കൊല്‍ക്കത്ത: നഗരത്തെ ഞെട്ടിച്ചുകൊണ്ടു ഒരു വീട്ടില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ടു സ്ത്രീകളെയും അവരില്‍ ഒരാളുടെ മകളെയും ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നാലെ മരണമടഞ്ഞ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും അവരില്‍ ഒരാളുടെ മകനും ഉള്‍പ്പെടെ മൂന്ന് പേരെ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസിലെ ക്രോസിംഗിന് സമീപം പുലര്‍ച്ചെ 4 മണിയോടെ രണ്ട് പുരുഷന്മാരെയും ആണ്‍കുട്ടിയെയും അപകടത്തില്‍പെട്ടതായി കണ്ടെത്തുകയായിരുന്നു. അതിന് ശേഷമാണ് സ്ത്രീകളുടെ മരണവിവരം പുറത്തുവന്നത്. അപകടത്തില്‍ മൂന്നുപേര്‍ക്കും പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. തങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് ഇവര്‍ പോലീസിന് നല്‍കിയ വിവരം. ബോധപൂര്‍വ്വം കാര്‍ മെട്രോയുടെ തൂണില്‍ ഇടിപ്പിച്ചതാണെന്നും ഒരാള്‍ പോലീസിനോട് പറഞ്ഞു. സ്ത്രീകള്‍ ഇതിനോടകം ആത്മഹത്യ ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു.
വീട്ടില്‍ കൈത്തണ്ട മുറിഞ്ഞ നിലയിലാണ് സ്ത്രീകളെ കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മറ്റ് പരിക്കുകളുമുണ്ട്. ഇരുവരുടെയും കഴുത്തില്‍ വെട്ടേറ്റതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമായിരുന്നു മരണകാരണം. 14 വയസ്സുള്ള പെണ്‍കുട്ടിയുടെ നെഞ്ചിലും കാലുകളിലും ചുണ്ടുകളിലും തലയിലും ചതവുണ്ട്. അവളും വിഷം കഴിച്ചിരുന്നു. പോലീസ് പിന്നീട് തന്‍ഗ്രയിലെ വീട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ഫോറന്‍സിക് തെളിവുകളും മറ്റ് തെളിവുകളും ശേഖരിക്കുകയും ചെയ്തു.
മൂന്ന് മൃതദേഹങ്ങളും വ്യത്യസ്ത മുറികളിലായാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സഹോദരങ്ങളായ പ്രണോയിയും പ്രസൂണ്‍ ഡേയും ഭാര്യമാരായ സുദേഷ്നയ്ക്കും റോമി ഡെയ്ക്കുമൊപ്പം താഗ്രയിലെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രണോയിടേയും സുദേഷ്ണയുടേയും മകനാണ് പ്രതീക്. പ്രസൂണിനും പ്രിയംബദയുടേയുമായിരുന്നു മരണപ്പെട്ട പെണ്‍കുട്ടി. തുകല്‍ വ്യവസായം നടത്തിയിരുന്ന കുടുംബം സാമ്പത്തിക ബുദ്ധിമുട്ടില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. ഇത് കൊലപാതകം നടത്തിയ ശേഷം നടന്ന ആത്മഹത്യാശ്രമം ആയിരിക്കുമെന്നാണ് പോലീസ് പറയുന്നത്.