Lifestyle

ഇത് വിരലിട്ട ചായയല്ല, കൈയിട്ട ചായ! യുവതിയുടെ വീഡിയോയ്ക്ക് 42 മില്യണ്‍ വ്യൂസ്

ചായ കൊണ്ടുവരുമ്പോള്‍ കൈവരലെങ്ങാനും ചായക്കപ്പിന്റേയോ ഗ്ലാസിന്റേയോ ഉള്ളിലാണെങ്കില്‍ ഈ വിരലിട്ട ചായ എനിക്ക് വേണ്ടാ…എന്ന് ഉറപ്പായും നമ്മള്‍ മലയാളികള്‍ പറയും. സിനിമകളില്‍ ഹാസ്യരംഗങ്ങളെ പൊലിപ്പിക്കാന്‍ ഇത്തരം സീനുകള്‍ ചേര്‍ക്കാറുണ്ട്. എന്നാലിവിടെ വിരലിട്ട ചായയല്ല, കൈയിട്ട ചായയുണ്ടാക്കുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ ചായവീഡിയോ നേടിയത് 43മില്യണ്‍ വ്യൂസ് ആണ്.

ഇവിടെ ഓര്‍ക്കേണ്ട മറ്റൊരുകാര്യം കൂടിയുണ്ട്. അത് നമ്മള്‍ എപ്പോഴും രുചിയുടെ നിലവാരമായി പറയാറുള്ള ‘നിന്റെ കൈകൊണ്ടുണ്ടാക്കിയ’ എന്ന പ്രയോഗമാണ്. പല മടിയന്‍മാരും, അത് സഹോദരനാവട്ടെ, സുഹൃത്താവട്ടെ, ഭര്‍ത്താവാവട്ടെ…നിന്റെ കൈകൊണ്ടുണ്ടാക്കിയ ചായയാണ് എനിക്കേറെയിഷ്ടം എന്നു പറയാറുണ്ട്. അതൊരു പുകഴ്ത്തല്‍ തന്ത്രമാണ്. ആ വ്യക്തിക്ക് ചായ ഉണ്ടാക്കാനും പറ്റില്ല, എന്നാല്‍ ചായ കുടിക്കുകയും വേണം. ഈ യുവതിയുടെ ചായ തയ്യാറാക്കലിനു പുറകില്‍ ഇതാണോ കാര്യം എന്ന് അവരുടെ മുഖഭാവം കാണുമ്പോള്‍ ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

കൈ കൊണ്ടുണ്ടാക്കിയ ചായയല്ലേ വേണ്ടത് , അപ്പോള്‍ പിന്നെ ചായപ്പാത്രത്തില്‍ ആദ്യം വയ്ക്കേണ്ടത് കൈ തന്നെ, പിന്നാലെ വെള്ളം, പാല്‍, ചായപ്പൊടി, പഞ്ചസാര അങ്ങനെ റെസിപ്പിയെല്ലാം മുറപോലെ. നിരാശയും ദേഷ്യവും കലര്‍ന്ന മുഖഭാവത്തോടെയാണ് ഈ യുവതി ചായയുണ്ടാക്കുന്ന വിഡിയോ എടുത്തിരിക്കുന്നത്. ഈ ചായ ആരെങ്കിലും കുടിച്ചോ എന്നറിയില്ല. തീര്‍ത്തും ഹാന്‍ഡ് മെയ്ഡ് ടീ തന്നെയെന്നാണ് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നത്. എന്നാലിങ്ങനെ ചായ നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ചില ചായപ്രേമികളുമെത്തി.