ദശലക്ഷക്കണക്കിന് പുരുഷന്മാർ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ച് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ലണ്ടന്‍ മുന്നറിയിപ്പ് നൽകി. ‘ഫിനസ്റ്റെറൈഡ്’ എന്ന ഈ മരുന്ന് ജനനേന്ദ്രിയത്തിന് ‘ഗുരുതരമായ അപകടസാധ്യത’ ഉണ്ടാക്കുന്നുവെന്നാണ് മുന്നറിയിപ്പ്.
മരുന്ന് കഴിച്ച പല പുരുഷന്മാരും ഞെട്ടിക്കുന്ന വിവരങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. മരുന്ന് ലിംഗം ചുരുങ്ങാനോ വളയാനോ ഇടയാക്കി. വൃഷണങ്ങളിൽ നീറ്റലും അനുഭവപ്പെട്ടു. ഇതേതുടർന്ന് കടുത്ത മാനസികാഘാതവും ഉണ്ടാക്കിയെന്നും ഇവർ പറയുന്നു. മകൻ ആത്മഹത്യ ചെയ്യാൻ കാരണം ഈ മരുന്നാണെന്ന് ഒരു അമ്മ വെളിപ്പെടുത്തിയ സംഭവം പോലും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുടി കൊഴിച്ചിലിനുള്ള ചികിത്സ നൽകുന്ന ടെലിഹെൽത്ത് സ്റ്റാർട്ടപ്പായ കീപ്‌സ് വഴിയാണ് ഫിനസ്റ്റെറൈഡ് അടങ്ങിയ മരുന്നുള്ള ജെൽ 28 വയസ്സുകാരനായ സോയർ ഹാർട്ടിന് ലഭിച്ചത്. നിർദ്ദേശം അനുസരിച്ച്, ദിവസവും ജെൽ തലയിൽ പുരട്ടാൻ തുടങ്ങി. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ‘‘എനിക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടായി, അത് വളരെ പ്രകടമായിരുന്നു. പഴയ കാമുകിയെ കാണാൻ പോയപ്പോഴാണ് അതൊരു വലിയ പ്രശ്നമാണെന്ന് മനസ്സിലായത്. ഇതോടെ അത് നിർത്തി ’’ – സോയർ ഹാർട്ട് പറഞ്ഞു.
മരുന്നിന്റെ പാർശ്വഫലമായി സോയർ ഹാർട്ടിന് വൃഷണങ്ങളിൽ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. മരുന്ന് നിർത്തിയ ശേഷം ജനനേന്ദ്രിയത്തിനുണ്ടായ പ്രശ്നങ്ങൾക്ക് പുറമെ അമിതമായ ഉത്കണ്ഠ വേട്ടയാടി. മറ്റ് ആളുകളുടെ അടുത്ത് പോലും പോകാൻ ബുദ്ധിമുട്ടായി, പലപ്പോഴും കണ്ണിൽ നോക്കാൻ പോലും കഴിഞ്ഞില്ലെന്നും സോയർ വെളിപ്പെടുത്തി. അതേസമയം മാർക്ക് മിലിച്ച് ഫിനസ്റ്റെറൈഡ് കഴിച്ചതിന് ശേഷം തന്റെ ജനനേന്ദ്രിയം ചുരുങ്ങിയെന്നും ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടെന്നും വെളിപ്പെടുത്തി. ഫിനസ്റ്റെറൈഡ് നിർത്തിയതിന് ശേഷം ഉദ്ധാരണം സാധാരണ നിലയിലേക്ക് വരാൻ മാസങ്ങളെടുത്തു.
2011 ൽ, നിരവധി ഉപയോക്താക്കൾ ഈ പ്രശ്നം അറിയിച്ചതിനെ തുടർന്ന്, ഫിനസ്റ്റെറൈഡിന്റെ പാർശ്വഫലങ്ങളുടെ പട്ടികയിൽ വിഷാദ രോഗത്തെ എഫ്ഡിഎ ഉൾപ്പെടുത്തി. മുന്നറിയിപ്പ് ലേബലിൽ ലൈംഗികശേഷിയില്ലായ്മ, സ്തനവളർച്ച, സ്തനങ്ങളിൽ വേദന, ചർമ്മത്തിൽ തിണർപ്പ് എന്നിവ ഉൾപ്പെടെ കുറഞ്ഞത് ഏഴ് പാർശ്വഫല സാധ്യതയുള്ളതായി പറയുന്നു. പുരുഷന്മാരിൽ സ്തനാർബുദവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ശരീരത്തിലെ ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണി (DHT) ന്റെ അളവ് കുറയുന്നതിന്റെ ഫലമായി ഇത് സംഭവിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തുടക്കത്തിൽ ഗുളിക രൂപത്തിൽ വിപണനം ചെയ്യപ്പെട്ടിരുന്ന ഈ മരുന്ന്, 2020 കളോടെ ലേപന രൂപത്തിലും ജെൽ രൂപത്തിലും പ്രചാരം നേടി. എന്നിരുന്നാലും, എഫ്ഡിഎ ഇതിന് അംഗീകാരം നൽകിയിട്ടില്ല. ഹിംസ്, കീപ്‌സ് തുടങ്ങിയ ടെലിഹെൽത്ത് കമ്പനികൾ ഈ മരുന്ന് ഓൺലൈനിൽ 30 ദിവസത്തെ ഉപയോഗത്തിന് ഏകദേശം $25 മുതൽ $90 വരെ വിലയ്ക്ക് വിൽക്കുന്നു. ഗുളിക, ലേപനം എന്നീ രണ്ട് രൂപങ്ങൾക്കും സമാനമായ വിലയാണ് ഈടാക്കുന്നത്.
ഈ മരുന്ന് ഫിനസ്റ്റെറൈഡ് ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോൺ (ഡിഎച്ച്‌ടി) ഉൽപാദനം തടയും. ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണാണ്. എന്നാൽ ഏകദേശം രണ്ട് മുതൽ മൂന്ന് ശതമാനം വരെ രോഗികൾക്ക് ഉദ്ധാരണക്കുറവ്, ലൈംഗികാസക്തി കുറയൽ, ബീജം കുറയൽ തുടങ്ങിയ ലൈംഗിക പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി ഡോക്ടർമാരും വെളിപ്പെടുത്തിയിട്ടുണ്ട്.