പാലക്കാട്: ശരീരത്തില്‍ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും അടയാളങ്ങള്‍. പുറംഭാഗം മുഴുവന്‍ വടികൊണ്ട് അടിച്ചതിന്റെ പാടുകള്‍. തലയില്‍ രക്തസ്രാവം. വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തിസ്ഗഡ് സ്വദേശി രാംനാരായണന് ഭയ്യാറിന്റെശരീരത്തില്‍ കണ്ടെത്തിയത് നാല്‍പ്പതോളം മുറിവുകള്‍. തല മുതല്‍ കാലുവരെയുള്ള ഭാഗങ്ങളിലാണ് മുറിവേറ്റിരുന്നത്. തലയിലും ശരീരത്തിലുമേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. 17ന് ഉച്ചയ്ക്ക് രണ്ടരയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്താണ് രാംനാരായണ ഭയ്യാറിനു മര്‍ദനമേറ്റത്. ആള്‍ക്കൂട്ടത്തിന്റെ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലില്‍ മര്‍ദ്ദനമേറ്റ ഭയ്യാര്‍ ചോരതുപ്പി നിലത്തുവീണു. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ആള്‍ക്കൂട്ടം തല്ലിച്ചതച്ചത്. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ കല്ലങ്കാട് വീട്ടില്‍ അനു (38), മഹല്‍കാഡ് വീട്ടില്‍ പ്രസാദ് (34), മഹല്‍കാഡ് വീട്ടില്‍ മുരളി (38), കിഴക്കേ അട്ടപ്പള്ളം ആനന്ദന് (55), വിനീത നിവാസില്‍ വിപിന്‍ (30) എന്നിവരെയാണ് വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ട ആക്രമണത്തിന് ബി.എന്‍.എസ് 103 (2) പ്രകാരമാണ് കേസെടുത്തത്. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ പണി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകള്‍ക്കും സമീപം സംശയാസ്പദമായ രീതിയില്‍ രാംനാരായണിനെ കണ്ടെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന യുവാക്കള്‍ സ്ഥലത്തെത്തി ഇയാളെ പിടികൂടി. മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദിച്ചു. എന്നാല്‍, മോഷണവസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. ചോരതുപ്പി കുഴഞ്ഞുവീണ ഭയ്യാറിനെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസെത്തി ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു.
കെട്ടിട നിര്‍മാണ മേഖലയില്‍ തൊഴിലന്വേഷിച്ചാണ് നാലുദിവസം മുമ്പ് പാലക്കാട്ടെത്തിയതെന്നും നാട്ടില്‍ ഒരു കേസില്‍ പോലും പ്രതിയല്ലാത്ത ആളാണെന്നും രാംനാരായണ ഭയ്യാറിന്റെ ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു. ഇവിടത്തെ ജോലി ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ നാട്ടിലേക്ക് തിരിച്ചുവരാനിരുന്നതാണ്. ഇവിടെ പുതിയ ആളായതിനാല്‍ വഴിയൊന്നും അറിയുമായിരുന്നില്ല.
എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തപ്പെട്ടതാകാം. ഒരു ക്രിമിനല്‍ റെക്കോഡുമില്ലാത്ത ആളാണ്. നാട്ടില്‍ ഒരു കേസില്‍ പോലും പ്രതിയല്ല. മാനസികമായി ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ല. മദ്യപിക്കാറുണ്ട്. എന്നാല്‍, ആരുമായും ഒരു പ്രശ്നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്. കുടുംബം പോറ്റുന്നതിന് ജോലിയെടുക്കാനാണ് ഇവിടെ വന്നത്. – ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു. രാംനാരായണ്‍ ഭയ്യാര്‍ മോഷ്ടാവാണെന്ന ആരോപണവും കുടുംബം നിഷേധിച്ചു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ലാ പോലീസ് മേധാവി സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് നിര്‍ദ്ദേശിച്ചു.




