വിവാഹത്തിനോട് പല സ്ത്രീകളും വിമുഖത കാണിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. അല്ലെങ്കില്‍ പിന്നീട് മതി വിവാഹം എന്ന ചിന്തയായിരിക്കും പലവര്‍ക്കും. പഠനം, ജോലി, കരിയര്‍ എന്നിവയ്ക്ക് പ്രധാന്യം നല്‍കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി ആയതിനുശേഷം വിവാഹം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് മിക്ക സ്ത്രീകളും. അതിനാല്‍ തന്നെ പ്രസവത്തിന്റെ കാലയളവും നീണ്ടുപോകാം.
30 ന് ശേഷം മതി പ്രസവവും കുട്ടികളെന്നും പലരും ചിന്തിക്കാറുണ്ട്. കാലത്തിന്റെ മാറ്റം, ജീവിതരീതി എന്നിവ നോക്കിയാല്‍ ഇതാണ് പ്രായോഗികമെന്നും തോന്നാം എന്നാല്‍ 30 വയസിന് ശേഷമുള്ള പ്രസവത്തിലെ ആരോഗ്യ പ്രശ്നങ്ങളും റിസ്‌കും പലരെയും ആശങ്കയിലാഴ്ത്തുന്നു. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 30ന് ശേഷവും ആദ്യ പ്രസവം നടത്താം.
30 വയസിനും 34 വയസിനുമിടയില്‍ ഓരോ മാസവും ഗര്‍ഭിണിയാവാനുള്ള സാധ്യത 15 മുതല്‍ 19 ശതമാനം വരെയാണ്. 35 മുതല്‍ 39 വയസ് വെര ഇത് 10 മുതല്‍ 14 ശതമാനം വരെയുമാണ്. 30 ന് ശേഷമുള്ള ആദ്യപ്രസവത്തില്‍ റിസ്‌കുകള്‍ ഏറെയാണ്. ഗര്‍ഭം അലസാനുള്ള സാധ്യത, ക്രോമസോമുകളില്‍ വരുന്ന മാറ്റം, ഗര്‍ഭകാല പ്രമേഹവും രക്താതിമര്‍ദ്ദവും, കുഞ്ഞിന് കുറഞ്ഞ ഭാരവും അകാല പ്രസവവും, വൈകാരികവും ശാരീരകവുമായി വെല്ലുവിളികള്‍ എന്നിവ നേരിടാം.
ഡോക്ടറെ സമീപിച്ച് ശരീരക്ഷമത പരിശോധിക്കുക, ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുക, പുകവലി മദ്യപാനം ഉപേക്ഷിക്കുക, അണ്ഡോത്പാദനം നിരീക്ഷിക്കുക, ആവശ്യമാണെങ്കില്‍ ടെസ്റ്റും ചികിത്സയും നേടുക. അമേരിക്കന്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റുകളുടെ (ACOG) കണക്കനുസരിച്ച്, യുഎസില്‍ നടക്കുന്ന പ്രസവങ്ങളില്‍ 17 ശതമാനവും 35 വയസിനു മുകളിലാണ് സംഭവിക്കുന്നത്. ഓരോ സ്ത്രീയുടെയും ശരീരം വ്യത്യസ്തമാണ്. ശരിയായ പരിചരണവും പിന്തുണയും ഉണ്ടെങ്കിൽ 30 ന് ശേഷം ഗർഭധാരണം സാധ്യമാണ്