Celebrity

‘ഒന്നു കൊന്നു തരാമോ എന്ന് ​​ഡോക്ടറോട് ചോദിച്ചു; ‘ ഗെയിം ഓഫ് ത്രോണ്‍സി’ലെ സൂപ്പര്‍ താരത്തിനെ തളര്‍ത്തിയ രോഗം

ഗെയിം ഓഫ് ത്രോണ്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ഇംഗ്ലീഷ് സീരിസ് കണ്ടവരാര്‍ക്കും മറക്കാനാവാത്ത ഒരു കഥാപാത്രമാണ് എമിലിയ ക്ലാര്‍ക്ക് അവതരിപിച്ച ഡനേരിയസ് ടാര്‍ഗേറിയന്റേത്. എമിലയയുടെ ഡനേരിയസ് സീരിസില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ മരണത്തിന്റെ വക്കിലെത്തിച്ച രണ്ട് അന്യൂറിസങ്ങളെ അതിജീവിച്ചാണ് എമിലിയ ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനയം പൂര്‍ത്തിയാക്കിയതെന്ന് എത്ര പേര്‍ക്കറിയാം? അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് എമിലിയ തന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം തന്നെ ഭാഗികമായി നിലപ്പിച്ച രോഗത്തെ പറ്റി വെളിപ്പെടുത്തിയത്.

തലച്ചോറിലെ രക്തധമനിയുടെ ഭിത്തിയുടെ ഒരു ഭാഗം ദുര്‍ബലമായി പുറത്തേക്ക് തള്ളുമ്പോളാണ് അന്യുറിസം ഉണ്ടാകുന്നത്. എന്നാല്‍ ഇത് ചികിത്സിക്കാതെ ഇരുന്നാല്‍ രക്തധമനി പൊട്ടി ആന്തരിക രക്തസ്രാവത്തിലേക്ക് നയിക്കാം. രക്തത്തില്‍ ക്ലോട്ട് ഉണ്ടായി രക്തതധമനിക്കുള്ളിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്താനും ഈ രോഗം കാരണമാകും. 2011ല്‍ വ്യായാമത്തിനിടയാണ് എമിലിയ്ക്ക് ആദ്യമായി ഈ രോഗം ഉണ്ടായത്. പെട്ടെന്ന് തന്നെ തലചുറ്റിവീഴുകയായിരുന്നു. തീവ്രമായ വേദനയുമുണ്ടായി. സബ് അരക്നോയ്ഡ് ഹെമറേജാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. സംസാരശേഷി ശസ്ത്രക്രിയയെ തുടര്‍ന്ന് നഷ്ടമാകും എന്ന അവസ്ഥയും എമിലിയ നേരിട്ടു.

മരിക്കാന്‍ തന്നെ പലപ്പോഴും തോന്നിയിട്ടുണ്ടെന്നും തന്നെ ഒന്ന് കൊന്ന് തരാന്‍ മെഡിക്കല്‍ സംഘത്തോട് അപേക്ഷിച്ചതായും അവര്‍ പറയുന്നു. താന്‍ ഇതിനെ അതിജീവിക്കില്ലായെന്നായിരുന്നു കരുതിയതെന്ന് എമിലിയ പറയുന്നു. 2013 ല്‍ എമിലിയ്ക്ക് ഈ രോഗം വീണ്ടും ഉണ്ടായി. ഇത്തവണ തലച്ചോറിന്റെ മറുഭാഗത്തായിരുന്നു. കൂടുതല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ ഇതില്‍ നിന്ന് മുക്തയായ എമിലിയ തന്നെപോലെ കഷ്ടപ്പെടുന്നവര്‍ക്ക് താങ്ങും തണലുമാകാനായി തീരുമാനിച്ചു.

സെറിബ്രല്‍ അന്യുറിസം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരാം. പുകവലിയുടെ ചരിത്രമുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് രോഗസാധ്യത അധികമാണ്. രക്തസമ്മര്‍ദ്ദം താഴേക്ക് പോകല്‍, തണുത്ത ചര്‍മ്മം, വര്‍ധിച്ച ഹൃദയമിടിപ്പ്, ആശയക്കുഴപ്പം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, നിരന്തരമായ ക്ഷീണം, കടുത്ത തലവേദന, ഓക്കാനം, ഛര്‍ദ്ദി, വയറ്റിലും നെഞ്ചിലും പുറത്തും വേദന, കാഴ്ചയില്‍ വ്യതിയാനം എന്നിവയൊക്കെയാണ് രോഗ ലക്ഷണങ്ങള്‍.