Lifestyle

മാമ്പഴ ശര്‍ക്കര, ഈന്തപ്പഴ ശര്‍ക്കര, തേങ്ങ ശര്‍ക്കര.. കരിമ്പില്‍നിന്ന് മാത്രമല്ല, ഇങ്ങനെയും ശര്‍ക്കര നിര്‍മ്മിക്കാം

നല്ല അവലില്‍ ശർക്കരയും തേങ്ങയും ഇട്ട് കഴിക്കാനായി ഇഷ്ടമില്ലാത്തവരുണ്ടോ? കൂട്ടത്തില്‍ കടുപ്പത്തില്‍ ഒരു കട്ടന്‍ കൂടിയുണ്ടെങ്കില്‍ പിന്നെ ഒന്നും പറയേണ്ടാ.അതൊരു വികാരം തന്നെയായിരിക്കും . പായസത്തിലും ഉണ്ണയപ്പത്തിലുമൊക്കെ നമ്മള്‍ ചേര്‍ക്കുന്ന ശര്‍ക്കര ശരിക്കും എന്താണ്?

സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന അസംസ്‌കൃത മധുരവസ്തുവാണ് ശര്‍ക്കര. കരിമ്പിന്‍ നീരില്‍ നിന്നാണ് ശര്‍ക്കര ഉണ്ടാക്കുന്നത്. പണ്ട് ഇന്ത്യയില്‍ സാധാരണക്കാര്‍ ശര്‍ക്കരയായിരുന്നു മധുരത്തിനായി ഉപയോഗിച്ചിരുന്നത്. കാരണം പഞ്ചസാര സമ്പന്നര്‍ക്ക് മാത്രം ലഭ്യമാകുന്ന ഒന്നായിരുന്നു. കരിമ്പിന് പുറമേ ശര്‍ക്കര നിര്‍മിക്കുന്നതിനായി വേറെയും ഒരുപാട് വഴികളുണ്ട്. ഇന്ത്യയിലുള്ള മറ്റ് ചില ശര്‍ക്കരകളിവയാണ്.

ഈന്തപ്പഴ ശര്‍ക്കര/ ഖെജുരര്‍ ഗൂര്‍

ഡേറ്റ് പാം ജാഗറി എന്ന് അറിയപ്പെടുന്ന ഈ ശര്‍ക്കര ഈന്തപഴ സത്തില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ചോക്ലേറ്റ് പോലെയുള്ള രുചിയും ഇരുണ്ട നിറവുമുള്ള ഈ ശര്‍ക്കരയ്ക്ക് ഔഷധഗുണമുള്ളതായി പറയപ്പെടുന്നു. പശ്ചിമ ബംഗാളും, ഒറീസയുമൊക്കെ ഇത് ഉത്പാദിപ്പിക്കുന്നതിന് പ്രശസ്തമാണ്.

തേങ്ങ ശര്‍ക്കര / കോക്കനട്ട് ഷുഗര്‍

തെങ്ങിന്റെ പൂമൊട്ടിന്റെ തണ്ടിലെ സ്രവത്തില്‍ നിന്നുമാണ് ഈ ശര്‍ക്കര ഉണ്ടാക്കുന്നത്. ശ്രീലങ്കയിലും മലേഷ്യയിലുമൊക്കെ ഇത് ഉപയോഗിക്കാറുണ്ട്. ഇത് പ്രത്യേക തരം മധുര പലഹാരം ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. ഇതില്‍ മഗ്നീഷ്യം , ഇരുമ്പ് തുടങ്ങിയവ കൂടുതലാണ്.

കരുപ്പട്ടി /പന ശര്‍ക്കര

പനിയൊക്കെ വരുമ്പോള്‍ ചുക്കുക്കാപ്പി ഉണ്ടാക്കാനായി ഇത് ഉപയോഗിക്കുന്നു. ഇത് പനയില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ചെറിയ ചോക്ലേറ്റ് രുചിയുള്ള ഈ ശര്‍ക്കരയില്‍ ഇരുമ്പ്, മഗ്നീഷ്യം ഫോസ് ഫറസ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ട്.

മാമ്പഴ ശര്‍ക്കര/ ആംഗൂര്‍

മാമ്പഴത്തിന്റെ സ്രവത്തില്‍ നിന്നും നിര്‍മ്മിക്കുന്നു. വിറ്റാമിന്‍ സി, എ, ഇ എന്നിവയാല്‍ സമ്പന്നമാണ്. ദഹനം മെച്ചപ്പെടുത്തുന്നു കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.വിളര്‍ച്ച തടയാനായും സഹായിക്കുന്നു. ഗോവ, മഹാരാഷ്ട്ര . യു പി എന്നിവിടങ്ങളില്‍ ഇത് കാണപ്പെടുന്നു.

ചുവന്ന ശര്‍ക്കര/ ലാല്‍ ഗൂര്‍

കരിമ്പില്‍നിന്നാണ് സാധാരണയായി നിര്‍മ്മിക്കുന്നത്. ചുവപ്പ് കലര്‍ന്ന തവിട്ട് നിറമാണുള്ളത്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഇത്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായകമാകുന്നു. അസം വടക്കേ ഇന്ത്യയിലുമൊക്കെ ഇത് ഉപയോഗിക്കുന്നു.

സോര്‍ഗം ശര്‍ക്കര/ ജോവര്‍ ഗൂര്‍

സോര്‍ഗം ജൂസില്‍ നിന്നാണ് ഈ ശര്‍ക്കര നിര്‍മിക്കുന്നത്. നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനും ഇത് സഹായിക്കുന്നു. മഹാരാഷ്ട്ര , കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *