Oddly News

നാലുകാലിൽ നടക്കുന്ന മനുഷ്യൻ ! ‘റിയല്‍ ടാര്‍സനാ’യി സമൂഹമാധ്യമ താരം; ലോകംമുഴുവന്‍ ആരാധകർ

കാട്ടില്‍ അകപ്പെടുന്ന മനുഷ്യന്‍ പിന്നീട് അവിടുത്തെ മൃഗങ്ങളെ പോലെ പെരുമാറുകയും അവരുടെ സുഹൃത്താകുകയും ചെയ്ത കഥയാണ് ടാര്‍സന്‍. ഈ കഥ പോലെ തന്നെയുള്ള ഒരു ജീവിതം നയിക്കുന്ന ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാകുന്നത്. വിക്ടര്‍ മാനുവല്‍ എസ്‌കോബാര്‍ എന്നാണ് ഈ യുവാവിന്റെ പേര്. ടാര്‍സന്‍ മൂവ്‌മെന്റ് എന്നൊരു ജീവിതരീതിയാണ് വിക്ടര്‍ നയിക്കുന്നത്.

പത്തുലക്ഷത്തോളം പേര്‍ പിന്തുടരുന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിക്ടര്‍ തന്റെ ജീവിതം പുറംലോകത്തെ അറിയിക്കുന്നു. ആള്‍ക്കുരങ്ങുകളും പരിണാമവഴിയില്‍ നമ്മുടെ ബന്ധുക്കളുമായ ചിംപാന്‍സികളെയും ഗൊറില്ലകളെയും അനുകരിക്കുന്ന ശൈലിയാണു ടാര്‍സന്‍ മൂവ്മെന്റ്. നാലുകാലിലും നടക്കുക, മരത്തില്‍ കയറുക, ചിംപാന്‍സികളുടെയും ഗൊറില്ലകളുടെയും സംസാരവും ചലനവുമൊക്കെ അനുകരിക്കുക തുടങ്ങിയവയൊക്കെയാണ് ഈ രീതിയുടെ പ്രത്യേകതകള്‍. ക്യൂബയിലാണ് എസ്‌കോബാര്‍ ജനിച്ചുവളര്‍ന്നത്. അക്കാലത്ത് കുടുംബവീട്ടിലേക്കു പോകുമ്പോള്‍ തൊട്ടടുത്തുള്ള കാട്ടില്‍ മാനുവല്‍ പോയി സമയം ചെലവിടുമായിരുന്നു.

ക്യൂബയില്‍ നിന്നു പില്‍ക്കാലത്ത് എസ്‌കോബാര്‍ യൂറോപ്പിലേക്കു പോയി. അവിടെ കഷ്ടതകളും ദുരിതങ്ങളും അനുഭവിച്ചു. പിന്നീട് യൂറോപ്പിലെ കാടുകളിലും അദ്ദേഹം ഇപ്രകാരം ജീവിച്ചിരുന്നു. താനൊരു റിബലാണെന്ന് 35 വയസ്സുകാരനായ അദ്ദേഹം പറയുന്നു. മനുഷ്യരെ തിരക്കിന്റെ ചങ്ങലയില്‍ അകപ്പെടുത്തുന്നതാണ് ഇന്നത്തെകാലത്തെ സമൂഹമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആധുനിക ജീവിതം പ്രകൃതിയില്‍ നിന്ന് നമ്മളെ അകറ്റിയെന്നും ഇതാണ് ഇന്നത്തെ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്കൊരു പ്രധാനകാരണമെന്നും എസ്‌കോബാര്‍ പറയുന്നു.

ഇന്ന് രാജ്യാന്തര തലത്തില്‍ പ്രശസ്തനാണ് എസ്‌കോബാര്‍. ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കിടെ എസ്‌കോബാര്‍ വിഡിയോ അപ്ലോഡ് ചെയ്യും. ടാര്‍സനെപ്പോലെ ജീവിക്കൂ എന്നാണ് തന്റെ അനുയായികളോട് മാനുവല്‍ ആഹ്വാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അനുയായികള്‍ ഇന്ന് യുഎസ് മുതല്‍ ഫിന്‍ലന്‍ഡ് വരെ വിവിധ രാജ്യങ്ങളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *