Featured Good News

ഉറങ്ങിക്കിടന്നപ്പോള്‍ ഭര്‍ത്താവ് ആസിഡ് മുഖത്ത് ഒഴിച്ചു; ജീവിതം ആത്മവിശ്വാസത്താല്‍ തിരികെ പിടിച്ച് സാക്കിറ

ഭര്‍ത്താവും മക്കളുമൊത്തുള്ള ഒരു മനോഹരമായ കുടുംബ ജീവിതം ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. അത്തരത്തില്‍ ഒരു ഒരുപാട് സ്വപ്നങ്ങളുമായി ജീവിതം നയിച്ച വ്യക്തിയായിരുന്നു സാക്കിറ ഷെയ്ഖ്. ഒരു ദിവസം ഭര്‍ത്താവ് ഉറങ്ങിക്കിടന്നിരുന്ന അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. മുഖം പൊള്ളി ചെവിയും കണ്ണും നഷ്ടമായി. ഭാര്യ ജോലിക്ക് പോകുന്നത് അപമാനമായി കണ്ട ഒരു ഭര്‍ത്താവിന്റെ ക്രൂരതയായിരുന്നു അത്.

പതിനേഴാം വയസ്സിലായിരുന്നു സാക്കിറയുടെ വിവാഹം. വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ തന്നെ ഭര്‍ത്താവ് അവരെ മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. വീട്ടുകാരോട് പരാതി പറയുമ്പോള്‍ അഡ്ജസ്റ്റ് ചെയ്യാനായിരുന്നു വീട്ടുകാരുടെ മറുപടി. രണ്ട് പെണ്‍കുട്ടികളാണ് സക്കിറയ്ക്കുള്ളത്.ആണ്‍കുഞ്ഞിനെ വേണമെന്ന് പറഞ്ഞായിരുന്നു ആദ്യനാളുകളില്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നത്.

വീട്ടിലെ ചെലവിന് പോലും ഭര്‍ത്താവ് തരാറില്ലെന്നും സാക്കിറ പറയുന്നു. തുടര്‍ന്ന് പാര്‍ട്ട് ടൈം ആയി ഒരു സോപ്പ് നിര്‍മ്മാണ കമ്പനിയില്‍ ജോലിയ്ക്കായി പോകാമെന്ന് സാക്കിറ തീരുമാനിക്കുന്നു. ഈ തീരുമാനം തനിക്ക് അപമാനമാണെന്ന് ഭര്‍ത്താവ് കരുതി. കൂടാതെ സാക്കിറയ്ക്ക് അവിഹിതബന്ധമുണ്ടെന്നും ആരോപിച്ചു.

പെട്ടെന്ന് ഒരു ദിവസം ഒട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഭര്‍ത്താവ് ഉറങ്ങികിടന്നിരുന്ന സാക്കിറയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു.അവരെ സഹായിക്കാനായി ആരെയും അനുവദിക്കാതെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് നാല് മാസം ആശുപത്രിയില്‍ കിടന്നു വേദന കടിച്ചമര്‍ത്തി. ഭക്ഷണം കഴിക്കാനോ കണ്ണ് തുറക്കാനായി പോലും സാധികാത്ത അവസ്ഥയായിരുന്നു. ആശുപത്രി ജീവിതത്തിന് ശേഷം മടങ്ങിയെത്തിയ സാക്കിറയെ സ്വീകരിച്ചത് ബന്ധുക്കളുടെയും ഉറ്റവരുടെയും അവഗണനാമനോഭാവമാണ്. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് പോലും അടുത്ത് വരാനായി ഭയം.

എന്നാല്‍ ഈ സമയവും കടന്നു പോകും, ഇതിനെയും അതിജീവിക്കണമെന്ന് ഉറച്ച് വിശ്വസിച്ചു സാക്കിറ. അങ്ങനെയാണ് മേക്കപ്പ് ആർട്ടിസ്റ്റാകാൻ സാക്കിറ തീരുമാനിച്ചത്. സ്വന്തം മുഖത്ത് തന്നെ മേക്കപ്പിട്ട് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. കളയാക്കലുകള്‍ അവിടെയും നേരിട്ടെങ്കിലും മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. പ്രൊഫഷണലായി മേക്കപ്പ് പഠിച്ചെടുത്തു. എന്‍ജിഒകളുടെ സഹായത്തോടെ മുഖത്ത് സര്‍ജറികള്‍ നടത്തി. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റായി പല പ്രമുഖ ഫാഷന്‍ ഷോകളുടെയും ഭാഗമായി.

ഇങ്ങനെ വികൃതമായ മുഖവുമായി ജീവിക്കുന്നതിന് പകരം മരിച്ചൂടെ എന്ന് ചോദിച്ചവരോട് കൂടിയാണ് എനിക്ക് പറയാനുള്ളത്, മരണമല്ല ഒന്നിനും പരിഹാരം. ഞാൻ അതിജീവിച്ചുവെങ്കിൽ നിങ്ങൾ ഓരോരുത്തർക്കും അതിജീവിക്കാനാകും.’’– സാക്കിറ പറയുന്നു.

കൈവിട്ട് പോയ ജീവിതം അവര്‍ പതുക്കെ തിരികെ പിടിച്ചു. ഇന്ന് അറിയപ്പെടുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് സാക്കിറ.