Health

റിലേഷന്‍ഷിപ്പ്; സുരക്ഷിതമായ ബന്ധത്തിലാണോ നിങ്ങളെന്ന് എങ്ങനെ തിരിച്ചറിയാം ?

ഒരു റിലേഷന്‍ഷിപ്പില്‍ സുരക്ഷിതരായി ഇരിയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. പങ്കാളികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വളരെ പെട്ടെന്നായിരിയ്ക്കും വിള്ളലുകള്‍ വീഴുന്നത്. പങ്കാളികള്‍ക്ക് പരസ്പരം സുരക്ഷിതത്വബോധം തോന്നിയാല്‍ മാത്രമേ എല്ലാ ബന്ധങ്ങളും സന്തോഷത്തോടെ കൊണ്ടു പോകാന്‍ സാധിയ്ക്കുകയുള്ളൂ. ബന്ധങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും സുരക്ഷിതമായും മുന്നോട്ട് പോകണമെങ്കില്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും മനസിലാക്കിയിരിയ്ക്കണം…..

  • സെല്‍ഫ് ടൈമുണ്ടാക്കുക – ബന്ധങ്ങള്‍ വളരെ പ്രധാനമാണെങ്കിലും പങ്കാളികള്‍ക്ക് സ്വന്തമായി അവരുടേതായ സെല്‍ഫ് ടൈം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ഏത് ബന്ധത്തിലായാലും എപ്പോഴും പങ്കാളിയെ മാത്രം ആശ്രയിച്ച് ജീവിക്കാതിരിക്കാന്‍ പറ്റണം. പരസ്പരം വേണ്ട സെല്‍ഫ് ടൈം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പക്ഷെ നിങ്ങള്‍ ഒരുമിച്ചാല്‍ ആ ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന ഉറപ്പും വേണം.
  • പരസ്പരം പിന്തുണയ്ക്കുക – എല്ലാ ബന്ധങ്ങളുടെയും അടിത്തറ പരസ്പരമുള്ള പിന്തുണയാണ്. പങ്കാളിയില്‍ നിന്ന് നിങ്ങളുടെ വ്യക്തി ജീവിതത്തിലും അതുപോലെ ഔദ്യോഗിക ജീവിതത്തിലും പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. എന്തെങ്കിലും ആശയക്കുഴപ്പങ്ങളോ അല്ലെങ്കില്‍ വിഷമങ്ങളോ വരുമ്പോള്‍ കൃത്യമായൊരു പരിഹാരം നല്‍കാനും അല്ലെങ്കില്‍ ശരിയായ വഴി തിരഞ്ഞെടുത്ത് തരാനും നിങ്ങളുടെ പങ്കാളിയ്ക്ക് കഴിയുന്നുണ്ടോയെന്ന് നോക്കുക. അത് നിന്റെ പ്രശ്‌നമല്ലേ നീ തന്നെ പരിഹാരം കണ്ടോളൂ എന്ന് ഒരിക്കലും പങ്കാളിയോട് പറയാതിരിക്കുക.
  • യഥാര്‍ത്ഥ നിങ്ങളായിരിക്കുക – ഒരു മറയുമില്ലാതെ നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെ തുടരാന്‍ സാധിക്കുന്നതാണ് എപ്പോഴും സുരക്ഷിതമായ ബന്ധത്തിന്റെ അടിസ്ഥാനം എന്ന് വേണമെങ്കില്‍ പറയാം. കാരണം പങ്കാളിയുടെ മുന്നില്‍ എല്ലാ കാര്യങ്ങള്‍ക്കും അഭിനയിക്കേണ്ടി വരുന്നത് അത്ര നല്ലതല്ല. നിങ്ങള്‍ എന്താണെന്ന് മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെ വന്നേക്കാം. അവരുടെ മുന്നില്‍ മനസ് തുറന്ന് കരയാനും ചിരിക്കാനും പറ്റുന്നതാണ് ബന്ധത്തെ കൂടുതല്‍ സുന്ദരവും ദൃഢവുമാക്കുന്നത്.
  • മൂല്യങ്ങള്‍ പങ്കുവയ്ക്കുക – എല്ലാവര്‍ക്കും സ്വന്തമായി ചില മൂല്യങ്ങളും കാഴ്ചപ്പാടുകളുമുണ്ടാകും. ഇത് പരസ്പരം പങ്കുവയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. പങ്കാളിയുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും തെറ്റാണെന്ന് ഒരിക്കലും പറയാതിരിക്കുക. ഭാവിയെക്കുറിച്ച് ഒരുമിച്ച് പ്ലാന്‍ ചെയ്യാനും ചിന്തിക്കാനും കഴിയണം. ഒരുമിച്ചുള്ള ജീവിതം മാത്രമല്ല ഒറ്റയ്ക്കുള്ള നേടാനുള്ള ലക്ഷ്യങ്ങളെക്കുറിച്ചും പങ്കാളിയോട് പങ്കുവയ്ക്കുക. അവരില്‍ നിന്നുള്ള പിന്തുണ അതിന് വളരെ പ്രധാനമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അത് പരസ്പരം പങ്കുവയ്ക്കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും പങ്കാളികള്‍ക്ക് കഴിയുന്നുണ്ടോ എന്ന് മനസിലാക്കണം.
  • എന്തും സംസാരിക്കാം – പാര്‍ട്ടണറിനോട് എന്തും സംസാരിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണെന്ന് പറയാം. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ കഴിയുന്നത് സുരക്ഷിതമായ ബന്ധത്തിനുള്ള ഉദ്ദാഹരണമാണ്. ഏത് വിഷയത്തിലും പങ്കാളിയുമായി സംവദിക്കാന്‍ കഴിയുക അല്ലെങ്കില്‍ പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കുക എന്നത് പ്രധാനമാണ്. സംസാരിക്കാന്‍ ഒരിക്കലും ഒരു വിഷയമില്ലാതിരിക്കുന്നത് തന്നെ നല്ലൊരു ബന്ധത്തിന്റെ തെളിവാണ്. ഇഷ്ടപ്പെട്ട പുസ്തകം, സിനിമ, രാഷ്ട്രീയം, ഗോസിപ്പ് തുടങ്ങി ആ ലിസ്റ്റ് അങ്ങനെ നീണ്ടു പോയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *