Movie News

‘തലൈവര്‍ 170’ ന്റെ പേര് പ്രഖ്യാപിക്കും ; രജനീ ആരാധകര്‍ക്ക് ജന്മദിന സമ്മാനം നല്‍കാന്‍ അണിയറക്കാര്‍

ജയിലര്‍ വന്‍ വിജയമായതിന് പിന്നാലെ വലിയ ആകാംഷയോടെയാണ് ആരാധകര്‍ ടി.ജെ. ജ്ഞാനവേലിനൊപ്പമുള്ള രജനീകാന്തിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നത്. ‘തലൈവര്‍ 170’ എന്ന പേരിട്ടിരിക്കുന്ന സിനിമയ്ക്ക് രജനീകാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12 ന് പേരിടുമെന്ന് സൂചന. ആരാധകരുടെ ആഘോഷങ്ങള്‍ക്കൊപ്പം സിനിമയുടെ ഒരു അപ്‌ഡേറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

ചിത്രത്തിന്റെ പേര് സൂപ്പര്‍സ്റ്റാറിന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് ജന്മദിന സമ്മാനമായി നല്‍കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്. സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സോഷ്യല്‍ ഡ്രാമയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബാട്ടി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തിരുനെല്‍വേലിയിലും കേരളത്തിലും ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ‘തലൈവര്‍ 170’ ടീം കന്യാകുമാരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

‘തലൈവര്‍ 170’ സെറ്റിനിടെ റിതിക സിങ്ങിന് പരിക്കേറ്റത് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു, ആക്ഷന്‍ സീക്വന്‍സിനിടെ ഗ്ലാസില്‍ വീണ് നടിക്ക് കൈകള്‍ക്ക് ചെറിയ പരിക്കേറ്റു. റിതിക സിംഗ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ തന്റെ പരിക്കിനെക്കുറിച്ച് ആരാധകരെ അറിയിക്കുന്നതിനായി ചിത്രങ്ങള്‍ പങ്കിട്ടു, പരിക്കിനെത്തുടര്‍ന്ന് അവര്‍ ഒരു ചെറിയ ഇടവേള എടുത്തിട്ടുണ്ട്.