ചുവന്ന മാംസത്തിനു പകരം കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പരാഗത വിശ്വസം . കോഴിയിറച്ചിയും മറ്റു വെറ്റ് മീറ്റുകളും കഴിക്കുന്നത് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ കാൻസറും മറ്റു കാരണങ്ങൾ കൊണ്ടുമുള്ള മരണ സാധ്യതയും ഗണ്യമായി വർധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു.
അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിന്റെ വക്താവ് തെരേസ ജെന്റൈലിന്റെ നേതൃത്വത്തിൽ ന്യൂട്രിയന്റുകളിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെക്കൻ ഇറ്റലിയിൽ താമസിക്കുന്ന 4,869 ആളുകളാണ് പഠനത്തിൽ പങ്കെടുത്തത്. ഇവർ ഭക്ഷണക്രമം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള സർവേയിൽ പങ്കെടുത്ത് വിവരങ്ങൾ നൽകിയിരുന്നു.
2006 മുതൽ 2024 വരെയുള്ള പഠന കാലയളവിൽ, ഗവേഷകർ മാംസ ഉപഭോഗത്തെ റെഡ്, വെറ്റ് എന്നിങ്ങനെ തരംതിരിച്ച് വിവരങ്ങൾ ശേഖരിച്ചു. ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ (ഏകദേശം 10 ഔൺസ്) കോഴിയിറച്ചി കഴിക്കുന്നവർക്ക് ആഴ്ചയിൽ 100 ഗ്രാമിൽ താഴെ (ഏകദേശം 3.5 ഔൺസ്) മാത്രം കഴിക്കുന്നവരെ അപേക്ഷിച്ച് ഉയർന്ന കൊളസ്‌ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ച് മരിക്കാനുള്ള സാധ്യത 27% കൂടുതലാണെന്ന് പഠനം കണ്ടെത്തി.
300 ഗ്രാമിൽ കൂടുതൽ വെളുത്ത മാംസം കഴിക്കുന്നവരിൽ ഈ അപകടസാധ്യത ഗണ്യമായി വർധിച്ചു. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ മരണകാരണങ്ങൾക്കും ഇത് കാരണമാകുമെന്നാണ് പഠനം പറയുന്നത്. ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ വെറ്റ് മീറ്റ് കഴിക്കുന്ന ആളുകൾക്ക് 100 ഗ്രാമിൽ താഴെ കഴിക്കുന്നവരെ അപേക്ഷിച്ച് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ കാൻസർ മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാണ്. ചിക്കൻ പാകം ചെയ്യുന്ന രീതിയും സംസ്കരിക്കുന്നതും ആരോഗ്യത്തെ സ്വാധീനിച്ചേക്കാം. “ഗ്രിൽ ചെയ്യുക, ബാർബിക്യൂ ചെയ്യുക, വറുക്കുക തുടങ്ങിയ ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഹെറ്ററോസൈക്ലിക് അമിനുകളും പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കാൻസർ സാധ്യത വർധിപ്പിക്കും.”
പഠനത്തിൽ പങ്കെടുത്തവർ മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നുണ്ടെങ്കിലും, അവർ കഴിച്ച ചില കോഴിയിറച്ചി സംസ്കരിച്ചതായിരിക്കാം. സംസ്കരിച്ച മാംസത്തിൽ സോഡിയം, പ്രിസർവേറ്റീവുകൾ, പൂരിത കൊഴുപ്പ് എന്നിവ കൂടുതലാണ്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. സംസ്കരിച്ച ചിക്കൻ ഉൽപന്നങ്ങളും ചിക്കൻ നഗ്ഗറ്റുകളും ഒഴിവാക്കുക. പകരം മേച്ചിൽപ്പുറങ്ങളിൽ വളർത്തുന്നതോ ജൈവികമോ ആയ ചിക്കൻ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.