Good News

80 ഏക്കറില്‍ വിശാലമായ സൂര്യകാന്തിപ്പാടം; 50 ാം വിവാഹവാര്‍ഷികത്തില്‍ കര്‍ഷകന്‍ ഭാര്യയ്ക്ക് നല്‍കിയ സമ്മാനം

അരനൂറ്റാണ്ട് നീണ്ടു നിന്ന സന്തുഷ്ടമായ ഒരു ദാമ്പത്യത്തിന് ഇതിനേക്കാള്‍ മികച്ച ഒരു സമ്മാനം ആര്‍ക്കു നല്‍കാനാകും? കന്‍സാസിലെ കര്‍ഷകനായ ലീ വില്‍സണ്‍ ഭാര്യ റെനിക്ക് 50 ാം വിവാഹവാര്‍ഷികത്തില്‍ സമ്മാനിച്ചത് 80 ഏക്കറില്‍ നീണ്ടുകിടക്കുന്ന വിശാലമായ സൂര്യകാന്തിപ്പാടം.

കന്‍സാസിന്റെ സംസ്ഥാന പുഷ്പമായ സൂര്യകാന്തി ഭാര്യയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. തന്റെ ഭാര്യയ്ക്ക് ഒരിക്കലും മറക്കാനാകാത്ത സമ്മാനം നല്‍കാന്‍ 80 ഏക്കര്‍ കാര്‍ഷികവിളകള്‍ ത്യജിച്ച് സൂര്യകാന്തി നടുകയായിരുന്നു. അത് ഏകദേശം 1.2 ദശലക്ഷം സൂര്യകാന്തിപ്പൂക്കളായി പടര്‍ന്നുകയറി.

മെയ് മാസത്തില്‍ സൂര്യകാന്തിച്ചെടി നട്ടുപിടിപ്പിച്ചതിന് ശേഷം ലീ വില്‍സണ്‍ ഓഗസ്റ്റിലെ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം വരെ മൂന്ന് മാസത്തേക്ക് രഹസ്യമായി സൂക്ഷിച്ചു. പിന്നീട് ഭാര്യയെ ഇവിടെ എത്തിച്ചു. ലീ ഭാര്യയ്ക്ക് വേണ്ടി ഒരുക്കിയ അമൂല്യ സമ്മാനം നാട്ടുകാര്‍ക്കും പ്രിയങ്കരമായിരിക്കുകയാണ്.

ഹൈവേ 54-ന് പുറത്തുള്ള പ്രാറ്റ് പട്ടണത്തിന് സമീപം സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മഞ്ഞനിറത്തിലുള്ള പൂപ്പാടം ആസ്വദിക്കാനും ചിത്രങ്ങള്‍ എടുക്കുന്നതിനും കാഴ്ചയുടെ സൗന്ദര്യം നുകരുന്നതിനുമായി കിലോമീറ്ററുകള്‍ അകലെ നിന്നു പോലും ആളുകള്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്.