Health

കുപ്പി വെള്ളം : ബോട്ടിലുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും

യാത്രകളിലും ഓഫീസിലും കോളേജിലുമൊക്കെ പോകുമ്പോള്‍ നമ്മുടെ ബാഗില്‍ ഒരു കുപ്പി വെള്ളം കാണും. വെള്ളം കൂടെ കരുതുന്നത് നല്ല ശീലമാണ്. എന്നാല്‍ കൊണ്ടു പോകുന്ന കുപ്പിയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ചിലപ്പോള്‍ പ്രശ്നമാകും.

മിക്കവര്‍ക്കുമുള്ളൊരു ശീലമാണ് മുമ്പ് വാങ്ങിയ മിനറല്‍ വാട്ടറിന്റേയോ സോഫ്റ്റ് ഡ്രിങ്ക്സിന്റെയോ ബോട്ടിലില്‍ വെള്ളം സൂക്ഷിക്കുകയെന്നത്. അങ്ങനൊരു ശീലം നിങ്ങള്‍ക്കുമുണ്ടെങ്കില്‍ അറിയുക, ഇത്തരം ബോട്ടിലുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്.

മിനറല്‍ വാട്ടര്‍, സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പികളുടെ അടിവശത്തോ ലേബലിലോ ഒരു ത്രികോണത്തിലായി ആയി 16 വരെയുള്ളതില്‍ ഒരക്കവും പെറ്റ് എന്നീ അക്ഷരങ്ങളും. പോളി എഥിലീന്‍ ടെറഫ്തലെറ്റ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ടെക്സ്‌റ്റൈല്‍ മേഖലയിലെ പോല്‍സ്റ്റെയറും ഇതും ഒന്നുതന്നെയാണ്. സുതാര്യവും ദൃഢവും കാര്‍ബണ്‍ഡൈയോക്‌സൈഡിനെ തടയാനുള്ള കഴിവുമാണ് കാര്‍ബണേറ്റഡ് പാനീയങ്ങളുടെ കുപ്പികളായി പെറ്റിനെ ഉപയോഗിക്കാന്‍ കാരണം.

പാക്ക് ചെയ്ത അവസരത്തില്‍ നിരുപദ്രവകാരിയായ ഈ കുപ്പികളെ അപകടകാരിയാക്കുന്നത് അശ്രദ്ധമായ നമ്മുടെ ഉപയോഗമാണ്. പെറ്റിന് പരമാവധി 93 ഡിഗ്രി ചൂട് വരെ മാത്രമേ പ്രതിരോധിക്കാനാവൂ. അതിലധികമായാല്‍ പ്ലാസ്റ്റിക് ഉരുകുകയും തന്മാത്രകള്‍ വിഘടിക്കുകയും ചെയ്യും. തന്മാത്ര ചെയിനുകള്‍ വിഘടിക്കുമ്പോള്‍ ബിസ്‌ഫെനോള്‍ എ എന്ന രാസവസ്തു ഉണ്ടാവും.

ബിസ്‌ഫെനോള്‍ എ വെള്ളം കുടിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെത്തുകയും ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകളില്‍ തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. ജനനവൈകല്യം, സ്തനാര്‍ബുദം, മൂത്രാശയ കാന്‍സര്‍, പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍, അബോര്‍ഷനുള്ള സാധ്യത, പ്രമേഹം എന്നീ അസുഖങ്ങളും ഇത്തരം കുപ്പികളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം വരുത്തിവയ്ക്കും.

ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാന്‍ കഴിവുള്ള ഈ രാസവസ്തു പ്രത്യുല്‍പ്പാദനത്തേയും ബുദ്ധിവികസനത്തേയും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.