ന്യൂയോര്‍ക്ക് ആക്ടിവിസ്റ്റും കവിയുമായ റയാന് കാര്സണ് തിങ്കളാഴ്ച ബ്രൂക്ലിനില്‍ കാമുകിക്ക് മുന്നില്‍ മാരകമായി കുത്തേറ്റു മരിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുലര്‍ച്ചെ നാലുമണിയോടെ കാമുകിക്കൊപ്പം തെരുവില്‍ നില്ക്കുമ്പോള് 32 കാരനായ കാര്സണ് ക്രൗണ്‍ ഹൈറ്റ്സ് പരിസരത്ത് വെച്ച കുത്തേല്‍ക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ലോംഗ് ഐലന്‍ഡിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുന്ന കാര്‍സണും കാമുകിയും ഒരു ബസ് സ്റ്റോപ്പ് ബെഞ്ചില്‍ ഇരിക്കുന്നതായി കാണാം. തുടര്‍ന്ന് ഇരുവരും എഴുന്നേറ്റ് ബ്ലോക്കിലൂടെ നടക്കാന്‍ തുടങ്ങി. അവര്‍ക്ക് തൊട്ടുമുമ്പിലായി ഒരു കാരണവുമില്ലാതെ ഒരാള്‍ സമീപം നിര്‍ത്തിയിട്ടിരിക്കുന്ന സ്കൂട്ടറിന് അരകിലേക്ക് പോകുന്നത് കാണാം. ഇയാള്‍ പെട്ടെന്ന് തിരിഞ്ഞു വന്ന് അവരുടെ നേരെ തിരിഞ്ഞ് ”എന്താണ് നിങ്ങള്‍ നോക്കുന്നത്?” എന്ന് ചോദിച്ച് കാര്‍സന്റെ നെഞ്ചില്‍ പലതവണ കുത്തി. മുറിവേറ്റ് കാര്സണ നിലത്ത് കിടന്നപ്പോള്‍, അക്രമി തിരികെ വന്ന് ഭയചകിതയായ സ്ത്രീയുടെ അടുത്തെത്തി അവളുടെ നേരെ തുപ്പുകയും ചെയ്യുന്നുണ്ട്.
മിസ്റ്റര്‍ കാര്‍സനെ ഉടന്‍ കിംഗ്സ് കൗണ്ടി ഹോസ്പിറ്റല്‍ സെന്ററില്‍ എത്തിച്ചെങ്കിലും കുത്തേറ്റ മുറിവ് ഹൃദയത്തില്‍ തുളച്ചുകയറിയതിനാല്‍ മരണത്തിന് കീഴടങ്ങി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ന്യൂയോര്‍ക്ക് പബ്ലിക് റിസര്‍ച്ച് ഗ്രൂപ്പിന്റെ പ്രശസ്ത ആക്ടിവിസ്റ്റും ദീര്‍ഘകാല പ്രചാരണ സംഘാടകനുമായിരുന്നു റയാന് കാര്സണ്.