മലയാളത്തില്‍ ഉള്‍പ്പെടെ അനേകം ആരാധകരുള്ള അല്ലു അര്‍ജുന്റെ പുഷ്പ 2 ദി റൂള്‍സിന്റെ വരവിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. പുഷ്പയുടെ ആദ്യ പതിപ്പില്‍ ഉജ്വല പ്രകടനം നടത്തിയ അല്ലു അര്ജുന് ദേശീയ പുരസ്ക്കാരവും അതിലൂടെ നേടിയെടുത്തു. ഇതിന് പിന്നാലെ ഈ സുകുമാര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും എത്തുന്നുണ്ട്.
എന്നാല്‍ ഈ സിനിമയ്ക്കായി അല്ലു അര്ജുന് ചോദിച്ചിരിക്കുന്ന പ്രതിഫലമാണ് ഇപ്പോള്‍ സംസാരവിഷയം. സിനിമയില്‍ ഒരു രൂപ പോലും അല്ലു അര്ജുന് ചോദിച്ചിട്ടില്ലത്രേ. പകരം സിനിമയുടെ ലാഭവിഹിതത്തിന്റെ 33 ശതമാനമാണ് താരം വാങ്ങുന്നതെന്നാണ് അറിയുന്നത്. സിനിമ ഒ.ടി.ടി., സാറ്റലൈറ്റ്, തീയറ്റര്‍ റിലീസിംഗിലൂടെ കിട്ടുന്നതിന്റെ പങ്കാണ് താരം ചോദിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.
പുഷ്പയുടെ ആദ്യ പതിപ്പായ ദി റൈസിംഗ് വന്‍ വിജയമായിരുന്നു. സിനിമ അല്ലു അര്ജുന് വലിയ നേട്ടവും ഉണ്ടാക്കിക്കൊടുത്തു. അതുകൊണ്ടു തന്നെ സിനിമയുടെ ഇനീഷ്യല്‍ തന്നെ വന്‍ തുക നേടിക്കൊടുക്കുമെന്നാണ് സിനിമാ ബിസിനസ് കേന്ദ്രങ്ങള്‍ പറയുന്നത്. 2024 ആഗസ്റ്റ് 15 നാണ് സിനിമ തീയേറ്ററില്‍ എത്തുന്നത്. രശ്മികാ മന്ദാന തന്നെയാണ് രണ്ടാം പതിപ്പിലും നായിക. ത്രിവിക്രമന്‍ ശ്രീനിവാസിന്റെ എഎ 28 സിനിമയിലാണ് അല്ലു അര്ജുന് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.




