പലര്‍ക്കും സ്പോര്‍ട്സില്‍ കടുത്ത താല്‍പര്യമുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ പഠനത്തില്‍ പിന്നാക്കമാകുക പതിവാണ്.
എന്നാല്‍ ഈ മിഥ്യാധാരണ തകര്‍ത്ത ഒരാളുണ്ട്. ക്രിക്കറ്റ് താരത്തില്‍ നിന്ന് മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഓഫീസറായി മാറിയ ഒരാള്‍. ഇന്ത്യയില്‍ ഒരു സ്റ്റാര്‍ ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ച കാര്‍ത്തിക് മധീരയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഒരിക്കല്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുമെന്ന് കരുതിയിരുന്ന മധീര ഇപ്പോള്‍ ഇന്ത്യന്‍ പോലീസ് സര്‍വീസിലാണ്. (ഐപിഎസ്). ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന കാര്‍ത്തിക് മധീര അണ്ടര്‍-13, അണ്ടര്‍-15, അണ്ടര്‍-17, അണ്ടര്‍-19 തലങ്ങളിലും യൂണിവേഴ്സിറ്റി തലത്തിലും ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. സംസ്ഥാന ടീമില്‍ എത്താനും രഞ്ജി കളിക്കാനുമൊക്കെ അവസരം കിട്ടുമെന്ന് കരുതിയിരിക്കെയാണ് ജീവിതത്തെ മാറ്റി മറിച്ച വഴിത്തിരിവായ സംഭവം ഉണ്ടാകുന്നത്. അയാളുടെ കരിയര്‍ തന്നെ അത് മാറ്റിക്കളഞ്ഞു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വ്യക്തിപരമായ കാരണങ്ങളും പരിക്കും കാരണം അദ്ദേഹത്തിന് പ്രിയപ്പെട്ട ക്രിക്കറ്റില്‍ നിന്നും ശ്രദ്ധ തിരിക്കേണ്ടിവന്നു. ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ (ജെഎന്‍ടിയു) കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ബിരുദത്തിന് ചേര്‍ന്നു അദ്ദേഹം . സ്പോര്‍ട്സില്‍ നിന്നും കരിയര്‍ പതിയെ വഴിതിരിഞ്ഞു. ഇതിനിടെ അദ്ദേഹത്തിന് സിവില്‍ സര്‍വീസിനോടുള്ള അഭിനിവേശമായി.
തന്റെ ആദ്യ മൂന്ന് യുപിഎസ്സി ശ്രമങ്ങളില്‍ പരാജയപ്പെട്ടെങ്കിലും കാര്‍ത്തിക് മധീര തളര്‍ന്നില്ല, യുപിഎസ്സി 2019 പരീക്ഷയില്‍ നാലാം ശ്രമത്തില്‍ കാര്‍ത്തിക് മധീര 103-ാം റാങ്ക് കരസ്ഥമാക്കി. ക്രിക്കറ്റില്‍ നിന്ന് ഐപിഎസിലേക്ക് കാര്‍ത്തിക് മധീര മാറിയെങ്കിലും കളിയോടുള്ള ഇഷ്ടം നഷ്ടപ്പെട്ടില്ല. നിലവില്‍ മഹാരാഷ്ട്ര കേഡറില്‍ നിയമിതനായ അദ്ദേഹം ലോണാവാലയില്‍ എഎസ്പിയായി സേവനമനുഷ്ഠിക്കുന്നു.