Oddly News

ഹാരപ്പയിലെ ആ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താമോ? നിങ്ങള്‍ക്ക് ലഭിക്കുക കോടികള്‍

ഹാരപ്പന്‍ സംസ്‌കാരം അഥവാ സിന്ധുനദീതട സംസ്‌കാരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങള്‍ പുറത്തിറങ്ങിയിട്ട് 100 വര്‍ഷം തികയുകയാണ്. ഹാരപ്പന്‍ കാലഘട്ടം ഇന്നും പല ദുരൂഹതകള്‍ ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. ഇപ്പോഴിതാ വളരെ കൗതുകകരമായ ഒരു വാര്‍ത്ത പുറത്തുവരുന്നു. സിന്ധുനദിതട മേഖലയില്‍ നിന്നും കണ്ടെത്തിയ ചില പ്രാചീന ലിഖിതങ്ങളില്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കി പറയാനായി സാധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട്.

8.57 കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അവിടെ ഉണ്ടായിരുന്ന ഭാഷ ദ്രാവിഡഭാഷയാണെന്ന് വളരെ കാലമായി ഡിഎം കെ വാദമുയര്‍ത്തുന്നുണ്ട്.എന്നാല്‍ ഇവിടെ ചില ചിത്രലിപികളില്‍ കണ്ടെത്തിയ ലിഖിതങ്ങളിലെ ഭാഷ മനസ്സിലാക്കാനായി ഗവേഷകര്‍ക്ക് ഇതുവരെ സാധിച്ചില്ല.

സിന്ധുനദീതട സംസ്‌കാരം സാങ്കേതിക ശേഷിയുടെ കാര്യത്തില്‍ മുന്നിട്ട് നിന്നിരുന്നതായിരുന്നു. വീട്ടുപകരണങ്ങള്‍, വീടുകളില്‍ നിന്നുള്ള വെള്ളം കാനകളിലേക്ക് എത്തിക്കുന്ന സംവിധാനങ്ങള്‍, സ്നാനഘട്ടം, ധാന്യപ്പുരകള്‍ എന്നിവയൊക്കെ സിന്ധു നദീതട സംസ്‌കാരത്തില്‍പ്പെട്ട നഗരങ്ങളിലുണ്ടായിരുന്നു. ഹാരപ്പന്‍ സമൂഹം എങ്ങനെ വാസയോഗ്യമല്ലാതായി എന്നുള്ള കാര്യത്തില്‍ വിദഗ്ധര്‍ തമ്മില്‍ ഇന്നും ചര്‍ച്ചകല്‍ തുടരുകയാണ്. കാലവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നിരവധി പ്രശ്നങ്ങളോ അല്ലെങ്കില്‍ ശത്രുസേനകളുടെ ആക്രമണോ ആയിരിക്കാം നഗരത്തിന്റെ നാശത്തിന് കാരണമായതെന്നാണ് പൊതുവായ ഒരു അഭിപ്രായം.

ആര്‍ക്കിയോളിജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ദയാറാം സാഹ്നി ഹാരപ്പ നഗരം കണ്ടെത്തിയതോടെയാണ് സിന്ധുനദീതട സംസ്‌കാരത്തിനെപ്പറ്റി ആദ്യമായി അറിവ് ലഭിക്കുന്നത്. കൃത്യമായി പ്ലാന്‍ ചെയ്ത നഗരസംവിധാനങ്ങളും മലിനജലം ഒഴുക്കിക്കളയാനുള്ള കനാല്‍ശൃംഖലയുമൊക്കയുള്ള ഹാരപ്പ നഗരം 1921 ല്‍ ആദ്യം കണ്ടെത്തിയപ്പോള്‍ പുരാവസ്തുഗവേഷകര്‍ ഞെട്ടിപ്പോയി. തൊട്ടുപിന്നാലെയായിരുന്നു മോഹന്‍ ജൊദാരോയുടെ കണ്ടെത്തല്‍. ആര്‍ഡി ബാനര്‍ജി എന്ന രഖല്‍ ദാസ് ബാനര്‍ജിയാണ് ഈ പ്രാചീനനഗരം കണ്ടെത്തിയത്.

ഇന്നത്തെ പാക്കിസ്ഥാനിലും ഇന്ത്യയിലുമായി സിന്ധുനദീതട സംസ്‌കാരത്തിന്റെ കേന്ദ്രങ്ങളായ പല നഗരങ്ങള്‍ താമസിക്കാതെ മറനീക്കി പുറത്തുവന്നു. ഗുജറാത്തിലെ ലോഥലും രാജസ്ഥാനിലെ കാലിബംഗാനുമൊക്കെ ഇതില്‍പ്പെടും. വരള്‍ച്ചയോ പകര്‍ച്ചവ്യാധിയോ കാരണം ഇവിടെ താമസിച്ചിരുന്ന സമൂഹം നശിച്ചിരിക്കാം. അല്ലെങ്കില്‍ അവര്‍ താമസം മാറ്റിയിരിക്കാം എന്നായിരുന്നു ഇത് മുന്നോട്ട് വച്ചവര്‍ പറഞ്ഞത്.