ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണആരോഗ്യത്തോടെ കഴിയാം. കരളിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടിയുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍.
അമിതമായ മദ്യപാനമാണ് ഫാറ്റി ലിവര്‍ ഉണ്ടാക്കുന്നതിന് ഒരു കാരണം. എന്നാല്‍ മദ്യം കഴിയ്ക്കാത്ത ആളുകളിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. അമിതമായ കൊളസ്‌ട്രോള്‍, പ്രമേഹം, സ്ലീപ് അപ്നിയ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവ മൂലം ചിലരില്‍ ഫാറ്റി ലിവര്‍ ഉണ്ടാകാം.
ഫാറ്റി ലിവര്‍ രോഗം തിരിച്ചറിയാന്‍ കഴിയുന്ന പ്രധാന ലക്ഷണമാണ് വായ് നാറ്റം. സാധാരണയുള്ള വായ് നാറ്റത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഫാറ്റി ലിവര്‍ ഉള്ള ആളുകളിലെ വായ് നാറ്റം. ഫെറ്റോര്‍ ഹെപാറ്റിക്കസ്, അഥവാ ‘മരണപ്പെട്ടവരുടെ മണം’ എന്നാണ് ഈ മണം അറിയപ്പെടുന്നത്. സള്‍ഫറിന്റെയും പഴകിയ പൂപ്പലിന്റെയുമൊക്കെ പോലുള്ള ഈ മണം ദിവസം മുഴുവന്‍ മാറാതെ നില്‍ക്കുകയും ചെയ്യും.
ഡീമീഥൈല്‍ സള്‍ഫൈഡ് എന്ന രാസവസ്തുവാണ് ഫാറ്റി ലിവര്‍ രോഗികളില്‍ വായ്‌നാറ്റം ഉണ്ടാക്കുന്നത്. ഫാറ്റി ലിവര്‍ രോഗികളില്‍ കരളിന് രക്തത്തെ ശുദ്ധീകരിക്കാനോ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യാനോ സാധിക്കില്ല. ഇതു മൂലം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷവസ്തുക്കള്‍ ശ്വാസകോശമുള്‍പ്പെടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു നീങ്ങും. ഇതാണ് വായ്‌നാറ്റത്തിന് കാരണമാകുന്നത്.
എന്നാല്‍, വായ് നാറ്റം കൊണ്ടു മാത്രം കരള്‍ രോഗം ഉറപ്പിക്കാന്‍ സാധിക്കില്ല. വായ് നാറ്റത്തിനൊപ്പം ചര്‍മത്തിന് മഞ്ഞ നിറം, കാലിന് നീര്, വയര്‍ വീര്‍ക്കല്‍, എളുപ്പത്തില്‍ രക്തസ്രാവമുണ്ടാകല്‍, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായാല്‍ ഫാറ്റി ലിവര്‍ രോഗത്തിന്റേതാണ്.




