ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഉദ്യോഗസ്ഥന് അലി ഹസനുമായി നടത്തിയ വാട്സ്ആപ് ചാറ്റുകൾ പുറത്ത്. പാകിസ്താനെ പ്രശംസിച്ചതിനൊപ്പം അവിടെനിന്ന് വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അലി ഹസന് അയച്ച സന്ദേശത്തില്‍ ജ്യോതി പറയുന്നു. ഇരുവരും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിനുള്ള തെളിവുകളും എന്‍.ഐ.എക്കു ലഭിച്ചു. പാക് ഹൈക്കമീഷന് ഉദ്യോഗസ്ഥനായ ഡാനിഷിനെ വിവാഹം കഴിച്ചെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ചാറ്റുകൾ പുറത്തുവന്നത്.
ജോ(ജ്യോതി), നീ എപ്പോഴും സന്തോഷവതി ആയിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നീ പുഞ്ചിരിച്ചു കൊണ്ടിരിക്കട്ടെ, ജീവിതത്തില്‍ ഒരിക്കലും നിരാശകള്‍ നേരിടേണ്ടി വരില്ല”- ജ്യോതിക്ക് അലി ഹസന് ഹിന്ദിയില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. കോഡ് ഭാഷ ഉപയോഗിച്ചും ഇരുവരും വാട്ട്സ്ആപ്പില്‍ ചാറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ഇത്തരത്തിലാണു കൈമാറിയിരുന്നതെന്നാണു വിവരം.
ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയ വിവരവും ജ്യോതി നൽകിയിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെകുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതായി അന്വേഷണസംഘം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് സന്ദര്‍ശിക്കാൻ ജ്യോതി പദ്ധതിയിട്ടതിന്റെ രേഖകൾ കണ്ടെത്തി. വിസക്ക് വേണ്ടിയുള്ള അപേക്ഷകളാണ് അന്വേഷണസംഘത്തിന് കിട്ടിയത്.
അന്വേഷണത്തിനിടെ ജ്യോതിയുടെ നാല് ബാങ്ക് അക്കൗണ്ടുകള്‍ എന്‍.ഐ.എ. കണ്ടെത്തി. ഇതില്‍ ഒരു ബാങ്ക് അക്കൗണ്ടിലേക്കു ദുബായിയില്‍നിന്നുള്ള പണമിടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. എവിടെനിന്നൊക്കെ ജ്യോതിക്കു പണം ലഭിച്ചെന്നുള്ള വിവരങ്ങളാണ് എന്‍.ഐ.എ. ഇപ്പോള്‍ അന്വേഷിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ജ്യോതി രണ്ടു തവണ പാകിസ്താന് സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ പാക് ഹൈമ്മിഷനിലെ ഉദ്യോഗസ്ഥനായ റഹീമുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നു. ഇയാളാണു ജ്യോതിയെ പാക് ചാരസംഘടനയിലെ ഉദ്യോഗസ്ഥര്‍ക്കു പരിചയപ്പെടുത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ ഉള്‍പ്പെടെ ജ്യോതി പാക് ചാരന്മാരുമായി പങ്കുവച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയായ ജ്യോതി മല്‍ഹോത്രയെ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന് സിന്ദൂര്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ജ്യോതി ഡാനിഷുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡാനിഷുമായി നടത്തിയ ചാറ്റുകള്‍ ജ്യോതി ഡിലീറ്റ് ചെയ്തിട്ടുണ്ട്.
33കാരിയായ ജ്യോതി ഹിസാര്‍ സ്വദേശിനിയാണ്. ഇവരുടെ ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന് നാല് ലക്ഷത്തോളം വരിക്കാരുണ്ട്. അവരുടെ യൂട്യൂബ് ചാനലിലുള്ള 450ലധികം വിഡിയോകളില്‍ ചിലത് പാക് സന്ദര്‍ശനം സംബന്ധിച്ചാണ്.