ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരം ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങൾ വിചാരിക്കുന്നത് പോലെ അത് ‘A’ എന്ന അക്ഷരമല്ല. എല്ലാ വ്യക്തിഗത സർവ്വനാമങ്ങളിലും (personal pronouns) ഈ അക്ഷരം കടന്നുവരുന്നു. ഏതാണ് ആ അക്ഷരം എന്ന് നമുക്ക് നോക്കാം.
ഇംഗ്ലീഷ് ഭാഷയില്‍ ഏറ്റവും സാധാരണമാണ് ഈ അക്ഷരം, എല്ലാ ഇംഗ്ലീഷ് വാക്കുകളിലും അതായത്, ഏകദേശം 11 ശതമാനം വാക്കുകളിലും ഈ അക്ഷരം കാണപ്പെടുന്നു. എഴുത്തിലും സംസാരത്തിലും, ഈ ഇംഗ്ലീഷ് അക്ഷരം തന്നെയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്നതുപോലെ ആ ഇംഗ്ലീഷ് അക്ഷരം ‘A’ അല്ല, അത് ‘E’ ആണ്. ‘be’, ‘he’, ‘me’ പോലുള്ള വാക്കുകൾ മുതൽ ‘experience’, ‘development’, ‘celebration’ പോലുള്ള നീണ്ട പദങ്ങളിൽ വരെ, ദൈനംദിന ആശയവിനിമയത്തിൽ ‘E’ ഒഴിച്ചുകൂടാനാവാത്തതാണ്.
ക്രിപ്റ്റോഗ്രാഫി (ഗൂഢഭാഷാശാസ്ത്രം), ഭാഷാ പഠനം എന്നിവയുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി ഭാഷാശാസ്ത്രജ്ഞരും സ്ഥിതിവിവരക്കണക്ക് വിദഗ്ദ്ധരും ഈ അക്ഷരത്തിന്റെ ആവർത്തന സാധ്യത (ഫ്രീക്വൻസി) പഠനവിധേയമാക്കിയിട്ടുണ്ട്. കൂടുതൽ ഇംഗ്ലീഷ് പാഠങ്ങളിൽ നിന്ന് തയ്യാറാക്കിയ ഫ്രീക്വൻസി ലിസ്റ്റുകളിൽ, ‘E’ എല്ലായ്പ്പോഴും ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുന്നു. വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരു സ്വരാക്ഷരമായിട്ട് കൂടി ‘A’ സാധാരണയായി രണ്ടാമത്തോ മൂന്നാമത്തോ ആണ് വരുന്നത്.
ഇംഗ്ലീഷിൽ ലാറ്റിൻ, ഫ്രഞ്ച്, ജർമ്മൻ ഉത്ഭവത്തിൽ നിന്ന് ധാരാളമായി വാക്കുകൾ കടമെടുത്തിട്ടുള്ളതിനാൽ, ‘E’ വ്യാപകമായി ഉപയോഗിക്കുന്ന ആ ഭാഷകളുടെ അടിസ്ഥാന സ്വാധീനം കൊണ്ടാണ് ‘E’ യുടെ ഈ പ്രാധാന്യം.’
ഉദാഹരണത്തിന്, രണ്ടാം ലോകമഹായുദ്ധത്തിൽ, ജർമ്മൻ കോഡുകൾ തകർക്കാൻ കോഡ് ബ്രേക്കർമാർ ‘E’യുടെ ഈ ആവർത്തന സാധ്യത പരിഗണിച്ചിരുന്നു. ഇന്ന്, പസിൽ നിർമ്മാതാക്കളും എഴുത്തുകാരും ഗെയിം ഡെവലപ്പർമാരും ക്രോസ് വേഡുകൾ, വേർഡ് ഗെയിമുകൾ, അല്ലെങ്കിൽ ‘ഹാങ്മാൻ’ പോലുള്ള പസിലുകൾ എന്നിവ നിർമ്മിക്കുമ്പോൾ അക്ഷരങ്ങളുടെ ഫ്രീക്വൻസി വിവരങ്ങൾ ഉപയോഗിക്കാറുണ്ട്. വേഗതയും എളുപ്പവും ഉറപ്പാക്കാൻ കീബോർഡ് ലേഔട്ടുകൾ പോലും ‘E’ യുടെ സ്ഥാനം ഈ കാരണങ്ങളെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.
ആശ്ചര്യകരമെന്നു പറയട്ടെ, ചില എഴുത്തുകാർ ‘E’ എന്ന അക്ഷരത്തെ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. ‘ലിപ്പോഗ്രാം’ (Lipogram) എന്നറിയപ്പെടുന്ന ഈ രചനാവൈഭവം പ്രശസ്തമായത് ഏണസ്റ്റ് വിൻസെന്റ് റൈറ്റ് 1939-ൽ എഴുതിയ ‘ഗാഡ്സ്ബി’ (Gadsby) എന്ന നോവലിലൂടെയാണ്. 50,000-ത്തിലധികം വാക്കുകളുള്ള ഈ നോവലിൽ ഒരൊറ്റ ‘E’ പോലും ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട്, ‘A’ ആണ് ഇംഗ്ലീഷ് അക്ഷരമാലയിലെ രാജ്ഞി എന്ന് നമ്മളിൽ മിക്കവരും അറിയാതെ വിശ്വസിക്കുന്നുണ്ടെങ്കിലും, നമ്മുടെ വാക്യങ്ങളെയും കഥകളെയും രഹസ്യങ്ങളെയും പോലും നിർണ്ണയിക്കുന്നത് നിശബ്ദമായി ഇംഗ്ലീഷ് അക്ഷരമാലയിൽ ആധിപത്യം സ്ഥാപിക്കുന്ന ‘E’ എന്ന അക്ഷരമാണ്.




