ന്യൂഡൽഹി: വിമാനത്തിലെ ബിസിനസ് ക്ലാസ്സിൽ ഇരുന്ന് ഒരു ഡാൽമേഷ്യൻ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ കൗതുകമുണർത്തുന്നത്. ഒരു നായ ഇത്തരത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതാണ് പലരെയും അത്ഭുതപെടുത്തിയത് .
സ്‌പോട്ടി എന്നാണ് നായയുടെ പേര്. നായുടെ വീഡിയോ ഇതിനോടകം വൈറലായികഴിഞ്ഞു. വീഡിയോയുടെ തുടക്കത്തിൽ യാത്രക്കാരനെപ്പോലെ നായ ഫ്ലൈറ്റ് ലോഞ്ചിങ്ങിനായി കാത്തുനിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് അധികം വൈകാതെ വിമാനത്തിൽ കയറി യാത്രക്കാരനെപോലെ ഒരു കുഴപ്പവും വരുത്താതെ സീറ്റിൽ ഇരുന്നു. തുടർന്ന് അവൾ ടിവി കാണുന്നതും ശാന്തമായി ഉറങ്ങുന്നതുമാണ് കാണുന്നത്.
സ്‌പോട്ടിയുടെ ഉടമ തന്നെയാണ് അവളുടെ രസകരമായ ഈ വീഡിയോ ഓൺലൈനിൽ പങ്കിട്ടത്. സിംഗപ്പൂരിൽ നിന്ന് ടോക്കിയോയിലേക്കായിരുന്നു യാത്ര. അഞ്ചര മണിക്കൂറോളമാണ് നായ യാത്ര ചെയ്തത്. വിമാനയാത്രയിലുടനീളം അവൾ വളരെ നന്നായി പെരുമാറിയതിൽ പലരും അത്ഭുതപ്പെട്ടു. ചിലർക്ക് പ്രായോഗിക ആശങ്കകളുണ്ടായിരുന്നു – ബാത്ത്റൂം ബ്രേക്ക് ഇല്ലാതെ അവൾ എങ്ങനെ ഇത്രയും സമയം കഴിച്ചുകൂട്ടി? ഒരു ഉപയോക്താവ് ആശ്ചര്യപ്പെട്ടു.
സ്പോട്ടിയുടെ ഉടമ മറുപടി പറഞ്ഞു, “രാവിലെ 8 മണിക്കുള്ള വിമാനത്തിൽ സിംഗപ്പൂരിൽ നിന്ന് ടോക്കിയോയിലേക്ക് 5.5 മണിക്കൂർ യാത്രയായിരുന്നു. പ്രഭാതഭക്ഷണമോ ലാൻഡിംഗിന് ഒരു മണിക്കൂർ മുമ്പ് വരെ വെള്ളമോ കൊടുത്തില്ല, അവൾ വളരെ നന്നായി പരിശീലനം നേടിയിട്ടുണ്ട്, ഞങ്ങൾ ലാൻഡ് ചെയ്ത ഉടൻ തന്നെ സാധാരണ പോലെ ഭക്ഷണം കഴിച്ചു. ഒരു കരുതലിനായി ചില പീ പാഡുകൾ ഉണ്ടായിരുന്നു, എന്തെങ്കിലും സംഭവിച്ചാൽ ഉ%മയാഗിക്കാന്‍’.
ഏതായാലും ഇത്ര സ്മാർട് ആയിട്ടുള്ള നായയെ കണ്ടതിന്റെ ആശ്ചര്യത്തിലാണ് നെറ്റിസൺസ്.