ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിന്റെ ഭാര്യയുമായുള്ള വേര്‍പിരിയലും പുതിയ ആളുമായുള്ള ഡേറ്റിംഗുമെല്ലാമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടുപിടിച്ച ചര്‍ച്ച. ചഹല്‍ ഭാര്യ ധനശ്രീയുമായി വേര്‍പിരിഞ്ഞോ എന്ന് ഇപ്പോഴും കൃത്യമായി വെളിപ്പെടുത്തിയില്ലെന്നിരിക്കെ താരത്തിന് റോഡിയോ ജോക്കി മഹ്വാഷുമായി എന്തെങ്കിലും ഇടപാടുകള്‍ ഉണ്ടോ എന്ന സംശയത്തിലാണ് ആരാധരും മാധ്യമങ്ങളും.
അടുത്തിടെ, യുസ്വേന്ദ്ര ചാഹലിന്റെ ക്രിസ്മസ് ആഘോഷത്തില്‍ നിന്ന് ആര്‍ജെ മഹ്വാഷിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രമാണ് ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. ഇരുവരും ഡേറ്റിംഗിലാണോ എന്ന് ആളുകള്‍ സംശയിക്കുന്നു. ചര്‍ച്ച കൊഴുത്തതോടെ ആര്‍ജെ മഹ്വാഷ് ഒടുവില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്. തങ്ങള്‍ പ്രണയത്തിലാണെന്ന് കഥകള്‍ വിടുന്നവര്‍ക്കെതിരേ അവര്‍ ആഞ്ഞടിച്ചു. എതിര്‍ലിംഗത്തില്‍പ്പെട്ട ഒരാളുമായി താന്‍ കണ്ടതുകൊണ്ടുമാത്രം ഇങ്ങിനെ ‘അടിസ്ഥാനമില്ലാത്ത’ വാര്‍ത്തകള്‍ പുറത്തുവിടരുതെന്ന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ പേര് പ്രശ്‌നത്തിലേക്ക് വലിച്ചിടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമിലെ തന്റെ കുറിപ്പില്‍ ആര്‍ജെ മഹ്വാഷ് എഴുതി, ”ചില ലേഖനങ്ങളും ഊഹാപോഹങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഈ കിംവദന്തികള്‍ എത്രമാത്രം അടിസ്ഥാനരഹിതമാണെന്ന് കാണുന്നത് അക്ഷരാര്‍ത്ഥത്തില്‍ തമാശയാണ്. നിങ്ങള്‍ ഒരു എതിര്‍ലിംഗത്തില്‍പ്പെട്ട ആളെ കണ്ടാല്‍ ആ വ്യക്തിയുമായി ഡേറ്റിംഗ് നടത്തുകയാണോ? ക്ഷമിക്കണം ഇത് ഏത് വര്‍ഷമാണ്? അപ്പോള്‍ നിങ്ങള്‍ എത്ര പേരുമായി ഡേറ്റിംഗ് നടത്തുന്നു? ഞാന്‍ ഇപ്പോള്‍ 2-3 ദിവസമായി ക്ഷമയോടെ കാത്തിരിക്കുകയാണ്.
മറ്റുള്ളവരുടെ പ്രതിച്ഛായ മറയ്ക്കാന്‍ എന്റെ പേര് ഇതിലേക്ക് വലിച്ചിടാന്‍ ഒരു പി.ആര്‍. ടീമിനെയും അനുവദിക്കില്ല. ദുഷ്‌കരമായ സമയങ്ങളില്‍ ആളുകളെ അവരുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുക. ” അവര്‍ കുറിച്ചു. യുസ്വേന്ദ്ര ചാഹലിന്റെയും ധനശ്രീ വര്‍മയുടെയും വിവാഹമോചന കിംവദന്തികള്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ച സമയത്താണ് അവരുടെ ഡേറ്റിംഗ് കിംവദന്തികള്‍ ഉയര്‍ന്നത്. ധനശ്രീയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള കിംവദന്തികള്‍ ഉയര്‍ന്നുവന്നതോടെ, ക്രിക്കറ്റ് താരം തന്റെ അനുയായികളോട് ‘സത്യമോ അല്ലാത്തതോ ആയ കാര്യങ്ങളില്‍’ ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.