Sports

“ഇത് രാഹുലിന്റെ അവസാന ടെസ്റ്റ് മത്സരം?”: കളിയുടെ അവസാനത്തിലെ ആംഗ്യം സംസാരമാകുന്നു

കുറച്ചുകാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ അകത്തും പുറത്തുമായിട്ടാണ് കെ.എല്‍. രാഹുല്‍ നില്‍ക്കുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം താരം തിരിച്ചുവന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പക്ഷേ ന്യൂസിലന്റിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. അതുകൊണ്ടു തന്നെ ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് ശേഷം കെഎല്‍ രാഹുല്‍ അങ്ങിനെയൊരു ആംഗ്യം കാട്ടിയത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കലിന്റെ സൂചനയാണോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ക്ലിപ്പില്‍, കളി അവസാനിച്ചതിന് ശേഷം രാഹുല്‍ പിച്ചിലേക്ക് വണങ്ങുന്നതും അതില്‍ തൊടുന്നതും കാണാം. ഇതിന് പിന്നാലെ ഇത് രാഹുലിന്റെ അവസാന ടെസ്റ്റ് മത്സരമാണോ എന്ന് നിരവധി ആരാധകരാണ് ചോദിച്ചിരിക്കുന്നത്. പോസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് ഇപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2013 മുതല്‍ 2016 വരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം കളിച്ച സമയത്ത് രാഹുലിന്റെ ഹോം ഗ്രൗണ്ടായിരുന്നു വേദി എന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടക സംസ്ഥാനത്തെയും അദ്ദേഹം പ്രതിനിധീകരിക്കുന്നു.

അതേസമയം ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലും രാഹുല്‍ വന്‍ പരാജയമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ അദ്ദേഹം രണ്ടാം ഇന്നിംഗ്സിലാകട്ടെ 12 നും മടങ്ങി. അതുകൊണ്ടു കൂടിയാണ് ഈ സംശയം. ”ഇത് യാദൃശ്ചികമായി അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരമായിരുന്നോ???” ഒരു ഉപയോക്താവ് എഴുതി.


36 വര്‍ഷത്തിന് ശേഷമായിരുന്നു ന്യൂസിലന്റ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് വിജയം നേടുന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലെത്താനും അവര്‍ക്ക് കഴിഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന് പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയേല്‍ക്കാന്‍ കാരണം. ഈ പരാജയം ഇന്ത്യയുടെ ടെസ്റ്റ് റാങ്കിംഗിനെയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ കലാശ പോരാട്ടത്തിന്റെ സാധ്യതകളും ഇടിച്ചിരിക്കുകയാണ്.