Sports

സിംഗിൾ നിഷേധിച്ചു; അടുത്ത ഓവറിൽ നാല് സിക്സുകൾ തൂക്കി സ്മിത്ത്, നാണക്കേടിലായി ബാബർ, ബൗണ്ടറി ലൈൻ തട്ടി തെറിപ്പിച്ചു– വിഡിയോ

ബിഗ് ബാഷ് ലീജിൽ സ്റ്റീവന്‍ സ്മിത്ത് സിംഗിള്‍ നിഷേധിച്ചതിന് പിന്നാലെ കലിപ്പനായി ബാബര്‍ അസം. സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിലാണ് സിഡ്‌നി സിക്‌സേഴ്‌സ് താരമായ ബാബറിന് ദേഷ്യം പിടിച്ചത്.

മത്സരത്തിനിടെ അപമാന ഭാരവുമായി ഗ്രൗണ്ടിൽനിന്ന് മടങ്ങി പാക്കിസ്ഥാന്റെ സൂപ്പർ താരം ബാബർ അസം. സിഡ്നി സിക്സേഴ്സ് താരമായ ബാബറുമായി ബാറ്റിങ്ങിനിടെ സഹതാരം സ്റ്റീവ് സ്മിത്ത് സ്ട്രൈക്ക് കൈമാറാതിരുന്നതാണു പുതിയ ചർച്ചാവിഷയം. മത്സരത്തിൽ മികച്ച ഫോമിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് 42 പന്തിൽ സെഞ്ചറിയടിച്ച് സിഡ്നി സിക്സേഴ്സ് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. 



സിഡ്നി തണ്ടേഴ്സ് ടീമിനെതിരെ 190 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സിക്സേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 16 പന്തുകൾ ബാക്കി നിൽക്കെയാണു വിജയത്തിലെത്തിയത്. 11–ാം ഓവറിലെ അവസാന പന്തിലായിരുന്നു ബാബര്‍ അസമിനു നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. പന്ത് ലോങ് ഓണിലേക്ക് അടിച്ച ബാബർ ഓടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് സ്റ്റീവ് സ്മിത്ത് വേണ്ടെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. ഓസ്ട്രേലിയൻ താരത്തിന്റെ നടപടിയിൽ ബാബർ ഗ്രൗണ്ടിൽവച്ചു തന്നെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

തുടർന്നു വന്ന ഓവറിൽ സ്ട്രൈക്ക് എടുത്ത സ്മിത്ത് തുടർച്ചയായി നാലു സിക്സുകളും ഒരു ഫോറും ബൗണ്ടറി കടത്തി, 32 റൺസാണ് അടിച്ചെടുത്തത്. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ഒരു ഓവറിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഇതിനു ശേഷം നേരിട്ട ആദ്യ പന്തിൽ തന്നെ ബാബർ പുറത്തായി മടങ്ങുകയും ചെയ്തു. ഗ്രൗണ്ട് വിടുന്നതിനിടെ ബൗണ്ടറി ലൈനിൽ ബാറ്റു കൊണ്ട് ആഞ്ഞടിച്ച് ബാബർ രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാണ്.