സ്ഫടിക സമാനമായ തിളങ്ങുന്ന കൊറിയൻ സ്കിൻ ഇന്ന് പല സ്ത്രീകളുടെയും സൗന്ദര്യ സ്വപ്നമാണ്. കൊറിയൻ സൗന്ദര്യ സംരക്ഷണത്തിന്റെ പ്രധാന ഭാഗമാണ് അരി കഴുകിയ വെള്ളം. ഇതിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ചുളിവുകളും നേർത്ത വരകളും മറ്റ് വാർദ്ധക്യ ലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. ഈ പരമ്പരാഗത രീതിക്ക് ലോകമെമ്പാടും പ്രചാരം വർധിച്ചുവരികയാണ്.
എന്നാൽ, ഗ്ലാസ് സ്കിൻ ലഭിക്കാൻ അരി കഴുകിയ വെള്ളം മാത്രം പോരാ. വിലകൂടിയ ഉത്പന്നങ്ങളോ, കഠിനമായ രാസവസ്തുക്കളോ ഉപയോഗിക്കാതെ തിളക്കമുള്ള ചർമ്മം നേടാൻ സഹായിക്കുന്ന മറ്റ് പല പ്രകൃതിദത്ത ചേരുവകളും ഉണ്ട്. അവ ഏതൊക്കെയാണെന്ന് വിദഗ്ദ്ധർ പറയുന്നു.
അരി കഴുകിയ വെള്ളത്തിൻ്റെ ഗുണങ്ങൾ
വിദഗ്ദ്ധനായ ഡെർമറ്റോളജിസ്റ്റ് ദീപാലി ഭരദ്വാജ് പറയുന്നതനുസരിച്ച്, കൊറിയൻ ചർമ്മം ഇന്ത്യൻ ചർമ്മത്തേക്കാൾ കനം കുറഞ്ഞതാണ്. അതിനാൽ ഇന്ത്യക്കാര്‍ അരി കഴുകിയ വെള്ളം ദിവസവും ഉപയോഗിക്കുന്നതിന് പകരം ആഴ്ചയിൽ 2-3 തവണ മാത്രം ഉപയോഗിച്ചാൽ മതി. ഇത് ചർമ്മം ശുദ്ധമാക്കാൻ സഹായിക്കുകയും പാടുകൾ കുറച്ച് ചർമ്മം മൃദുവും തിളക്കമുള്ളതുമാക്കുകയും ചെയ്യും. എന്നാല്‍, മുഖക്കുരു, പിഗ്മെൻ്റേഷൻ അല്ലെങ്കിൽ സെൻസിറ്റീവ് ചർമ്മമുള്ളവർ ഇത് അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം.
മോയ്സ്ചറൈസേഷനും കൊളാജനും നൽകുന്ന കറ്റാർവാഴ
ഔഷധഗുണങ്ങൾ നിറഞ്ഞ കറ്റാർവാഴ മുഖത്തിന് വളരെ ഫലപ്രദമാണ്. അതിൻ്റെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും മോയ്സ്ചറൈസേഷനും ചുളിവുകൾ കുറയ്ക്കാനും, കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും, ചർമ്മം മൃദുവും കുറ്റമറ്റതുമാക്കാനും സഹായിക്കുന്നു.
തണുപ്പും മോയ്സ്ചറൈസേഷനും നൽകുന്ന വെള്ളരി
വെള്ളരി തണുപ്പിക്കുന്നതിനും മോയ്സ്ചറൈസേഷനും പേരുകേട്ടതാണ്. വെള്ളരി കഷ്ണങ്ങളോ നീരോ മുഖത്ത് പുരട്ടുന്നത് വീക്കവും നീരും കുറയ്ക്കാൻ സഹായിക്കും. വെള്ളരി കൊണ്ടുള്ള ഫേസ് പാക്കുകളും ഒരു മികച്ച ഓപ്ഷനാണ്.
ആൻ്റിഓക്‌സിഡൻ്റുകളും ഉന്മേഷവും നൽകുന്ന ഗ്രീൻ ടീ
ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയ ഗ്രീൻ ടീ ചർമ്മത്തിന് ഉന്മേഷവും പുത്തനുണർവും നൽകുന്നു. ഗ്രീൻ ടീ ബാഗുകൾ മുഖത്ത് ഉപയോഗിക്കുന്നത് തിളക്കമുള്ള ചർമ്മം നേടാനുള്ള ലളിതവും ഫലപ്രദവുമായ മാർഗമാണ്.ഈ പ്രകൃതിദത്ത ചേരുവകളെല്ലാം അരി കഴുകിയ വെള്ളവുമായി ചേർത്തുകൊണ്ട്, കഠിനമായ രാസവസ്തുക്കളോ വിലകൂടിയ ഉത്പന്നങ്ങളോ ഇല്ലാതെ തന്നെ ആകർഷകമായ കൊറിയൻ ഗ്ലാസ് സ്കിൻ ലുക്ക് സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും.




