നമ്മുടെ വീടുകളിൽ സാധാരണയായി ചോറ് കൂടുതൽ അളവിലാണ് ഉണ്ടാക്കാറുള്ളത്, അതുകൊണ്ട് തന്നെ അടുത്ത ദിവസത്തേക്ക് ഇത് ബാക്കി വരാറുണ്ട്. ചിലർ ഇത് വീണ്ടും ചൂടാക്കി കഴിക്കുമ്പോൾ, മറ്റുചിലർ കളയാറാണ് പതിവ്. എന്നാൽ ബാക്കിവന്ന ചോറ് ഉപയോഗിച്ച് കുട്ടികൾക്ക് പോലും ഇഷ്ടപ്പെടുന്ന രുചികരമായ പ്രഭാതഭക്ഷണങ്ങൾ ഉണ്ടാക്കാമെന്ന് നിങ്ങൾക്കറിയാമോ?
വെജ് ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ- ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി സവാള, കാരറ്റ്, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ വഴറ്റുക. അതിലേക്ക് ചോറ് ചേർത്ത് നന്നായി ഇളക്കുക. രുചി കൂട്ടാൻ അല്പം സോയ സോസോ നിങ്ങളുടെ ഇഷ്ടപ്പെട്ട മസാലകളോ ചേർക്കാവുന്നതാണ്. മിനിറ്റുകൾക്കുള്ളിൽ സ്വാദിഷ്ടമായ ഫ്രൈഡ് റൈസ് തയ്യാറാകും.
കടലമാവോ റവയോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു തരം ദോശ നിങ്ങൾ പലപ്പോഴും കഴിച്ചിട്ടുണ്ടാകും, എന്നാൽ ചോറ് കൊണ്ട് ഉണ്ടാക്കുന്ന റൈസ് ചില്ലയും അത്രതന്നെ രുചികരമാണ്. ബാക്കിവന്ന ചോറ് മിക്സിയിൽ അടിച്ചെടുത്ത ശേഷം അതിൽ പച്ചമുളക്, സവാള, മല്ലിയില, മസാലകൾ എന്നിവ ചേർത്ത് ഒരു മാവ് തയ്യാറാക്കുക. ഇത് തവയിൽ ഒഴിച്ച് സ്വർണ്ണനിറമാകുന്നതുവരെ ചുട്ടെടുക്കാം. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ചട്ണിയോ ടൊമാറ്റോ കെച്ചപ്പോ കൂട്ടി ഇത് കഴിക്കാവുന്നതാണ്.
റൈസ് പോപ്സ് തയ്യാറാക്കാൻ ചോറിനൊപ്പം വേവിച്ച പച്ചക്കറികളും മസാലകളും അല്പം ചീസും ചേർത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കുക. ഇവ ബ്രെഡ് ക്രംസിൽ (ബ്രെഡ് പൊടിയിൽ) മുക്കി എണ്ണയിൽ സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കാം. പുറംഭാഗം നല്ല മൊരിഞ്ഞതും ഉള്ളിൽ മൃദുവായതുമായ ഈ റൈസ് പോപ്സ് കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും, ഇത് നല്ലൊരു സ്റ്റാർട്ടർ കൂടിയാണ്.
വൈകുന്നേരത്തെ ചായപ്പലഹാരമായും പ്രഭാതഭക്ഷണമായും കഴിക്കാൻ പറ്റിയ ഒന്നാണ് റൈസ് പക്കോഡ. വേവിച്ച ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, മസാലകൾ എന്നിവ ചോറിനൊപ്പം കുഴച്ച് ചെറിയ പക്കോഡകളാക്കി എണ്ണയിൽ വറുത്തെടുക്കുക. ചൂടുചായയ്ക്കോ ചട്ണിക്കോ ഒപ്പം ഇത് വിളമ്പാം.
നിങ്ങൾക്ക് ദക്ഷിണേന്ത്യൻ വിഭവങ്ങളാണ് ഇഷ്ടമെങ്കിൽ ബാക്കിവന്ന ചോറ് ഉപയോഗിച്ച് എളുപ്പത്തിൽ ലെമൺ റൈസ് (നാരങ്ങ ചോറ്) ഉണ്ടാക്കാം. കടുക്, കറിവേപ്പില, നിലക്കടല, നാരങ്ങാനീര് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം രുചിയിലും മണത്തിലും മികച്ചതാണ്. അതുകൊണ്ട്, ഇനി രാത്രിയിലെ ചോറ് ബാക്കി വന്നാൽ കളയാൻ വരട്ടെ, പകരം അവ ഇതുപോലെ രുചികരമായ പലഹാരങ്ങളാക്കി മാറ്റിക്കോളൂ.




