Oddly News

അരനൂറ്റാണ്ട്‌ മുമ്പ്‌ റഷ്യ ശുക്രനിലേക്കു അയച്ച കോസ്‌മോസ്‌ 482 ഒടുവില്‍ ഭൂമിയില്‍ പതിച്ചു

അരനൂറ്റാണ്ട്‌ മുമ്പ്‌ സോവിയറ്റ്‌ യൂണിയന്‍ ശുക്രനിലേക്ക്‌ അയച്ച കോസ്‌മോസ്‌ 482 പേടകം ഒടുവില്‍ ഭൂമിയില്‍ പതിച്ചു. പസഫിക്‌ സമുദ്രത്തിലാണു പേടകത്തിന്റെ ഭാഗമായ ലാന്‍ഡര്‍ പതിച്ചതെന്നാണു സൂചന. പേടകത്തിനായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്‌.

1972 ലാണു കോസ്‌മോസ്‌ 482 നെ ശുക്രനിലേക്ക്‌ അയച്ചത്‌. എന്നാല്‍, ഭൂമിയുടെ ഭ്രമണപഥം വിടുന്നതിനു മുമ്പ്‌ തന്നെ റോക്കറ്റ്‌ തകരാറിലായി. തുടര്‍ന്ന്‌ പേടകം പൊട്ടിത്തെറിച്ചു. പേടകത്തിന്റെ വലിയ ഭാഗം ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിച്ചു. പക്ഷേ, ശുക്രനില്‍ ഇറങ്ങാന്‍ രൂപകല്‍പന ചെയ്‌ത ലാന്‍ഡര്‍ അവശേഷിച്ചു. അത്‌ കഴിഞ്ഞ 53 വര്‍ഷമായി ഭൂമിയെ ചുറ്റുകയായിരുന്നു. ഒടുവില്‍ ഭൂമിയുടെ ആകര്‍ഷണത്തില്‍ കുടുങ്ങിയാണു പതനമുണ്ടായത്‌.

സോവിയറ്റ്‌ യൂണിയനെന്ന രാജ്യം പിന്നീട്‌ ഇല്ലാതായി. റോസ്‌കോസ്‌മോസ്‌ എന്ന ബഹിരാകാശ ഏജന്‍സി റഷ്യയുടെ ചുമതലയിലായി. എങ്കിലും പേടകാവശിഷ്‌ടങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ക്കുമായില്ല. ശുക്രനിലെ കൊടുംചൂടും വലിയ അന്തരീക്ഷമര്‍ദവും മറികടന്ന്‌ ഇറങ്ങാന്‍ രൂപകല്‍പന ചെയ്‌തതായിരുന്നു കോസ്‌മോസ്‌ 482 ലാന്‍ഡര്‍. അത്‌ തകരാതെ ഭൂമിയില്‍ പതിക്കുമെന്ന ഭീഷണി ഉണ്ടായിരുന്നു. 495 കിലോഗ്രാം ഭാരമുള്ള ലാന്‍ഡര്‍ അതിവേഗത്തില്‍ നഗരങ്ങളില്‍ വീണാല്‍ വലിയ അപകടമായി മാറുമായിരുന്നു. ആ ഭീഷണിയാണ്‌ ഒഴിഞ്ഞത്‌.

യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടെ ജര്‍മ്മന്‍ റഡാര്‍ സ്‌റ്റേഷനിലാണ്‌ ലാന്‍ഡറിന്റെ അവസാന ദൃശ്യം പതിഞ്ഞത്‌. പിന്നീട്‌ അപ്രത്യക്ഷമായി.
ഇന്നലെ ഉച്ചകഴിഞ്ഞാണു ലാന്‍ഡര്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതെന്നു യു.എസ്‌. സ്‌പേസ്‌ കമാന്‍ഡ്‌ സ്‌ഥിരീകരിച്ചു. അതു കണ്ടെത്താനുള്ള ശ്രമം തുടരുമെന്നു വിവിധ ബഹിരാകാശ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്‌.

നേരത്തെ നാസയുടെ സ്‌കൈലാബും ചൈനയുടെ ടിയാങ്‌ഗോങ്‌ ബഹിരാകാശ നിലയവും ഭൂമിയില്‍ പതിച്ചിരുന്നു. ഇരു നിലയങ്ങളും നേരിയ നാശനഷ്‌ടങ്ങള്‍ക്കു കാരണമാകുകയും ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *