത് വണ്ണംവയ്ക്കുന്നതുകൊണ്ടാണെന്ന് കരുതാം.

  1. ഉറക്കംതൂങ്ങുക

ഉറക്കക്കുറവ് ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് സാധാരണമാണ്. രാത്രിയിലുണ്ടാകുന്ന ഉഷ്ണം പറക്കലും മറ്റ് അസ്വസ്ഥതകളും മൂലം രാത്രിയില്‍ ഉറക്കം ശരിയാകാതെ വരുന്നതുകൊണ്ടാണ് സദാ ക്ഷീണവും ഉറക്കംതൂങ്ങലും അനുഭവപ്പെടുന്നത്. രാത്രിയില്‍ ഉറക്കറുവും പകല്‍ ക്ഷീണവും ഓഫീസ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

  1. മറവി

മറവി കൂടുന്നു. അടുക്കളയിലും ഓഫീസിലും പല കാര്യങ്ങളും മറന്നുപോകുന്നു. മറവി ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമായി കാണാവുന്നതാണ്. മറവി അടിക്കടിയുണ്ടാകുന്നത് പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും.

  1. മാനസികബുദ്ധിമുട്ട്

മാനസിക പ്രശ്‌നങ്ങള്‍ ഒന്നൊന്നായി ആര്‍ത്തവവിരാമത്തിന്റെ ഭാഗമായി ഉണ്ടാകുന്നു. അമിത ദേഷ്യവും, മറവിയും എല്ലാം കൂട്ടിക്കുഴച്ച് ചിലപ്പോള്‍ വലിയ മാനസിക ബുദ്ധിമുട്ടിന് തന്നെ കാരണമാകും. ഇത് അനിയന്ത്രിതമായി തോന്നുന്നുണ്ടെങ്കില്‍ ഒരു സൈക്യട്രിസ്റ്റിന്റെ സഹായം തേടുന്നത് നല്ലതാണ്.