Lifestyle

ഇട്ടുനോക്കാതെ തന്നെ വസ്ത്രം നമുക്ക് ചേരുമോയെന്ന് അറിയാം ; ഡോപ്പ്ൾ ആപ്പുമായി ഗൂഗിൾ

എല്ലാവരേയും വളരെയധികം കുഴപ്പിയ്ക്കുന്ന ഒന്നാണ് ഡ്രസ് സെലക്ഷന്‍ എന്നത്. എന്നാല്‍ ഡ്രസ് സെലക്ഷനെ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ആപ്പുമായി എത്തിയിരിയ്ക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ഡോപ്പ്ള്‍ ആപ്പാണ്(Google’s Doppl app) ഇക്കാര്യത്തില്‍ വഴികാട്ടിയാകുന്നത്. ഉപയോക്താക്കളെ അവരുടെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ തങ്ങള്‍ക്ക് ഇണങ്ങുമോ എന്ന് വിലയിരുത്താന്‍ ഈ ആപ്പ് സഹായിക്കും.

വെര്‍ച്വല്‍ രീതിയില്‍ ഡ്രസ് ചേരുമോയെന്ന് നോക്കാന്‍ മുന്‍പും ഗൂഗിള്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതാണ്. എന്നാല്‍, ഇതുവരെ ശരീരഘടനയെ അനുസരിച്ചായിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പുതിയ ഗൂഗിള്‍ ഡോപ്പ്ള്‍ രീതി അതില്‍ നിന്ന് വ്യത്യസ്തമാണ്. ഇത് ഉപയോക്താക്കളെക്കുറിച്ചും അവരുടെ സ്‌റ്റൈലിനെക്കുറിച്ചും വിലയിരുത്തി ഡ്രസ് എങ്ങനെയുണ്ട് എന്ന് അറിയാന്‍ ഉപയോക്താവിനെ സഹായിക്കും. വസ്ത്രം ഇട്ടുനോക്കാതെ തന്നെ അത് ഒരാള്‍ ഇട്ടാല്‍ കാഴ്ചയില്‍ എങ്ങനെയുണ്ടാകും എന്ന് അതേപടി കാണിച്ചുനല്‍കാന്‍ ഈ ആപ്പിന് കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ആപ്പ് ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണ്. പരീക്ഷണാര്‍ഥത്തിലാണ് നിലവില്‍ ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ആദ്യം ഉപയോക്താക്കള്‍ അവരുടെ ഫുള്‍ ബോഡി ഫോട്ടോ ആപ്പിലേക്ക് അപ്ലോഡ് ചെയ്യണം. പിന്നെ, വസ്ത്രങ്ങളുടെ ചിത്രങ്ങളോ സ്‌ക്രീന്‍ഷോട്ടുകളോ ഉപയോഗിച്ച് അത് സ്വന്തം ശരീരത്തില്‍ എങ്ങനെ കാണുമെന്നതിന്റെ ദൃശ്യം സൃഷ്ടിക്കാനാകും. AI-യുടെയും ഇമേജ് പ്രോസസ്സിംഗിന്റെയും സമര്‍ത്ഥമായ ഉപയോഗത്തിലൂടെയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഒരു വസ്ത്രത്തിന്റെ ചിത്രം നല്‍കിയിട്ട് അത് ഇട്ടാല്‍ എങ്ങനെയുണ്ട് എന്ന് കാണിക്കാന്‍ മാത്രമല്ല, അതിനുമപ്പുറം, അതിന്റെ ചെറിയ വീഡിയോ രൂപം സൃഷ്ടിക്കാന്‍ പോലും ഈ ആപ്പിലെ എഐ ഫീച്ചറുകള്‍ക്ക് സാധിക്കും. നിലവില്‍ യുഎസിലെ ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്. ഗൂഗിള്‍ ഡോപ്പ്ള്‍ ആപ്പിലൂടെ സൃഷ്ടിക്കുന്ന ചിത്രങ്ങളും വീഡിയോയും സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനും സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റ് ചെയ്യാനും സാധിക്കും.