മനുഷ്യരുടെ കാഴ്ച നഷ്ടപ്പെടുത്തുന്ന, റിവർ ബ്ലൈൻഡ്നെസ്’ അണുബാധയുണ്ടാക്കുന്ന പ്രാണികളുടെ സാന്നിധ്യം പശ്ചിമ ബംഗാളിൽ കണ്ടെത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ. വടക്കൻ മേഖലകളിലൂടെ ഒഴുകുന്ന ഡാർജിലിങ്, കലിംപോങ് തുടങ്ങിയ നദികളിലാണ് രക്തം കുടിക്കുന്ന കറുത്ത പ്രാണികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഈ പ്രാണികളെ വഹിക്കുന്ന വിരകളാണ് കാഴ്ചയ്ക്ക് ഹാനികരമാകുന്നത്.
തദ്ദേശീയമായി ‘പിപ്സ’, ‘പൊട്ടു’ എന്നിങ്ങനെയാണ് പ്രാണികൾ അറിയപ്പെടുന്നത്. ‘റിവർ ബ്ലൈൻഡ്നെസ്’ എന്ന അണുബാധയ്ക്കാണ് ഇവ കാരണമാകുന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലാണ് പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയെന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം മേഖലയിൽ ആർക്കും ‘റിവർ ബ്ലൈൻഡ്നെസ്’ കണ്ടെത്തിയിട്ടില്ലെന്നും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ഒഞ്ചോസെർക്ക വോൾവുലസ് എന്ന വിരകളാണ് റിവർ ബ്ലൈൻഡ്നെസിന് കാരണമാകുന്നത്. പ്രാണികൾ മനുഷ്യരുടെ രക്തം കുടിക്കുന്നതുവഴി ഇവ വഹിക്കുന്ന വിരകൾ മനുഷ്യശരീത്തിലേക്ക് പ്രവേശിക്കും. തുടർന്ന്, ഇവ ചർമത്തിനടിയിൽ ചെറിയ മുഴകൾ ഉണ്ടാക്കുന്നു. ഇതു വളരുമ്പോൾ അവ രക്തപ്രവാഹത്തിലൂടെ കണ്ണുകളിലേക്ക് എത്തുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
പ്രാണികളെ കണ്ടെത്തുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ അണുബാധയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാകും. സിമുലിഡേ എന്ന കുടുംബത്തില് ഉൾപ്പെടുന്ന പ്രാണികളാണ് വിരയുടെ വാഹകർ. വളരെ ചെറിയ വലിപ്പം മാത്രമുള്ള ഇവയെ കാണാനും ബുദ്ധിമുട്ടാണ്. കണ്ടെത്താനായാലും അതിന് മുൻപ് തന്നെ ഇവ മനുഷ്യരക്തം കുടിച്ചിരിക്കാമെന്നാണ് റിപ്പോർട്ട്. അതേസമയം പ്രാണികളുടെ സാന്നിധ്യം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇവയെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാംപിൾ പരിശോധന നടത്തും. ഡിഎൻഎ ബാർകോഡിങ് എന്ന പ്രക്രിയ വഴിയാണ് ഇവയെ തിരിച്ചറിയുക.
ഡാർജിലിങ്, കലിംപോങ് ജില്ലകളിലെ എട്ട് സ്ഥലങ്ങളിൽ ഗവേഷണം നടത്തി പ്രാണികളുടെ സാംപിളുകൾ ശേഖരിച്ചതായി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രജ്ഞനായ ഡോ. അതാനു നാസ്കർ ദേശീയ മാധ്യമമായ ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.